River Encroachment | പുഴയോരം കയ്യേറി കെട്ടിടനിര്‍മാണം; മന്ത്രിയുടെ ഓഫീസിന്റെയും റവന്യൂ - പഞ്ചായത് അധികൃതരുടെയും പിന്‍ബലമുണ്ടെന്നും സ്ഥലമുടമ
നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് പഞ്ചായത് സെക്രറി കെട്ടിടത്തിന് ലൈസന്‍സും നല്‍കി.
കിണര്‍ കുഴിച്ചത് പുഴയില്‍.
കയ്യേറിയ സ്ഥലത്ത് താല്‍ക്കാലിക കെട്ടിടവും നിര്‍മിച്ചിട്ടുണ്ട്.
-സുധീഷ് പുങ്ങംചാല്‍
വെള്ളരിക്കുണ്ട്: (KasargodVartha) പഞ്ചായത്ത് നല്‍കിയ കെട്ടിടനിര്‍മ്മാണ അനുമതി പത്രം ഉപയോഗിച്ച് വെള്ളരിക്കുണ്ടിലെ വിദേശമദ്യ വില്‍പ്പന ശാലയുടെ സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ കെട്ടിട ഉടമ വെള്ളരിക്കുണ്ടില്‍ പുഴയോരം കയ്യേറിയത് വിവാദമാകുന്നു.
ബളാല്‍ പഞ്ചായത്തിലെ സുഗന്ധവാഹിനി പുഴയാണ് എല്ലാ നിയമങ്ങളും ലംഘിച്ച് പഞ്ചായത്ത് അധികൃതരുടെ അനുമതിയോടെ സ്വകാര്യവ്യക്തി കയ്യേറികൊണ്ടിരിക്കുന്നത്. ഇപ്പോഴും തുടരുന്ന പുഴകയ്യേറ്റം തടയാന്‍ പഞ്ചായത്തിന്റെ ഭാഗത്തുനിന്നോ മറ്റ് പരിസ്ഥിതി സംഘടനകളുടെ ഭാഗത്ത് നിന്നോ യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്നതാണ് വിരോധാഭാസം.
പുഴകയ്യേറ്റത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ മന്ത്രിയുടെ ഓഫീസിന്റെയും റവന്യൂ പഞ്ചായത്ത് അധികൃതരുടെയും പിന്‍ ബലമുണ്ടെന്ന് കയ്യേറ്റക്കാരന്‍ കാപ്പില്‍ ടൈറ്റസ് കാസര്‍കോട് വര്‍ത്തയോട് പറഞ്ഞു.
ആറു മാസം മുന്‍പാണ് വെള്ളരിക്കുണ്ടിലെ വിദേശ മദ്യവില്‍പ്പന ശാല എല്ലാ നിയമങ്ങളും ലംഘിച്ചു നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറിയത്. ഇതാകട്ടെ വാഹനപാര്‍ക്കിങ്ങോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത കെട്ടിടമാണ്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ പഞ്ചായത്ത് സെക്രട്ടറി കെട്ടിടത്തിന് ലൈസന്‍സും നല്‍കി.
മാത്രവുമല്ല പുഴയിലാണ് കിണര്‍ കുഴിച്ചതെന്നും പുഴകയ്യേറ്റം നടക്കുന്നുണ്ടെന്നും കാണിച്ചുകൊണ്ട് പഞ്ചായത്തിന് നാട്ടുകാരില്‍ ചിലര്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഇത് അന്വേഷിക്കാന്‍ ബളാല്‍ പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. വെള്ളരിക്കുണ്ട് സബ് ട്രഷറിയുടെ ഭാഗത്ത് നിന്നും ഒഴുകി എത്തുന്ന വെള്ളം പുഴയിലേക്ക് ചേരുന്ന വഴിയും ഇപ്പോള്‍ കെട്ടിയടച്ച നിലയിലാണ്.
കലുങ്ക് വഴി ഒഴുകി പുഴയിലേക്ക് ഒഴുകിയിരുന്ന തോട് കെട്ടിട ഉടമ മണ്ണിട്ട് നികത്തിയിട്ടുമുണ്ട്. ഇതൊക്ക ശ്രദ്ധയില്‍പെട്ടിട്ടിട്ടും കെട്ടിട ഉടമയുടെ സ്വാധീനത്തില്‍ അധികൃതര്‍ ലൈസന്‍സ് നല്‍കുകയായിരുന്നുവെന്നാണ് ആരോപണം. 200 മീറ്റര്‍ ദൂരത്തോളമാണ് ഇപ്പോള്‍ പുഴ കയ്യേറിയിരിക്കുന്നത്. കയ്യേറിയ സ്ഥലത്ത് നിലവിലെ കെട്ടിടം കൂടാതെ താല്‍ക്കാലികകെട്ടിടവും നിര്‍മ്മിച്ചിട്ടുണ്ട്.