Shelter | സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട കുട്ടികളുടെ ജീവിതത്തിൽ പ്രകാശം പരത്തി ഒരു അഭയകേന്ദ്രം; അറിയാം ഇവരുടെ നൂതന ആശയങ്ങൾ
മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുള്ള കുടുംബങ്ങളെ കൂടുതൽ പിന്തുണയ്‌ക്കുന്നതിനായി 'ഡേകെയർ' സംവിധാനം ആരംഭിക്കാനും പദ്ധതി
കാസർകോട്: (KasargodVartha) ജീവിതം ഉയർത്തിയ വലിയ പ്രതിസന്ധികളിൽ പതറിപ്പോയ ഒരുപാട് കുട്ടികൾക്ക് ആശ്വാസത്തോടെ ചെന്നുചെല്ലാവുന്ന ഇടമാണ് മുളിയാറിലെ അക്കര ഫൗണ്ടേഷൻ. മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് അഭയകേന്ദ്രമാണ് ഇത്. ആറ് വർഷമായി അധികൃതർ കുട്ടികൾക്ക് സ്നേഹവും പിന്തുണയും നൽകിക്കൊണ്ട് അവരുടെ ജീവിതത്തിൽ പ്രകാശം വീശുന്നു. ഉല്ലാസ കേന്ദ്രമൊരുക്കിയും, കൂട്ടുകൂടിയും, ആട്ടവും പാട്ടുമായി ഉല്ലസിച്ചും കുട്ടികളെ നെഞ്ചോടു ചേർത്ത് പിടിക്കുകയാണ് ഇവർ.
സെറിബ്രൽ പാൾസി (മസ്തിഷ്ക തളർവാതം) ബാധിച്ച കുട്ടിയുടെയും കുടുംബത്തിൻ്റെയും ജീവിതം നേരിട്ട് കണ്ടറിഞ്ഞതിന് ശേഷമാണ് ഇത്തരത്തിലൊരു ആശയം രൂപപ്പെട്ടതെന്ന് അമരക്കാർ പറയുന്നു. കുട്ടികളിലെ വൈകല്യങ്ങൾ നേരത്തേ കണ്ടെത്തുന്നതിന് ഊന്നൽ നൽകുന്ന തരത്തിലുള്ള ചികിത്സാ രീതികളാണ് ഫൗണ്ടേഷൻ മുന്നോട്ടു വെക്കുന്നത്. സാന്ത്വന പരിചരണം ആവശ്യമുള്ളവരുടെ വീടുകളിൽ നേരിട്ടെത്തി ആവശ്യമായ സഹായങ്ങൾ നൽകിക്കൊണ്ടാണ് അക്കര ഫൗണ്ടേഷൻ്റെ യാത്ര ആരംഭിച്ചത്. ഇത്തരം സന്ദർശന വേളകളിൽ അവഗണിക്കപ്പെട്ടതും ആവശ്യമായ ചികിത്സ ലഭിക്കാത്തതുമായ നിരവധി വൈകല്യമുള്ള കുട്ടികളെ കണ്ടുമുട്ടി.
ഈ മേഖലയിൽ സഹായഹസ്തങ്ങൾ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് 2018ൽ ആണ് അക്കര ഫൗണ്ടേഷൻ ശിശു വികസന കേന്ദ്രം ആരംഭിച്ചത്. ചെറുപ്രായത്തിൽ തന്നെ രോഗാവസ്ഥ കണ്ടെത്തി ചികിത്സ നൽകുകയാണ് ലക്ഷ്യം. അക്കര ഫൗണ്ടേഷൻ്റെ ആരംഭത്തിന് പിന്നിൽ ഹൃദയസ്പർശിയായ ഒരു അനുഭവമുണ്ട്. ബന്ധുവിൻ്റെ മകൾക്ക് സെറിബ്രൽ പാൾസി ഉണ്ടെന്ന് കണ്ടെത്തിയപ്പോൾ താൻ അറിയാത്ത ഒരു ലോകത്തേക്ക് തന്റെ കണ്ണുകൾ തുറക്കുകയായിരുന്നുവെന്ന് ഫൗണ്ടേഷൻ്റെ സ്ഥാപകനും ചെയർമാനുമായ അക്കര മുഹമ്മദ് അബ്ദുൽ അസീസ് പറയുന്നു.
'തുടക്കത്തിൽ ഈ അവസ്ഥയെക്കുറിച്ച് എനിക്ക് പരിചയമില്ലായിരുന്നു. കുടുംബക്കാർ ഒത്തുചേരുമ്പോൾ എൻ്റെ അനുജത്തിയുടെ അസാന്നിധ്യം ഞാൻ ശ്രദ്ധിച്ചു. സെറിബ്രൽ പാൾസിയെ തുടർന്ന് കിടപ്പിലായ മകളെ പരിചരിക്കണമെന്നുള്ളതിനാൽ കുടുംബക്കാർ ഒത്തുചേരുമ്പോൾ അനുജത്തിക്ക് സംബന്ധിക്കാൻ ആകുമായിരുന്നില്ല. അങ്ങനെയാണ് ഇത്തരം കുട്ടികൾക്ക് സാന്ത്വനമേകുക എന്ന ലക്ഷ്യത്തിന് തുടക്കമിട്ടത്', അദ്ദേഹം കൂട്ടിച്ചേർത്തു.
നിർധന കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത തിരിച്ചറിഞ്ഞ് അവർക്ക് പൂർണമായും സൗജന്യ ചികിത്സ നൽകി വരുന്നുണ്ട്. അക്കര ഫൗണ്ടേഷന്റെ ശിശു വികസന കേന്ദ്രം ഇതിനകം ഏറെ പ്രശസ്തി നേടിയിട്ടുണ്ട്, രാജ്യത്തുടനീളമുള്ള പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളെ സ്വാഗതം ചെയ്തു കൊണ്ടാണ് ഇവരുടെ പ്രവർത്തനം മുന്നോട്ടു പോകുന്നത്. ഇവിടെ 38 മുഴുവൻ സമയ തെറാപ്പിസ്റ്റുകൾ ഉണ്ട്. ഒരു ദിവസം 150 ഓളം കേസുകൾ പരിശോധിക്കുന്നതായി അക്കര ഫൗണ്ടേഷൻ്റെ പബ്ലിക് റിലേഷൻസ് ഓഫീസർ വിന്ദുജ വി കുമാർ പറഞ്ഞു.
കുട്ടികളുടെ അവസ്ഥയെ അടിസ്ഥാനമാക്കി ചികിത്സ നൽകാൻ വിവിധ വിഭാഗങ്ങളുണ്ട്. ഒക്യുപേഷണൽ തെറാപി, ഫിസിയോതെറാപി, സ്പീച് തെറാപി, സ്‌പെഷ്യൽ എജ്യുകേഷൻ വിഭാഗം, സോഷ്യൽ സ്‌കിൽസ് ട്രെയിനിംഗ് വിഭാഗം തുടങ്ങിയ വിഭാഗങ്ങളിലായി 1387 പേരെ ഇതിനകം പരിശോധിച്ചിട്ടുണ്ട്. ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത 'മോണ്ടിസോറി പ്രീസ്‌കൂൾ' വേറിട്ട ആശയമാണ്. നിലവിൽ 15 കുട്ടികൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
മോണ്ടിസോറി കുട്ടികേന്ദ്രീകൃത വിദ്യാഭ്യാസ രീതിയാണ്. ഇത് കുട്ടികളുടെ സ്വതസിദ്ധമായ പഠന താൽപര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ സ്വന്തം വഴിയിൽ പഠിക്കാൻ അവസരം നൽകുകയും ചെയ്യുന്നു. ഈ സ്കൂൾ കുട്ടികളുടെ വിദ്യാഭ്യാസപരമായ, സാമൂഹികവും വൈകാരികവുമായ വികാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കുട്ടികൾക്ക് സ്വതന്ത്രവും സംതൃപ്തവുമായ ജീവിതം നയിക്കാൻ ആവശ്യമായ കഴിവുകൾ കൈവരിക്കാൻ പ്രാപ്തമാക്കുക എന്നതാണ് ലക്ഷ്യം.
കഴിഞ്ഞ നാല് വർഷമായി അക്കര ഫൗണ്ടേഷൻ തന്റെ കുടുംബത്തിന് ഒരു ദൈവാനുഗ്രഹം പോലെയാണെന്ന് കെ എസ് ശ്രീഷ എന്ന വീട്ടമ്മ പറയുന്നു. തന്റെ കുട്ടി സ്ഥാപനത്തിന്റെ മോണ്ടിസോറി പാഠ്യപദ്ധയിൽ ചേർന്നതിന് ശേഷം വളരെയധികം പുരോഗതി കൈവരിച്ചുവെന്ന് അവർ സന്തോഷത്തോടെ പങ്കുവയ്ക്കുന്നു. 'ജീവനക്കാർ അവിശ്വസനീയമായ പിന്തുണയാണ് നൽകുന്നത്. കേന്ദ്രത്തിലെ അന്തരീക്ഷം വളരെ ഊഷ്മളവും സ്വാഗതാർഹവുമാണ്, എന്റെ കുട്ടിക്ക് ഇത് രണ്ടാം വീട് പോലെയാണ് തോന്നുന്നത്', ശ്രീഷ പറയുന്നു. സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നും നിരവധി കുട്ടികൾ ചികിത്സയ്ക്കായി ഇവിടെ എത്തുന്നുണ്ട്.
ശിശുവികസന കേന്ദ്രം സ്ഥാപിക്കുമ്പോൾ താൻ നേരിട്ട പ്രധാന വെല്ലുവിളി ജീവനക്കാരുടെ കുറവായിരുന്നുവെന്ന് മുഹമ്മദ് അബ്ദുൽ അസീസ് പറഞ്ഞു. അതുകൊണ്ട് അയൽ സംസ്ഥാനങ്ങളിൽ നിന്ന് പരിചയസമ്പന്നരായ ആളുകളെ കൊണ്ടുവരേണ്ടി വന്നു. മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുള്ള കുടുംബങ്ങളെ കൂടുതൽ പിന്തുണയ്‌ക്കുന്നതിനായി 'ഡേകെയർ' സംവിധാനം ആരംഭിക്കാനും മാതാപിതാക്കൾക്ക് ആവശ്യമായ സഹായം നൽകാനും കുട്ടികളുടെ തുടർച്ചയായ പുരോഗതി പ്രോത്സാഹിപ്പിക്കാനും അക്കര ഫൗണ്ടേഷൻ പദ്ധതിയിടുന്നുണ്ട്.