Missing | ചൂണ്ടയിടുന്നതിൽ കമ്പമുള്ള പ്രവാസി യുവാവിനെ ഹാർബറിന് സമീപം കടലിൽ കാണാതായതായി സംശയം; കോസ്റ്റൽ പൊലീസ് തിരച്ചിൽ തുടങ്ങി
ചൂണ്ടയിടുന്നതിനിടെ അബദ്ധത്തിൽ കടലിൽ വീണിരിക്കാമെന്ന് സംശയം.
കീഴൂര്‍: (KasargodVartha) ചൂണ്ടയിടുന്നതിൽ കമ്പമുള്ള പ്രവാസി യുവാവിനെ കീഴൂർ ഹാർബറിന് സമീപം കടലിൽ കാണാതായതായി സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ മേൽപറമ്പ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കോസ്റ്റൽ പൊലീസ് കടലിൽ തിരച്ചിൽ തുടങ്ങി. ചെമ്മനാട് സ്വദേശിയായ റിയാസിനെ (40) യാണ് തിരയുന്നത്.
കടലിൽ ചൂണ്ടയിടാൻ പോകുന്നുവെന്ന് പറഞ്ഞ് ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് റിയാസ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ യുവാവിന്റെ ബാഗും സ്‌കൂടറും ഹാർബറിന് സമീപം നാട്ടുകാർ കണ്ടെത്തിയതോടെ സാമൂഹ്യ പ്രവർത്തകനായ സ്വാലിഹ് കീഴൂർ മേൽപറമ്പ് പൊലീസിലും കോസ്റ്റൽ പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. ഇതിനിടയിൽ ബന്ധുക്കളും സ്ഥലത്തെത്തി.
ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്നായിരുന്നു ബന്ധുക്കൾ പറഞ്ഞത്. ബാഗിൽ നിന്ന് ഫോണും ചൂണ്ടയിടാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തി. വിദേശികൾ ചൂണ്ടയിടുന്നത് പോലുള്ള സംവിധാനങ്ങളുമായാണ് റിയാസ് എത്തിയിരുന്നത്. ചൂണ്ടയിടുന്നതിനിടെ അബദ്ധത്തിൽ കടലിലേക്ക് തെറിച്ചുവീണിട്ടുണ്ടാകുമെന്നാണ് സംശയിക്കുന്നത്. വിവരം അറിഞ്ഞ് യുവാവിന്റെ നാട്ടുകാരും സുഹൃത്തുക്കളും അടക്കം ഹാർബറിൽ തടിച്ചുകൂടിയിട്ടുണ്ട്. ഗൾഫിൽ നിന്ന് നാട്ടിലെത്തുന്ന സന്ദർഭങ്ങളിലെല്ലാം റിയാസ് ചൂണ്ടയുമായി കടപ്പുറത്ത് എത്താറുണ്ടെന്ന് പ്രദേശവാസികളും പറയുന്നു.
#missingperson #keelur #fishingaccident #coastalsearch #kerala