Railway | 33-ാം സ്ഥാനത്തേക്ക്, വരുമാനത്തിൽ കാസർകോട് റെയിൽവേ സ്റ്റേഷൻ കുറിച്ചത് പുതിയ ചരിത്രം; വേണ്ടത് കൂടുതൽ ട്രെയിനുകൾ, അനുവദിച്ചാൽ നേട്ടം ഉയരുമെന്ന് യാത്രക്കാർ
24.03 ലക്ഷം യാത്രക്കാരാണ് യാത്ര ചെയ്‌തത്
കാസർകോട്: (KasaragodVartha) 2023-24 സാമ്പത്തിക വർഷത്തിൽ ഏറ്റവും ഉയർന്ന വരുമാനമുള്ള ആദ്യ 35 റെയിൽവേ സ്റ്റേഷനുകളിൽ ഇടം നേടിയതോടെ കാസർകോട് സ്റ്റേഷൻ കുറിച്ചത് പുതിയ ചരിത്രം. കഴിഞ്ഞ തവണ 40-ാം സ്ഥാനത്തായിരുന്ന കാസർകോട് ഇത്തവണ 33-ാം സ്ഥാനത്തേക്കാണ് എത്തിയിരിക്കുന്നത്. 24.03 ലക്ഷം യാത്രക്കാരാണ് യാത്ര ചെയ്‌തത്. 47 കോടി രൂപയാണ് വരുമാനം.
ചെന്നൈ സെൻട്രൽ (1215.79 കോടി), ചെന്നൈ-എഗ്‌മോർ (564.17 കോടി), കോയമ്പത്തൂർ ജങ്ഷൻ (324.99 രൂപ) തിരുവനന്തപുരം സെൻട്രൽ (262 കോടി രൂപ) എന്നിവയാണ് പട്ടികയിൽ മുന്നിൽ. 2023-24 സാമ്പത്തിക വർഷത്തിൽ ദക്ഷിണ റെയിൽവേയുടെ മൊത്ത വരുമാനം 12,020 കോടി രൂപയാണ്. ഇതിൽ യാത്രക്കാരിൽ നിന്നുള്ള വരുമാനം 7,151 കോടി രൂപയും ചരക്ക് ഇനങ്ങളിൽ നിന്നുള്ള വരുമാനം 3,674 കോടി രൂപയുമാണ്.
വടക്കൻ മലബാറിലെ കൂടുതൽ വരുമാനമുള്ള സ്റ്റേഷനുകളിൽ തലശേരിയെ മറികടക്കാൻ കാസർകോടിന് കഴിഞ്ഞുവെന്നതും പ്രത്യേകതയാണ്. രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നത് വരുമാനം വർധിപ്പിക്കാൻ സഹായിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇരുട്രെയിനുകൾക്കും യാത്രക്കാരുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിൽ ഉച്ചയ്ക്ക് 2.30ന് വന്ദേ ഭാരത് തുടങ്ങുന്നത് കാസർകോട് നിന്നായതിനാൽ ബുകിങിൽ കൂടുതൽ പരിഗണന ലഭിച്ചു.
ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള മറ്റ് റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് വ്യത്യസ്തമായി മതിയായ അടിസ്ഥാന സൗകര്യങ്ങൾ കാസർകോട്ടില്ല. യാത്രക്കാർക്ക് ആവശ്യമായ വേണ്ടത്ര ട്രെയിൻ സർവീസുകൾ പോലുമില്ല. ഇതിനിടയിലാണ് ഇൻഡ്യൻ റെയിൽവേയ്ക്ക് മികച്ച വരുമാനം നൽകുന്ന സ്റ്റേഷനുകളിലൊന്നായി കാസർകോട് വളർന്നുവരുന്നത്. കൂടുതൽ ട്രെയിനുകൾ അനുവദിച്ചാൽ നേട്ടം ഉയരുമെന്നാണ് യാത്രക്കാർ പറയുന്നത്.
കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂടീവ് ട്രെയിന്‍ 14 മണിക്കൂറിലധികവും കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി 13 മണിക്കൂറും കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസന്‍ജര്‍ വണ്ടി എട്ട് മണിക്കൂറും കണ്ണൂര്‍-ബെംഗ്‌ളൂറു വണ്ടി (പാലക്കാട് വഴി) 10 മണിക്കൂറും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സര്‍വീസ് പൂര്‍ത്തിയാക്കിയ ശേഷം വെറുതെ കിടക്കുന്നുണ്ട്. ഇവ കാസര്‍കോട്ടേക്കോ അല്ലെങ്കില്‍ മംഗ്‌ളൂറിലേക്കോ നീട്ടിയാല്‍ ജില്ലയിലെ യാത്രക്കാര്‍ക്ക് വലിയ ആശ്വാസം പകരുകയും റെയില്‍വേയ്ക്ക് കൂടുതല്‍ വരുമാനം നേടിത്തരികയും ചെയ്യും.
ആഴ്ചയില്‍ രണ്ടുദിവസം മാത്രം സര്‍വീസ് നടത്തുന്ന മംഗ്ളുറു - തിരുവനന്തപുരം അന്ത്യോദയ എക്സ്പ്രസ് ദിവസേന ഓടിക്കണമെന്നതും യാത്രക്കാരുടെ ആവശ്യമാണ്. വര്‍ഷങ്ങളായി കാസര്‍കോട്ടുകാരുടെ ആവശ്യമായ രാമേശ്വരം-മംഗ്‌ളുറു ട്രെയിൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഓടിത്തുടങ്ങിയിട്ടില്ല. മംഗ്‌ളുറു-കോഴിക്കോട് പാസന്‍ജര്‍ പാലക്കാട് വരെ നീട്ടണമെന്നതും ഏറെക്കാലമായി ഉയർന്നുവരുന്ന ആവശ്യമാണ്.
രാവിലെയും വൈകുന്നേരവും കാസർകോട് - കണ്ണൂർ - കോഴിക്കോട് റൂടിലോടുന്ന ട്രെയിനുകളെല്ലാം തിങ്ങിനിറഞ്ഞ നിലയിലാണ്. യാത്രക്കാരെ കുത്തിനിറച്ചാണ് ട്രെയിനുകളെലാം ഓടുന്നത്. തിരക്ക് മൂലം യാത്രക്കാർ ശ്വാസം കിട്ടാതെ ബോധമറ്റ് വീഴുന്നതും പരുക്കേൽക്കുന്നതും നിത്യ സംഭവമാണ്. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കാസർകോട് റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. ഇതിനൊപ്പം മതിയായ ട്രെയിനുകൾ അനുവദിക്കുന്നതിനും ഇടപെടൽ ഉണ്ടാകണമെന്നാണ് യാത്രക്കാരും പാസൻജേർസ് അസോസോയിയേഷനുകളും ആവശ്യപ്പെടുന്നത്.