Police Booked | ഇലക്ട്രോണിക് വോടിംഗ് മെഷീന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വിധത്തിൽ ഫേസ്‌ബുകിൽ പോസ്റ്റിട്ടതായി പരാതി; കേസെടുത്ത് പൊലീസ്
പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്തിയെന്നും എഫ്‌ഐആറിൽ
കാസർകോട്: (KasaragodVartha) ഇലക്ട്രോണിക് വോടിംഗ് മെഷീന്റെ (EVM) വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വിധത്തിൽ ഫേസ്ബുകിൽ പോസ്റ്റിട്ടെന്ന പരാതിയിൽ സൈബർ സൈൽ പൊലീസ് കേസെടുത്തു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ 47കാരനെതിരെയാണ് കേസെടുത്തത്.
ഏപ്രിൽ 21ന് ഫേസ്ബുക് അകൗണ്ട് വഴി, ആർക്ക് വോട് ചെയ്യണം എന്നതിനേക്കാൾ വലിയ ചോദ്യ ചിഹ്നമായി എന്നുതുടങ്ങി തിരഞ്ഞെടുപ്പ് കമീഷണറേയും കോടതി അടക്കമുള്ള നീതിന്യായ സ്ഥാപനങ്ങളെയും ചൊൽപ്പടിക്ക് നിർത്തി ഇവിഎം എന്ന യന്ത്രത്തെ പൂർണമായി തങ്ങളുടെ ചൊൽപ്പടിക്കാക്കി അവർ വിജയം കൊയ്യാനാണ് സാധ്യതയെന്നും അടക്കമുള്ള നിരവധി പരാമർശങ്ങളാണ് പോസ്റ്റിൽ കുറിച്ചതെന്നാണ് കേസ്.
സൈബർ ക്രൈം ഇൻസ്പെക്ടർ രാജേഷ് അയോട്ടന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതിലൂടെ ഇവിഎമിൻ്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്തി ഇരുവിഭാഗങ്ങൾ തമ്മിൽ വിദ്വേഷവും കലാപവും ഉണ്ടാക്കാൻ ശ്രമിച്ചുവെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്. സംഭവത്തിൽ പോസ്റ്റ് ഇട്ടയാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സൈബർ സെൽ വൃത്തങ്ങൾ പറഞ്ഞു.