Trapped | കാസർകോട് ആദൂരിൽ പുലി കെണിയില്‍ കുടുങ്ങി
ഏതാനും ദിവസങ്ങളായി ജില്ലയുടെ മലയോര ഭാഗങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു
കാസർകോട്: (KasargodVartha) പുലി കെണിയില്‍ കുടുങ്ങി. ആദൂർ മല്ലംപാറയിലാണ് പുലി കെണിയില്‍ വീണത്. വിവരമറിഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പുലിയെ വലയിട്ട് പിടിക്കാൻ കഴിയുമോ എന്ന കാര്യം സ്ഥലത്തെത്തി പരിശോധിക്കുമെന്ന് ഫോറസ്റ്റ് റേൻജ് ഓഫീസർ കെ അശ്‌റഫ് കാസർകോട് വാർത്തയോട് പറഞ്ഞു. ഇല്ലെങ്കിൽ മയക്കുവെടിവെച്ച് പിടിക്കേണ്ടി വരുമെന്നാണ് വിവരം.
ജില്ലയിൽ മയക്കു വെടി വെക്കാൻ വിദഗ്ധരില്ലെന്നാണ് അറിയുന്നത്. വയനാട്ടിൽ നിന്നും വൈൽഡ് ലൈഫ് ഉദ്യോഗസ്ഥരെ കൊണ്ടുവരേണ്ടി വരുമെന്നാണ് സൂചന. മല്ലംപാറയിലെ അണ്ണപ്പ നായിക് എന്നയാളുടെ റബര്‍ തോട്ടത്തിലെ കെണിയിലാണ് പുലി വീണത്
ഏതാനും ദിവസങ്ങളായി ജില്ലയുടെ മലയോര ഭാഗങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. പാണത്തൂരിൽ വളർത്തുപട്ടിയെ പുലി കടിച്ചുകൊണ്ടു പോയതായും നാട്ടുകാർ വെളിപ്പെടുത്തിയിരുന്നു. ഇതേ പുലി തന്നെയാണോ മല്ലംപാറയിൽ എത്തിയതെന്ന് വ്യക്തമല്ല. സ്ഥലത്ത് നിരവധി പേർ തടിച്ചുകൂടിയിട്ടുണ്ട്.
പുലി കിണറ്റിൽ വീണെന്നായിരുന്നു വീട്ടുകാർ ആദ്യം കരുതിയിരുന്നത്. പിന്നീടാണ് പന്നിക്ക് വെച്ച കെണിയിൽ വീണതാണെന്ന് മനസിലായത്. സംഭവ സ്ഥലത്തേക്ക് പോകുന്നതിൽ നിന്ന് ആളുകളെ പൊലീസ് വിലക്കിയിരിക്കുകയാണ്.
(Updated)