city-gold-ad-for-blogger
Aster MIMS 10/10/2023

ഉദ്ഘാടനത്തിനു മുമ്പ് തന്നെ കെ എസ് ടി പി റോഡ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞു; 133 കോടി രൂപ ചിലവില്‍ നിര്‍മിച്ച റോഡിന് ഒട്ടും ഗ്യാരണ്ടിയില്ലേയെന്ന് നാട്ടുകാര്‍

സുബൈര്‍ പള്ളിക്കാല്‍

കാസര്‍കോട്: (www.kasargodvartha.com 12.10.2018)
 ഉദ്ഘാടനത്തിനു മുമ്പ് തന്നെ കെ എസ് ടി പി റോഡ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ് ജംഗ്ഷന്‍ മുതല്‍ മേല്‍പറമ്പ് വരെയുള്ള പലയിടത്തും റോഡ് പൊട്ടിപ്പൊളിയാന്‍ തുടങ്ങിയിരിക്കുന്നത്. ചന്ദ്രഗിരിപ്പാലത്തില്‍ പൊളിഞ്ഞ റോഡില്‍ സിമന്റിട്ട് അടക്കാന്‍ ശ്രമിച്ചെങ്കിലും അതും അടര്‍ന്നു പോയി കുഴി രൂപപ്പെട്ടിരിക്കുകയാണ്.

ടാറുകള്‍ ഇളകിപ്പോയി കല്ലുകള്‍ പുറത്തേക്ക് വരുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കാഞ്ഞങ്ങാട് ടൗണില്‍ മാത്രമാണ് ഇനി നിര്‍മാണ പ്രവര്‍ത്തനം ഭാഗികമായി മാത്രം ബാക്കിയുള്ളത്. 2013 ജൂണ്‍ ഒന്നിനാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി റോഡ് നിര്‍മാണം ഉദ്ഘാടനം ചെയ്തത്. ഒരു വര്‍ഷത്തിലേറെ കാസര്‍കോട്- മേല്‍പറമ്പ് റോഡ് നിര്‍മാണം നീണ്ടുപോയിരുന്നു. ആദ്യ ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയായി മൂന്നു വര്‍ഷം കഴിയുമ്പോഴാണ് കെ എസ് ടി പി റോഡ് പൊട്ടിത്തകരാന്‍ തുടങ്ങിയിരിക്കുന്നത്. 133 കോടി രൂപ ചിലവില്‍ നിര്‍മിച്ച റോഡിന് ഒട്ടും ഗ്യാരണ്ടിയില്ലേയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

നാലുവരിപ്പാതയായാണ് വീതി കൂട്ടി നിര്‍മിക്കുന്നതെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും പണി നടന്നുവന്നപ്പോള്‍ പിന്നീട് അധികൃതര്‍ നാലു വരിയല്ല രണ്ടു വരിപ്പാത മാത്രമാണ് നിര്‍മിക്കുന്നതെന്ന് വിശദീകരിച്ചു. ആവശ്യത്തിന് സ്ഥലമുണ്ടായിട്ടു പോലും റോഡ് നാലു വരിയാക്കാന്‍ കഴിയാത്തതു മൂലം ഇപ്പോള്‍ തന്നെ ഈ റോഡില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനിടയിലാണ് റോഡ് പൊട്ടിപ്പൊളിയാനും തുടങ്ങിയിരിക്കുന്നത്. വലിയ ചരക്ക്- ടാങ്കര്‍ ലോറികളടക്കം കടന്നു പോകാന്‍ തുടങ്ങിയതോടെയാണ് റോഡിന്റെ തകര്‍ച്ച തുടങ്ങിയതെന്നും നാട്ടുകാര്‍ പറയുന്നു.

റോഡു നീളെ സോളാര്‍ സ്ട്രീറ്റ് ലൈറ്റ് നിര്‍മിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പ്രധാന കേന്ദ്രങ്ങളില്‍ മാത്രമാണ് സോളാര്‍ ലൈറ്റ് സ്ഥാപിച്ചിട്ടുള്ളത്. റോഡ് നിര്‍മാണോദ്ഘാടനവുമായി ബന്ധപ്പെട്ട് കാസര്‍കോട് പ്രസ് ക്ലബില്‍ കെ എസ് ടി പി അധികൃതരും ജനപ്രതിനിധികളും വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം അധികൃതര്‍ പിന്നോക്കം പോയിരിക്കുകയാണ്. അന്ന് പറഞ്ഞ കാര്യങ്ങള്‍ ഇവയാണ്.

-കാസര്‍കോട് പഴയ പ്രസ്‌ക്ലബ്ബ് ജംഗ്ഷന്‍ മുതല്‍ ചന്ദ്രഗിരി വഴി കാഞ്ഞങ്ങാട് സൗത്ത് നാഷണല്‍ ഹൈവേ (കെ.എം86/600) ജംഗ്ഷന്‍ വരെ 27.75 കിലോ മീറ്ററുള്ള റോഡിന്റെ വീതി വര്‍ധിപ്പിക്കും.

-133 കോടി രൂപ ചെലവിട്ടാണ് പുനരുദ്ധാരണ പ്രവര്‍ത്തി നടപ്പിലാക്കുന്നത്. ഇതിനായി 13 വില്ലേജുകളില്‍ പെട്ട മൂന്ന് ഹെക്ടര്‍ സ്ഥലം പൊന്നും വിലയ്ക്ക് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.

-ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി റോഡ് ജ്യാമ്യതികള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് റോഡിന്റെ രൂപകല്‍പന തയാറാക്കിയിരിക്കുന്നത്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് കള്‍സള്‍ട്ടന്‍സി രംഗത്തെ പ്രമുഖരായ വില്‍ബ്ബര്‍ സ്മിത്ത് അസോസിയേറ്റ്സിന്റെ നേതൃത്വത്തിലാണ് രൂപകല്‍പന തയാറാക്കിയത്.

-അശാസ്ത്രീയമായ വളവുകളും, ഉയര്‍ച്ചയും താഴ്ചയും മാനദണ്ഡങ്ങള്‍ക്കനുസൃതമായി പുതുക്കി നിര്‍മിക്കും. നിലവിലുള്ള വീതി കുറഞ്ഞ ഭാഗങ്ങള്‍ വീതി കൂട്ടി ഏഴ് മീറ്റര്‍ വീതിയില്‍ ക്യാരേജ് വേയും ഒന്നരമീറ്റര്‍ വീതിയില്‍ ഇരുവശത്തും ബിറ്റമിനസ് ഷോള്‍ഡറും നിര്‍മിക്കും. പ്രധാന ടൗണുകളില്‍ കോണ്‍ഗ്രീറ്റ് ഓടയും രണ്ടര മീറ്റര്‍ വീതിയില്‍ കൈവരിയോട് കൂടിയ നടപ്പാതയും ഉണ്ടായിരിക്കും.

-ചളിയങ്കോട് ഭാഗത്തെ അപകടകരമായ താഴ്ച ഒഴിവാക്കുന്നതിനായി ഉയര്‍ന്ന ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് 150 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് പാലം(വയഡക്ട്) നിര്‍മിക്കും. ഇവിടെ സ്ഥിരമായി മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെടുന്ന ഭാഗത്ത് ഗ്യാബിയോണ്‍ ഭിത്തി നിര്‍മിച്ച് വശങ്ങള്‍ സംരക്ഷിക്കും.

-നിലവിലുള്ള 50 ഓളം കള്‍വര്‍ട്ടുകള്‍ പുനര്‍നിര്‍മിച്ച് ഡ്രെയിനേജ് സൗകര്യം മെച്ചപ്പെടുത്തും. മറ്റ് വാഹനങ്ങള്‍ക്ക് തടസമില്ലാതെ സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്തിയിടുന്നതിനായി കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെ 22 ഇടങ്ങളില്‍ ഇരുഭാഗത്തും ബസ് സ്റ്റോപ്പ് നിര്‍മിക്കും.

-സുഗമവും അപകട രഹിതവുമായ വാഹന ഗതാഗതം ലക്ഷ്യമിട്ട് ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി സൈന്‍ ബോര്‍ഡുകളും റോഡ് മാര്‍ക്കിംഗും ഉണ്ടായിരിക്കും. രാത്രി ഗതാഗതം സുരക്ഷിതമാക്കാന്‍ റിഫ്ളക്റ്ററുകളും ക്യാറ്റ് ഐകളും സ്ഥാപിക്കും.

-ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഏറ്റവും നല്ല ആധുനിക മെഷീനുകള്‍ നിഷ്‌കര്‍ശിച്ചിട്ടുണ്ട്. ബിറ്റുമിനസ് മെക്കാഡം മിക്സ് തയാറാക്കുന്നതിനായി കമ്പ്യൂട്ടര്‍ അധിഷ്ഠിത വെയ്ബാച്ച് ഹോട്ട് മിക്സ് പ്ലാന്റ് ഉപയോഗിക്കും. നിര്‍മാണ വസ്തുക്കളുടെ പരിശോധനയ്ക്കായി ആധുനിക ലബോറട്ടറി സൗകര്യം ഏര്‍പെടുത്തും.

-ദേശീയ പാതയില്‍ കൂടി പോകുന്നതിനേക്കാള്‍ ഏട്ട് കിലോമീറ്റര്‍ ദൂരം കുറവാണ് ചന്ദ്രഗിരി സംസ്ഥാന പാത. പ്രവൃത്തിയുടെ മേല്‍നോട്ട ചുമതല ഡല്‍ഹി ആസ്ഥാനമായുള്ള എജിസ് ഇന്ത്യ ലിമിറ്റഡ് എന്ന സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചിട്ടുണ്ട്. കൊച്ചി ആസ്ഥാനമായ ആര്‍.ഡി.എസ് എന്ന നിര്‍മാണ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. രണ്ട് വര്‍ഷമാണ് നിര്‍മാണ കാലാവധി. ടോള്‍ പിരിവ് ഉണ്ടായിരിക്കില്ല.

എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ കെ. ഫിലിപ്പ്, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ടി. ബാബുരാജന്‍, ടി.ഐ. മുഹമ്മദ്, ദേവേഷ് എന്നിവര്‍ വിളിച്ചു ചേര്‍ത്ത സമ്മേളനത്തില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും സംബന്ധിച്ചിരുന്നു.

Watch Video

ഉദ്ഘാടനത്തിനു മുമ്പ് തന്നെ കെ എസ് ടി പി റോഡ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞു; 133 കോടി രൂപ ചിലവില്‍ നിര്‍മിച്ച റോഡിന് ഒട്ടും ഗ്യാരണ്ടിയില്ലേയെന്ന് നാട്ടുകാര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Road, Natives, Road damaged in many places in KSTP Road
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL