Complaint | അധ്യാപകനെതിരായ പോക്‌സോ കേസ് ഹൈകോടതി റദ്ദാക്കിയതിന് പിന്നാലെ വിവാദം ശക്തമായി; പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് പറയുന്ന അധ്യാപികമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് രംഗത്ത്
സംഭവത്തില്‍ വകുപ്പുതല അന്വേഷണവും നടന്നിട്ടുണ്ട്
മാതാവിന്റെ പരാതി ലഭിച്ചില്ലെന്ന് ജില്ലാ പൊലീസ് മേധാവി പി ബിജോയ്.
അധ്യാപകനെ ജോലിയില്‍ തിരിച്ചെടുത്തുകൊണ്ട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.
6 മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ച് തരണമെന്ന് അധ്യാപകന്‍.
കുമ്പള: (KasargodVartha) ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ അധ്യാപകന്റെ പേരിലുണ്ടായിരുന്ന പോക്സോ കേസ് ഹൈകോടതി റദ്ദാക്കിയതിന് പിന്നാലെ വിവാദം ശക്തമായി. വ്യാജ പോക്സോ കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇതേ സ്‌കൂളിലെ രണ്ട് അധ്യാപികമാരാണെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതായാണ് പറയുന്നത്. എന്നാല്‍ ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നും ഹൈകോടതി റദ്ദാക്കിയ കേസില്‍ പൊലീസ് അന്വേഷണം നടത്തേണ്ടതില്ലെന്നും ജില്ലാ പൊലീസ് മേധാവി പി ബിജോയ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
അതേസമയം, സംഭവത്തില്‍ വകുപ്പുതല അന്വേഷണവും നന്നിട്ടുണ്ട്. ഇതില്‍ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഹൈകോടതി കേസ് റദ്ദാക്കിയതോടെ അധ്യാപകനെ ജോലിയില്‍ തിരിച്ചെടുത്തുകൊണ്ട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. മറ്റൊരു സ്‌കൂളിലേക്കാണ് നിയമനം നല്‍കിയിട്ടുള്ളത്. അതിനിടെ, അധ്യാപകനെ ആറ് മാസം കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്തിരുന്നു. ആ സസ്പെന്‍ഷന്‍ കാലം അവധിയായി കണക്കാക്കുന്ന രീതിയിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ റിപോര്‍ട്. ഇതിനെ ചോദ്യം ചെയ്ത് അധ്യാപകന്‍ ട്രിബൂണലിനെ സമീപിച്ചിട്ടുണ്ട്. തനിക്കെതിരെ കള്ളക്കേസാണ് എടുത്തതെന്നും അതുകൊണ്ടുതന്നെ ആറ് മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ച് തരണമെന്ന് ആവശ്യപ്പെട്ടാണ് അധ്യാപകന്‍ ട്രിബൂണലില്‍ പരാതി നല്‍കിയിരിക്കുന്നത്.
2023 മാര്‍ചിലാണ് കേസിനാസ്പദമായ സംഭവം ഉത്ഭവിക്കുന്നത്. സ്‌കൂളില്‍വെച്ചിരുന്ന പരാതിപ്പെട്ടിയില്‍ അധ്യാപകനെതിരെ ചില കുട്ടികള്‍ പരാതി അറിയിച്ചിരുന്നതായാണ് പറയുന്നത്. ഇക്കാര്യം സ്‌കൂളില്‍ എച്എമ്മിന്റെ ചുമതല ഉണ്ടായിരുന്ന അധ്യാപിക ഡിഡിയെയും പൊലീസിനെയും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വന്ന് നിരവധി കുട്ടികളില്‍നിന്നും മൊഴിയെടുത്തുവെങ്കിലും ആരും വ്യക്തമായ പരാതി നല്‍കിയില്ല.
ഇതിനുശേഷം എസ് എസ് എല്‍ സി മാതൃകാപരീക്ഷ നടക്കുന്നതിനിടെ, രണ്ട് കുട്ടികള്‍ വീണ്ടും പരാതി നല്‍കിയെന്നാണ് പറയുന്നത്. എന്നാല്‍ വിദ്യാര്‍ഥികളെ കൊണ്ട് എച്എമ്മിന്റെ ചുമതല ഉണ്ടായിരുന്ന അധ്യാപികയും മറ്റൊരു അധ്യാപികയും ചേര്‍ന്ന് എഴുതി ഉണ്ടാക്കിയ കള്ളപരാതിയാണെന്നാണ് ആരോപണം. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പോക്സോ കേസ് രെജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പൊലീസ് വിളിച്ചപ്പോഴാണ് കുട്ടികളുടെ വീട്ടില്‍ വിവരം അറിഞ്ഞത്. തങ്ങളെകൊണ്ട് പരീക്ഷ നടക്കുന്നതിനിടെ വെള്ള പേപറില്‍ അധ്യാപികമാര്‍ ഒപ്പിട്ട് വാങ്ങിക്കുകയായിരുന്നുവെന്നാണ് കുട്ടികള്‍ പറയുന്നത്. ഒപ്പ് ഇട്ടില്ലെങ്കില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്നും തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നുണ്ട്.
ഇതിനിടയില്‍ കുട്ടികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി 164 പ്രകാരം മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതില്‍ അധ്യാപകന്‍ ശല്യം ചെയ്തിരുന്നില്ലെന്നാണ് കുട്ടികള്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അധ്യാപകന് ഹൈകോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന്‍ ഹൈകോടതിയെ സമീപിച്ചത്. ഹൈകോടതി എല്ലാ കാര്യങ്ങളും പരിശോധിച്ചശേഷമാണ് അധ്യാപകനെതിരെ പൊലീസ് എടുത്ത പോക്സോ കേസ് റദ്ദാക്കിയത്. ഇതോടെയാണ് പരാതിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപികമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയെന്ന് പറയുന്ന കുട്ടിയുടെ മാതാവ് രംഗത്ത് വന്നത്. വ്യാജ പോക്സോ കേസില്‍ വലിച്ചിഴച്ചതോടെ മകള്‍ക്ക് മാനസികസംഘര്‍ഷത്തെ തുടര്‍ന്ന് എസ് എസ് എല്‍ സി പരീക്ഷ ശരിയായ രീതിയില്‍ എഴുതാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്.
അധ്യാപകനെതിരെയുള്ള ആരോപണം കെട്ടച്ചമച്ചതാണെന്ന് നേരത്തെ തന്നെ ബോധ്യപ്പെട്ടതാണെന്ന് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പിടിഎയെ പോലും അറിയിക്കാതെയാണ് എല്ലാ നടപടികളും അധ്യാപികമാര്‍ സ്വീകരിച്ചത്. വര്‍ഷങ്ങളായി തുറക്കാതിരുന്ന പരാതിപ്പെട്ടി, പരാതി നല്‍കിയെന്ന് പറയുന്നതിന്റെ പിറ്റേന്ന് തന്നെ തുറന്നത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. പരാതിപ്പെട്ടി തുറക്കുമ്പോള്‍ പ്രധാനാധ്യാപികയുടെ ചുമതലയുള്ള അധ്യാപികയും മുതിര്‍ന്ന മറ്റൊരു അധ്യാപികയും സ്റ്റാഫ് സെക്രടറിയും പിടിഎ കമിറ്റിയംഗങ്ങളും വേണമെന്ന റൂള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് വിളിച്ചറിയിച്ചതിന് അനുസരിച്ചാണ് ഭാരവാഹികള്‍ സ്റ്റേഷനില്‍ എത്തിയത്. അധ്യാപികയോട് സംസാരിച്ചപ്പോള്‍ ഇന്‍ഗ്ലീഷിലുള്ള ഒരു പരാതിയും കൗണ്‍സിലര്‍ക്ക് കുട്ടികള്‍ നല്‍കിയെന്ന് പറയുന്ന മറ്റൊരു പരാതിയുമാണ് ലഭിച്ചിട്ടുള്ളതെന്ന് പറഞ്ഞു. പരാതിപ്പെട്ടിയിലുണ്ടായിരുന്നത് ഇന്‍ഗ്ലീഷിലുള്ള പരാതിയാണെന്ന് അധ്യാപിക പറഞ്ഞിരുന്നു. എന്നാല്‍ സ്റ്റാഫ് സെക്രടറിയോട് ചോദിച്ചപ്പോള്‍ മലയാളം പരാതി ആയതിനാല്‍ കന്നടക്കാരനായ തനിക്കൊന്നും മനസിലായില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും പിടിഎ പ്രസിഡന്റ് പറയുന്നു. ഇന്‍ഗ്ലീഷിലുള്ള പരാതിയാണെന്ന് പ്രധാനാധ്യാപികയും മലയാളത്തിലുള്ള പരാതിയാണെന്ന് സ്റ്റാഫ് സെക്രടറിയും പറഞ്ഞതോടെ, ഇതിലൂടെതന്നെ പരാതി കളവാണെന്ന് ബോധ്യമായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരാതിയില്‍ ഉന്നയിക്കപ്പെട്ട അധ്യാപകന്‍ സ്‌കൂളിന്റെ എല്ലാകാര്യങ്ങളിലും സജീവ ഇടപെടല്‍ നടത്തിയ ആളാണെന്നും ഇവര്‍ക്കിടയില്‍ ഉണ്ടായ ഈഗോ പ്രശ്നമായിരിക്കാം ഇത്തരമൊരു കേസിന് കാരണമായതെന്നും പിടിഎ പ്രസിഡന്റ് പറഞ്ഞു. പരാതിയിലെ സത്യാവസ്ഥ മനസിലാക്കാന്‍ പിടിഎ കമിറ്റി ഹയര്‍ സെകന്‍ഡറിയിലെ രണ്ട് അധ്യാപികമാരെയും നാല് പിടിഎ അംഗങ്ങളെയും ഉള്‍പെടുത്തി കമിറ്റി ഉണ്ടാക്കി. കുട്ടികളില്‍നിന്ന് വിശദമായ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തില്‍ ഒരു കുട്ടിപോലും അധ്യാപകനെതിരെ പരാതി ഉന്നയിച്ചില്ല. ഇതിന്റെ റിപോര്‍ടും ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കിയിരുന്നു.
താന്‍ കൈകാര്യം ചെയ്യുന്ന വിഷയം പഠിക്കാന്‍ കൂടുതല്‍ കുട്ടികള്‍ ചേര്‍ന്നതും സ്‌കൂളില്‍ സോഷ്യല്‍ എകണോമിക് ഓഡിറ്റ് നടത്തി അധ്യാപകരില്‍നിന്നും മൂന്ന് ലക്ഷത്തോളം രൂപ ശേഖരിച്ച് നിരവധി പാവപ്പെട്ട കുട്ടികള്‍ക്ക് സഹായം എത്തിക്കാന്‍ ശ്രമിച്ചതുമാണ് തനിക്കെതിരെ പ്രധാനാധ്യാപികയുടെ ചുമതലയുള്ള അധ്യാപികയ്ക്കും മറ്റൊരു അധ്യാപികയ്ക്കും വിരോധമുണ്ടാകാന്‍ കാരണമെന്ന് കള്ളക്കേസില്‍ കുടുക്കപ്പെട്ട അധ്യാപകന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
എന്നാല്‍ പ്രധാനാധ്യാപികയുടെ ചുമതലയുള്ള അധ്യാപിക പറയുന്നത് തങ്ങള്‍ക്കെതിരെയുള്ള നീക്കത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ്. കുട്ടികള്‍ പരാതി നല്‍കിയത് പുറത്തുനിന്ന് ഒത്തുതീര്‍പ്പാക്കി തങ്ങളെ പ്രതിയാക്കാന്‍ ശ്രമിക്കുന്നുവെന്നാണ്. വിദ്യാഭ്യാസ ഉപഡയറക്ടര്‍ അധ്യാപകനെതിരെ തയ്യാറാക്കിയ റിപോര്‍ടില്‍, മുന്‍ ഹെഡ് മാസ്റ്റര്‍ പല കാര്യങ്ങളിലും ഈ അധ്യാപകനെ താക്കീത് ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. ഇത് കൂടാതെ അധ്യാപകന്‍ കുട്ടികളുമായി ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ ചാറ്റിന്റെ തെളിവുകളും അയച്ചുതന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം വിദ്യാഭ്യാസ അധികൃതര്‍ക്കും പൊലീസിനും ബോധ്യമുള്ളതാണെന്നും ഇവര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.