Theft | കുമ്പളയില്‍ ലീഗ് നേതാവിന്റെ വാഹന സര്‍വീസ് സെന്ററില്‍ കവര്‍ച; 2 കംപ്രസര്‍ ഉള്‍പെടെ 5 യന്ത്രങ്ങള്‍ കടത്തികൊണ്ടുപോയതായി പരാതി
വിലപിടിപ്പുള്ള 5 യന്ത്രങ്ങളാണ് കാണാതായത്.
തുറന്ന് കിടക്കുന്ന സര്‍വീസ് സെന്ററിലാണ് കവര്‍ച നടന്നത്.
കുമ്പള എസ്ഐ വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
കുമ്പള: (KasargodVartha) ബന്തിയോട്ടെ ലീഗ് നേതാവിന്റെ വാഹന സര്‍വീസ് സെന്ററില്‍ കവര്‍ച. രണ്ട് കംപ്രസര്‍ ഉള്‍പെടെ അഞ്ച് യന്ത്രങ്ങള്‍ കടത്തികൊണ്ടുപോയതായി പരാതി. ശനിയാഴ്ച (01.06.2024) രാവിലെ ജോലിക്കാര്‍ സര്‍വീസ് സെന്ററില്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. രണ്ട് കംപ്രസറും മൂന്ന് മോടോര്‍ പമ്പും അടക്കം വിലപിടിപ്പുള്ള അഞ്ച് യന്ത്രങ്ങളാണ് കാണാതായത്.
ബന്തിയോട്ടെ യൂസുഫിന്റെ ഉടമസ്ഥതയിലുള്ള മലബാര്‍ സര്‍വീസ് സെന്ററിലാണ് സംഭവം. യൂസുഫിന്റെ പരാതിയില്‍ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുറന്ന് കിടക്കുന്ന സര്‍വീസ് സെന്ററിലാണ് കവര്‍ച നടന്നത്. ദേശീയപാത നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ മാസങ്ങളായി സര്‍വീസ് സെന്റര്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇവിടങ്ങളിലൊന്നും സിസിടിവി കാമറകളും പ്രവര്‍ത്തിക്കുന്നില്ല. ഇതും കവര്‍ചക്കാര്‍ക്ക് അനുഗ്രഹമായി മാറി. വാഹനത്തില്‍ വന്നവരാണ് കവര്‍ചയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നു. കുമ്പള എസ്ഐ വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
മൂന്ന് മാസം മുമ്പ് എം പി യൂസഫ് എന്നയാളുടെ കെട്ടിടത്തില്‍ നിന്നും ഒന്നര ലക്ഷം രൂപയുടെ ഗുജിരി സാധനങ്ങള്‍ കവര്‍ച ചെയ്തിരുന്നു. കവര്‍ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പ്രദേശവാസികളായ നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പിന്നാലെയാണ് ഇപ്പോള്‍ തൊട്ടടുത്തുള്ള വാഹന സര്‍വീസ് സെന്ററിലും മോഷണം നടന്നിരിക്കുന്നത്.