Development | ഇലക്ട്രിക് വെഹിക്കിൾ പ്ലാന്റ് കാസർകോട്ട് സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികളുമായി മുന്നോട്ട് പോകും; പുതിയ വ്യവസായ അവസരങ്ങൾ സാധ്യതാപഠനം നടത്തും: ജില്ലാ കളക്ടർ
* ഇതിനായി റവന്യൂ വകുപ്പ്, എൻ.എച്ച്.എ.ഐ (NHAI), നിർമ്മാണ കമ്പനികൾ, ജില്ലാ വ്യവസായ കേന്ദ്രം, വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കും.
* പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കും.
കാസർകോട്: (KasargodVartha) ദേശീയപാത വികസനത്തെ തുടർന്ന് ജില്ലയിൽ രൂപപ്പെടുന്ന പുതിയ അവസരങ്ങളുടെ സാധ്യതാപഠനം നടത്തുമെന്ന് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ പറഞ്ഞു. 'നമ്മുടെ കാസർഗോഡ്' ജില്ലാ കളക്ടറുടെ മുഖാമുഖം പരിപാടിയുടെ ആദ്യ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി റവന്യൂ വകുപ്പ്, എൻ.എച്ച്.എ.ഐ (NHAI), നിർമ്മാണ കമ്പനികൾ, ജില്ലാ വ്യവസായ കേന്ദ്രം, വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കും. ഈ വിഷയത്തിൽ പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കും.
ഇലക്ട്രിക് വെഹിക്കിൾ പ്ലാന്റ് ജില്ലയിൽ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. വിദ്യാനഗർ അസാപ് മുതൽ കോർട്ട് കോംപ്ലക്‌സ് വരെയുള്ള പാതയോരത്ത് 'ഫുഡ് സ്ട്രീറ്റ്'എന്ന പദ്ധതി സ്ഥാപിക്കുന്നതിന് കാസർകോട് നഗരസഭ, ദേശീയ പാത അതോറിറ്റി എന്നിവരുമായി ചേർന്ന് ചർച്ച നടത്തി തുടർ നടപടികൾ സ്വീകരിക്കും. മഞ്ചേശ്വരം ഉൾപ്പെടെ ജില്ലയിലെ വിവിധ മേഖലകളിൽ കൂടുതൽ വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്നതിന് സാധ്യത യോഗം വിലയിരുത്തി. ജില്ലാ കളക്ടർ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വ്യവസായ മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രതിനിധികൾ നൽകിയ നിർദ്ദേശങ്ങൾ ചർച്ച ചെയ്തു.
യോഗത്തിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത്ത് കുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ ആർ.രേഖ, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് കാസർകോട് ചാപ്റ്റർ ചെയർമാൻ എ.കെ ശ്യാം പ്രസാദ്, ജനറൽ കണ്‍വീനർ എം.എൻ പ്രസാദ്, ട്രഷറർ ജലീൽ മുഹമ്മദ്, അബ്ദുൽഖാദർ, മൻസൂർ തുടങ്ങിയവർ പങ്കെടുത്തു.
nammudekasaragod(at)gmail(dot)com എന്ന ഇ മെയിൽ വിലാസത്തിലേക്ക് വിവിധ വിഷയങ്ങളിലുള്ള നിർദ്ദേശങ്ങൾ നൽകാം.