Family Meetup | ചെര്‍ക്കളം കുഞ്ഞുട്ടിക്ക മൊയ്ച്ച കുടുംബ മഹാ സംഗമം മെയ് 7ന്
*2024 മെയ് ഏഴിന് രാവിലെ ഒമ്പത് മണിക്കാണ് പരിപാടി.
*കുടുംബ ഡയറി തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
*വ്യത്യസ്ത വിദ്യാഭ്യാസ - കലാകായിക മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെ അഭിനന്ദിച്ച് പ്രശംസാപത്രവും പുരസ്‌കാരവും നല്‍കും.
കാസര്‍കോട്: (KasargodVartha) ചെര്‍ക്കളയിലെ പ്രശസ്തമായ കുഞ്ഞുട്ടിക്ക മൊയ്ച്ച കുടുംബ സംഗമം മെയ് ഏഴിന് ചെങ്കള ഐമാക്‌സ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് കുടുംബാംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നൂറ്റാണ്ടുകള്‍ക്കപ്പുറം മൊയ്ച്ചയെന്ന ആളിലൂടെ ഈ മണ്ണില്‍ ചുവടുവെക്കപ്പെട്ട നാടിന്റെ അവകാശികളാണ് തങ്ങളെന്ന് പരിപാടിയുടെ നടത്തിപ്പുക്കാര്‍ പറഞ്ഞു.
മൊയ്ച്ചയുടെ ആണ്‍ മക്കളില്‍ നാടറിഞ്ഞ, പേരും പെരുമയും ഉള്ള ആളായിരുന്നു കുഞ്ഞുട്ടിക്കയെന്ന് ബന്ധുക്കള്‍ അവകാശപ്പെട്ടു. അവരുടെ എട്ട് മക്കളില്‍ ഒരാള്‍ പിതാമഹന്റെ പേരില്‍ വിളിക്കപ്പെട്ട മൊയ്തീന്‍ എന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ മക്കളിലൂടെ വിവിധ ദേശങ്ങളിലേക്ക് പരന്നു പോയ കുടുംബ വേരുകള്‍ ഒരിടത്ത് സ്‌നേഹ സംഗമമായി ഒരുമിക്കുകയാണ്. 2024 മെയ് ഏഴിന് രാവിലെ ഒമ്പത് മണിക്കാണ് പരിപാടി.
2,500 പേര്‍ ഈ സംഗമത്തില്‍ പങ്കെടുത്ത് സന്തോഷം പങ്കിടും. സൗഹൃദം ഊട്ടിയുറപ്പിക്കും. പാരസ്പര്യം ചേര്‍ത്തുപിടിച്ചു സഹകാരികളാകും. കുടുംബങ്ങള്‍ സന്ദര്‍ശിച്ച് കാരണവന്മാരെ കണ്ടും, വീട്ടുകാരെ നേരിട്ട് ക്ഷണിച്ചും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കുടുംബാംഗങ്ങളില്‍ നിന്നുള്ള ഡാറ്റകള്‍ സ്വീകരിച്ച് കുടുംബ ഡയറി തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. സംഗമത്തില്‍ കുടുംബാംഗങ്ങള്‍ക്കിടയിലെ മുതിര്‍ന്നവരെ ആദരിക്കും. വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രൊഫഷണലുകളെ അനുമോദിക്കും. വിദ്യാര്‍ഥികള്‍ക്കായി ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിക്കും. വ്യത്യസ്ത വിദ്യാഭ്യാസ - കലാകായിക മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെ അഭിനന്ദിച്ച് പ്രശംസാപത്രവും പുരസ്‌കാരവും നല്‍കും.
മുതിര്‍ന്ന പൗരന്മാര്‍ക്കും യുവാംഗങ്ങള്‍ക്കും കുട്ടികള്‍ക്കും വ്യത്യസ്ത കലാ - കായിക ആസ്വാദന പരിപാടികള്‍ സംഘടിപ്പിക്കും. കുടുംബാംഗങ്ങള്‍ പരസ്പരം കടന്നുപോയ വഴികളും ബിസിനസ് മേഖലകളും പരിചയപ്പെടുത്തുന്ന സെഷനും ഉണ്ടാവും.
കുടുംബ ബന്ധങ്ങളുടെ മാഹാത്മ്യവും പ്രാധാന്യവും ഉത്തരവാദിത്തവും വിശദീകരിച്ചുള്ള ഉദ്‌ബോധന ക്ലാസ് ഉണ്ടായിരിക്കും. കുടുംബ ചരിത്രവും പാരമ്പര്യവും വിശേഷവും രേഖപ്പെടുത്തുന്ന മാഗസിന്‍ പ്രസിദ്ധീകരിക്കും.
2024 മെയ് ഏഴിന് രാവിലെ ചെര്‍ക്കള ഐമാക്‌സ് ഓഡിറ്റോറിയത്തിലാണ് സംഗമം നടക്കുന്നത്. പരിപാടിയില്‍ സംബന്ധിക്കാന്‍ എത്തുന്ന കുടുംബാംഗങ്ങളെ മുതിര്‍ന്ന പൗരന്മാര്‍ കുടുംബ ലോഗോ ആലേഖനം ചെയ്ത പതാക വീശി സ്വീകരിക്കും.
സ്വാഗതസംഘം ചെയര്‍മാന്‍ മൂസ ബി ചെര്‍ക്കള, ജെനറല്‍ കണ്‍വീനര്‍ ഹാരിസ് തായല്‍, ഫിനാന്‍സ് കമിറ്റി ചെയര്‍മാന്‍ സുഹൈല്‍ ചെര്‍ക്കള, ഓര്‍ഗൈനിംഗ് കമിറ്റി അംഗങ്ങളായ ജുനൈദ് ചെര്‍ക്കള, ഇഖ്ബാല്‍ ചെറിയ വീട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.