city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

NBA approval | എൽ ബി എസ് എൻജിനീയറിങ് കോളജിലെ 5 കോഴ്സുകൾക്ക് എൻ ബി എ അംഗീകാരം; സ്ഥാപനത്തിന് അഭിമാന നേട്ടം

nba approval for 5 courses in lbs engineering college

വിദ്യാർഥികൾക്ക് വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ കൂടുതൽ മെച്ചപ്പെട്ട തൊഴിൽ അവസരങ്ങളും ഉന്നതപഠന സാഹചര്യങ്ങളും ഉറപ്പാക്കാനും ഈ അംഗീകാരം സഹായിക്കും

കാസർകോട്: (KasaragodVartha) സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ജില്ലയിലെ ഏക എൻജിനീയറിങ് കോളേജായ പൊവ്വൽ എൽ ബി എസിലെ അഞ്ച് കോഴ്സുകൾക്കും ഉന്നതമായ ഗുണമേന്മയുടെ സാക്ഷ്യപ്പെടുത്തലായി നാഷണൽ ബോർഡ് ഓഫ് അക്രെഡിറ്റേഷൻ (NBA) അംഗീകാരം ലഭിച്ചതായി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴ്സുകളുടെ ഗുണമേന്മയും നിലവാരവും ഉറപ്പുവരുത്താൻ ഉത്തരവാദിത്യമുള്ള കേന്ദ്ര സർക്കാർ സ്ഥാപനമാണ് എൻ ബി എ. 

രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന മികവിനെ വിദ്യാർഥികളുടെ പാഠ്യ പാഠ്യേതര മേഖലകളിലെ നേട്ടങ്ങൾ, ഗവേഷണ മേഖലകളിലടക്കമുള്ള അധ്യാപകരുടെ ഉയർന്ന യോഗ്യതകൾ, കോളജിലെ അടിസ്ഥാനപരവും സാങ്കേതികപരവുമായ സൗകര്യങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നേരിട്ടുള്ള പരിശോധനയിലൂടെ ഉറപ്പുവരുത്തിയാണ് അക്രെഡിറ്റേഷൻ നൽകുന്നത്. മെയ് മാസം മുന്ന് മുതൽ അഞ്ചു വരെ ഉള്ള ദിവസങ്ങളിൽ പതിനൊന്നു അംഗങ്ങളടങ്ങിയ വിദഗ്ധ സംഘം കോളജിലെ വ്യത്യസ്ത വകുപ്പുകളിൽ വിശദ പരിശോധന നടത്തിയിരുന്നു.
    
സ്ഥാപനത്തിന്റെ അക്കാദമിക മേഖലകളിലടക്കമുള്ള മുന്നോട്ടുള്ള കുതിപ്പിന് പുത്തനുണർവേകുന്നതിനോടൊപ്പം വിദ്യാർഥികൾക്ക് വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ കൂടുതൽ മെച്ചപ്പെട്ട തൊഴിൽ അവസരങ്ങളും ഉന്നതപഠന സാഹചര്യങ്ങളും ഉറപ്പാക്കാനും ഈ അംഗീകാരം സഹായിക്കും. വിദ്യാർഥികളുടെ പാഠ്യ പാഠ്യേതര മേഖലകളിലുള്ള മികവ് എൽ ബി എസിന്റെ ഏറ്റവും സുപ്രധാനമായ നേട്ടമാണ്. തുടർച്ചയായ റാങ്ക് നേട്ടങ്ങളുടെയും ഉത്തര മലബാറിലെ ഏറ്റവും മികച്ച പ്ലേസ്മെന്‍റുകളുടെയും ഖ്യാതിക്ക് പുറമെയാണ് സ്ഥാപനത്തിന്റെ വിജയകരമായ വിദ്യാര്‍ത്ഥി - സംരംഭക സംസ്കാരം. 

ഇന്ന് മികച്ച രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പൂർവ വിദ്യാർത്ഥികളുടെതടക്കം, അറുപതിലേറെ സ്റ്റാർട്ടപ്പുകൾ ഇതിന്റെ മകുടോദാഹരണമാണ്. ഈ മികവിനുള്ള അംഗീകാരമായാണ് ക്യാമ്പസിൽ നൂതനമായ ഇൻഡസ്ട്രിയൽ പാർക്ക് തുടങ്ങാനുള്ള അനുമതി സർക്കാരിൽ നിന്നും ലഭിച്ചിട്ടുള്ളത്. ഇത് ജില്ലയിലെ വിദ്യാർഥികളുടെയും പൊതു സമൂഹത്തിന്റെയും സംരംഭകശേഷിയും തൊഴിൽസാധ്യതകളും വർധിപ്പിക്കാൻ സഹായകമാകും. വർഷാവർഷം നടക്കുന്ന യങ് ഇന്നോവേറ്റർസ് പ്രോഗ്രാമിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ കോളജിലെ വിദ്യാർഥികൾക്ക് സാധിച്ചിട്ടുണ്ട്. 

കോളജിലെ ഐഇഇഇ (IEEE) യൂണിറ്റിന്റെ അന്തർദേശീയ തലങ്ങളിലെ നേട്ടങ്ങളും എൻ എസ് എസ് യൂണിറ്റുകളുടെ തുടർച്ചയായ പുരസ്കാര വിജയങ്ങളും പ്രൊഫഷണൽ തലത്തിലും സാമൂഹിക സേവനരംഗത്തിലുമുള്ള വിദ്യാർഥികളുടെ ബഹുമുഖ വികസനത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്.
നൂതന ശാസ്ത്ര സാങ്കേതിക മേഖലകളിൽ അടക്കം ഗവേഷണ മികവ് തെളിയിച്ചിട്ടുള്ള ഒട്ടേറെ അധ്യാപകർ കോളജിൽ പ്രവർത്തിക്കുന്നു. കോളേജിലെ സിവിൽ എൻജിനീയറിങ് വിഭാഗം ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഡിസൈൻ തുടങ്ങിയ മേഖലകളിൽ വിദഗ്ധ ഉപദേശകരായി പ്രവർത്തിക്കുന്നുണ്ട്. അനുബന്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത് വിദ്യാർത്ഥികൾക്കും ഗുണം ചെയ്യുന്നുണ്ട്.

മൂന്ന് ലക്ഷത്തിൽ പരം ചതുരശ്ര അടിയിലുള്ള കെട്ടിട ശൃഖലയിൽ പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളിൽ സ്മാർട്ട് ക്ലാസ് റൂമുകളും നൂതനമായ ലബോറട്ടറികളും പ്രവർത്തിക്കുന്നു. യൂണിവേഴ്സിറ്റി നിഷ്കർഷിക്കുന്ന സൗകര്യങ്ങളിലും കൂടുതൽ സൗകര്യങ്ങൾ ഉള്ളതിനാൽ പല വകുപ്പുകളിലും വിദ്യാർത്ഥികൾക്ക് മൂല്യ വർധിത സാങ്കേതിക അറിവുകൾ സ്വായത്തമാക്കി പഠിക്കാൻ സഹായിക്കുന്നു.. ഇതിന് പുറമെ വിശാലമായ സെൻട്രൽ ലൈബ്രറിയും റിപ്രോഗ്രഫിക് സെന്റെറും ക്യാന്‍റീൻ‍ സൗകര്യവും ക്യാമ്പസിൽ ഉണ്ട്. സംസ്ഥാന സർക്കാരിന്റെയും ലോകപ്രശസ്തമായ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (USA) യുടെയും സഹകരണത്തിൽ ഫാബ് ലാബും  എൽ ബി എസിന്റെ മാത്രം സവിശേഷതയാണ്. 

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉള്ള ഹോസ്റ്റൽ കെട്ടിടങ്ങൾ, മൾട്ടി സ്പോർട്സ് സ്പേസ്, മാസ്റ്റർ സ്റ്റേഡിയം എന്നിവ കോളേജിന്റെ മികച്ച അടിസ്ഥാന സൗകര്യങ്ങൾക്ക് ഉദാഹരണമാണ്. ജില്ലയുടെ സാമൂഹിക സാമ്പത്തിക സുസ്ഥിര വികസനത്തെ മുൻപോട്ടു നയിക്കുന്ന ചാലക ശക്തിയായി എൽ ബി എസ് നിലകൊള്ളുന്നു. ഈ സാധ്യതകളൊക്കെയും ജില്ലയിലെ വരും തലമുറകൾക്ക് ഉപയോഗയോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആണ് അത്യാധുനിക സാങ്കേതിക വിദ്യകളായ ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ്, റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ തുടങ്ങിയ മേഖലകളിൽ എൻജിനീയറിങ് കോഴ്സുകൾ തുടങ്ങാൻ തീരുമാനമായതെന്ന് കോളജ് പ്രിൻസിപൽ ഡോ. മുഹമ്മദ് ശുകൂർ അഭിപ്രായപ്പെട്ടു. ഡീൻ ഡോ. പ്രവീൺ കുമാർ, ഡോ. വിനോദ് ജോർജ്, ഡോ. സിവി മനോജ് കുമാർ, ഡോ. മേരി റീന, ഡോ. എം എസ് അഞ്ജലി, പ്രൊഫ. എം ജയകുമാർ, ഡോ. വി സി അനിൽകുമാർ, എസ് അജേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia