city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആവേശമായി റീബൂട്ട് കേരള ഹാക്കത്തോണ്‍; വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍ ഇങ്ങനെ

കാസര്‍കോട്:  (www.kasargodvartha.com 08.03.2020) മൂന്ന് ദിവസമായി നടന്നുവന്ന റീബൂട്ട് കേരള ഹാക്കത്തോണ്‍ വലിയ ആവേശമായി. നേരത്തെ നടത്തപ്പെട്ട ഹാക്കത്തോണുകളോടൊപ്പം നില്‍ക്കുന്ന പ്രകടനമായിരുന്നു മത്സരാര്‍ത്ഥികള്‍ നടത്തിയതെന്നും സംഘാടന മികവ് എടുത്ത് പറയേണ്ടതാണെന്നും വിധികര്‍ത്താക്കള്‍ അവകാശപ്പെട്ടു. കേരളത്തിലങ്ങോളമിങ്ങോളമുള്ള  വിവിധ കലാലയങ്ങളില്‍ നിന്നുമെത്തിയ സാങ്കേതിക വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ നിന്നും രണ്ടാം ഘട്ടത്തിലേക്ക് പതിനഞ്ച് ടീമുകളെ തിരഞ്ഞെടുക്കുന്നത് വലിയ കടമ്പയായിരുന്നെന്നും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നിശ്ചയിക്കുന്നതിനും ഏറെ സമയവും കൂട്ടികിഴിക്കലുകളും ആവശ്യമായി വന്നുവെന്നും അവര്‍ പറഞ്ഞു.
ആവേശമായി റീബൂട്ട് കേരള ഹാക്കത്തോണ്‍; വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍ ഇങ്ങനെ
വിവിധ കോളേജുകളില്‍ നിന്നുമായി എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് അസാപ്പ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെയായിരുന്നു. കേരളത്തിലെ വിവിധ ഭൂപ്രദേശങ്ങളെ അടിസ്ഥാനമാക്കി, സ്ഥലങ്ങളെ വിലയിരുത്തുന്നത് റവന്യൂ, സര്‍വേ വകുപ്പിനെ സംബന്ധിച്ചിടത്തോളം ശ്രമകരമായ കാര്യമാണെങ്കിലും, അത് തികച്ചും അത്യാവശ്യമാണ്. ഇമേജ് പ്രോസസ്സിംഗ് ഉപയോഗിച്ച് ഭൂമി കാര്‍ഷികയോഗ്യമാണോ, വരണ്ട ഭൂമി/നനഞ്ഞ ഭൂമി ആണോ എന്നു തിരിച്ചറിയുന്നതിന് ഒരു പരിഹാരം വികസിപ്പിക്കുക. നിശ്ചിത കാലയളവില്‍ പ്രസ്തുത ഭൂമിയില്‍ സംഭവിച്ച മാറ്റങ്ങളും ഇതിലൂടെ കണ്ടെത്താന്‍ സാധിക്കണം.

പഴയ സര്‍വേ രേഖകളുടെ പേപ്പര്‍ ഡോക്യുമെന്റേഷന്‍ കൈകാര്യം ചെയ്യുന്നത് സര്‍വേ വകുപ്പിനെ സംബന്ധിച്ചിടത്തോളം ശ്രമകരമായ കാര്യമാണ്. പുതിയ രജിസ്‌ട്രേഷനുകള്‍ക്കായി ഒരു ഡിജിറ്റല്‍ സംവിധാനം നിലവിലുണ്ടെങ്കിലും, പഴയ പേപ്പര്‍ റെക്കോര്‍ഡുകള്‍ കൈകാര്യം ചെയ്യുന്നത് സമയമെടുക്കുന്ന ജോലിയാണ്. ഇമേജ് പ്രോസസ്സിംഗ്, ഒപ്റ്റിക്കല്‍ ക്യാരക്ടര്‍ റെക്കഗ്‌നിഷന്‍ (ഒസിആര്‍) സങ്കേതങ്ങള്‍ ഉപയോഗിച്ച് സര്‍വേയും റിസര്‍വ് മാപ്പുകളും ഡിജിറ്റല്‍ റെക്കോര്‍ഡുകളിലേക്ക് പരിവര്‍ത്തനം, ചെയ്ത് ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനുള്ള ഒരു സംവിധാനം വികസിപ്പിക്കുക.

നമ്മുടെ സംസ്ഥാനം സമീപകാലത്ത് വെള്ളപ്പൊക്കം പോലുള്ള ഗുരുതരമായ പ്രകൃതിദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതാണ്. ഇത് മൂലം ഒരുപാട് പേരുടെ ജീവനും സമ്പാദ്യവും നഷ്ടമായി. മുന്‍കൂട്ടി ദുരന്തങ്ങള്‍, സാങ്കേതിക അടിത്തറയോടു കൂടി പ്രവചിക്കാന്‍ കഴിയുന്ന സംവിധാനം, നിലവിലുണ്ടെങ്കില്‍ ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാവുന്നതാണ്. പ്രധാന ഘടകങ്ങള്‍ (മഴ, മണ്ണിന്റെ ചലനം, ജലനിരപ്പ് ഉയരുന്നത് പോലുള്ളവ) വിശകലനം ചെയ്യുന്നതിലൂടെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഫലപ്രദമായി പ്രവചിക്കാനുള്ള ഒരു സംവിധാനം പൊതുജനങ്ങള്‍ക്കും ദുരന്തനിവാരണ അതോറിറ്റികള്‍ക്കും ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാന്‍ ഏറെ സഹായകരമാകും.

കാട്ടുതീ ഒരു പ്രധാന പ്രശ്‌നമാണ്, അത് സസ്യങ്ങള്‍ക്കും ജന്തുജാലങ്ങള്‍ക്കും ഗുരുതരമായ ഭീഷണി ഉണ്ടാക്കുന്നു. കാട്ടുതീ കാരണം അടുത്തിടെ ധാരാളം ഭൂമിയും ജീവനും നഷ്ടപ്പെട്ടു. വനപ്രദേശങ്ങളിലേക്ക് പ്രവേശനമില്ലാത്തതിനാല്‍ നേരത്തേ കണ്ടെത്തുന്നതും അധികൃതര്‍ക്ക് ബുദ്ധിമുട്ടാണ്. വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ചില സാമൂഹിക വിരുദ്ധ ഘടകങ്ങളില്‍ നിന്നുള്ള ആസൂത്രിത നടപടികളാണ് ഇതിന് കാരണമാകുന്നതെന്നും പലതവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാട്ടുതീ നേരത്തേ കണ്ടെത്തുന്നതിനും തടയുന്നതിനുമായി ഒരു സംവിധാനം വികസിപ്പിക്കുക. കൃത്യമായ നടപടികള്‍ക്ക് വനം/ അഗ്‌നിശമന വകുപ്പിനെ അറിയിക്കുവാന്‍ സഹായിക്കുന്ന രീതിയിലായിരിക്കണം ആ സംവിധാനം പ്രവര്‍ത്തിക്കേണ്ടത്. ആവശ്യമായ നടപടികള്‍ക്ക് കൃത്യമായ ഇടപെടലുകള്‍ നടത്താന്‍, കാട്ടുതീയുടെ കാരണം ഉള്‍പ്പടെ അറിയിക്കുന്ന സംവിധാനം ആയിരിക്കണം വികസിപ്പിക്കേണ്ടത്.

വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഭൂകമ്പം തുടങ്ങിയ പ്രകൃതി ദുരന്ത സാഹചര്യങ്ങളില്‍, അപകടസാധ്യത ഏറ്റവും കുറവുള്ള പ്രദേശങ്ങള്‍ തിരിച്ചറിയാന്‍ ദുരന്ത നിവാരണ സംഘത്തിന് ബുദ്ധിമുട്ടാണ്. പ്രകൃതി ദുരന്ത സാഹചര്യങ്ങളില്‍ ഓരോ പഞ്ചായത്തിലെയും സുരക്ഷിതമായ സ്ഥലം തിരിച്ചറിഞ്ഞ്, അവിടെ പൊതുജനങ്ങള്‍ക്ക് ഒത്തുചേരാനുള്ള ഒരു സംവിധാനം വികസിപ്പിക്കുക. ദുരന്തത്തിന്റെ തരം അടിസ്ഥാനമാക്കി വിവരങ്ങള്‍ തത്സമയം അപ്ഡേറ്റ് ചെയ്യുന്ന സംവിധാനം ആയിരിക്കണം വികസിപ്പിക്കേണ്ടത്.

വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, തീപിടുത്തം, ഭൂകമ്പം തുടങ്ങിയ ദുരന്തങ്ങളില്‍ അകപെടുന്നവരെ രക്ഷിക്കാന്‍ നിലവില്‍ മനുഷ്യര്‍ തന്നെയാണ് രക്ഷാപ്രവത്തകരായി ഇറങ്ങുന്നത്. അത് കൊണ്ട് തന്നെ രക്ഷ പ്രവര്‍ത്തകര്‍ തങ്ങളുടെ ജീവന്‍ അപകടത്തിലാക്കാനുള്ള സാധ്യത വലുതാണ്. ഇത് രക്ഷാപ്രവര്‍ത്തകനും ഇരയ്ക്കും അപകടകരമാണ്. ഓരോ ദുരന്ത സ്ഥലത്തെയും അപകട സാധ്യത മനസിലാക്കുവാനും അവ വിശകലനം ചെയ്യുന്നതിനുമായി ഒരു സാങ്കേതിക സംവിധാനം വികസിപ്പിക്കുക. ഉയര്‍ന്ന അപകടസാധ്യതയുള്ള രക്ഷാപ്രവര്‍ത്തനത്തിനായി,  ദുരന്ത സ്ഥലത്തു നിന്ന് തത്സമയ വിവരങ്ങള്‍ ലഭിക്കുകയും അതനുസരിച്ചു 3ഡി മാപ്പ് തയ്യാറാക്കുകയും അതിലൂടെ ദുരന്തങ്ങളില്‍ അകപ്പെടുന്നവരെ രക്ഷിക്കാന്‍  സഹായിക്കുന്നതുമായ ഒരു റോബോട്ടിനെ രൂപകല്‍പന ചെയ്യുക, തുടങ്ങിയ വിവിധ നിര്‍ദ്ദേശങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത്.

സമാപന സമ്മേളനത്തില്‍ റീബൂട്ട് കേരള ഹാക്കത്തോണ്‍ ഓര്‍ഗനൈസിങ് കണ്‍വീണര്‍ അബ്ദുല്‍ ജബ്ബാര്‍ വിജയികളെ പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഹുസൂര്‍ ശിരസ്തദാര്‍ കെ. നാരായണന്‍, അസാപ്പ് സംസ്ഥാന കോ-ഓഡിനേറ്റര്‍ ടി.വി ഫ്രാന്‍സിസ്, അസാപ്പ് ജില്ലാ പ്രാഗ്രാം മാനേജര്‍ രാഹുല്‍.ബി മോഹന്‍, പെരിയ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പാള്‍ പി. വൈ സോളമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Keywords: Kasaragod, Kerala, News, College, Registration, Reboot Kerala Hackathon end

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia