Inspiration | വീൽചെയറിൽ നിന്ന് ചെസ് ബോർഡിലേക്ക്; കളനാട്ടെ ബദ്‌റുദ്ദീന്റെ അതിശയകരമായ ജീവിതം; ഉയരങ്ങൾ കീഴടക്കിയും പഠിപ്പിച്ചും മുന്നോട്ട്
പോളിയോ ബാധിച്ചിട്ടും, ബദ്റുദ്ദീൻ ചെസ് കളിയോടുള്ള അഭിനിവേശം കൊണ്ട് ജീവിതത്തെ അതിജീവിച്ചു
കളനാട്: (KasargodVartha) പോളിയോ ബാധിച്ച് അരയ്ക്കു താഴെ തളർന്ന ഒ എം ബദ്‌റുദ്ദീൻ എന്ന കളനാട്ടുകാരൻ, ചെസ് ബോർഡിൽ കണ്ടെത്തിയത് ജീവിതത്തിന്റെ പുതിയൊരു അധ്യായം. ചെസ് എന്ന കളി അദ്ദേഹത്തിന്റെ ജീവിതത്തെ മാത്രമല്ല, ലോകത്തെ നോക്കിക്കാണുന്ന കണ്ണുകളെയും മാറ്റിമറിച്ചു. ഒരു കാലത്ത് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട് വീൽചെയറിലേക്ക് ഒതുങ്ങിയ ബദ്റുദ്ദീൻ, ചെസ് ബോർഡിൽ തന്റെ മനസിനെ അതിരുകളില്ലാത്തൊരു ലോകത്തേക്ക് കൊണ്ടുപോയി.
സംസ്ഥാന തലത്തിൽ അംഗീകാരം നേടിയ ഒരു ചെസ് കളിക്കാരനായി മാറിയ ബദ്റുദ്ദീൻ, ഇന്ന് ചെസ് കളിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും തന്റെ ജീവിതം സമർപ്പിച്ചിരിക്കുന്നു, പ്രത്യേകിച്ച് വിദ്യാർഥികൾക്കിടയിൽ. ചെസ് പഠിക്കുന്നത് കുട്ടികളിൽ പോസിറ്റീവ് ചിന്തയും തീരുമാനശേഷിയും വളർത്തുമെന്നും അതിനാൽ ഈ കായിക വിനോദത്തെ പ്രചരിപ്പിക്കേണ്ടതുണ്ടെന്നും ബദ്‌റുദ്ദീൻ കാസർകോട് വാർത്തയോട് പറഞ്ഞു.
'എന്റെ ജീവിതത്തിലേക്ക് ഒരു ചെസ് ബോർഡ് എത്തിയതോടെ എല്ലാം മാറിമറിഞ്ഞു. എന്റെ സഹോദരൻ വാങ്ങിത്തന്ന ആ ചെസ് ബോർഡിൽ ഞാൻ കളിക്കാൻ തുടങ്ങി. പെട്ടെന്ന് തന്നെ പരിശീലനം നേടി. ഇത് വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ എന്നെ സഹായിച്ചു. പക്ഷേ, ഒരു വീൽചെയർ ഉപയോഗിക്കുന്നയാളെന്ന നിലയിൽ മത്സരങ്ങളിൽ പങ്കെടുക്കാനും ദൂരെ സ്ഥലങ്ങളിൽ പോകാനും എനിക്ക് എപ്പോഴും ആരുടെയെങ്കിലും സഹായം ആവശ്യമാണ്, ഇതിനായി ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഒപ്പം കൂട്ടാറാണ് പതിവ്', ബദ്‌റുദ്ദീൻ പറയുന്നു.
പോളിയോ ബാധിച്ചിട്ടും, ബദ്റുദ്ദീൻ ചെസ് കളിയോടുള്ള അഭിനിവേശം കൊണ്ട് ജീവിതത്തെ അതിജീവിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി ഇദ്ദേഹം ചെസ് കളിക്കുന്നു. നേരത്തെ ചെറിയൊരു കൂട്ടത്തിൽ മാത്രം ചെസ് പഠിപ്പിച്ചിരുന്ന ഈ പ്രതിഭ, കോവിഡ് കാലഘട്ടത്തിൽ സുഹൃത്തുക്കളോടൊപ്പം ചേർന്ന് 300-ലധികം വിദ്യാർഥികൾക്ക് ചെസിന്റെ പാഠങ്ങൾ പകർന്നു.
ചെസ് തനിക്ക് ജീവിതത്തെ പോസിറ്റീവായി കാണാനുള്ള ശക്തി നൽകിയെന്ന് ബദറുദ്ദീൻ പറയുന്നു. ഞാൻ എന്റെ അറിവും അനുഭവവും മറ്റുള്ളവരുമായി പങ്കുവെക്കാൻ തുടങ്ങി. ബോർഡ് ഒരുക്കി, നിയമങ്ങൾ വിശദീകരിച്ച്, അവരെ കളിക്കാൻ പ്രോത്സാഹിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ബദ്‌റുദ്ദീൻ സീറോ ലാൻഡ്, സുതാര്യ കേരളം എന്നീ പദ്ധതികളുടെ ഭാഗമായി കാസർകോട് കലക്ട്രേറ്റിൽ താത്കാലികമായി ജോലി ചെയ്തിരുന്നു. പിന്നീട് കളനാട് ഹൈദ്രോസ് ജമാഅത് ഹയർ സെകൻഡറി സ്‌കൂളിൽ ഓഫീസ് ജീവനക്കാരനായും പ്രവർത്തിച്ചു. ഇപ്പോൾ സ്‌കൂളുകളിൽ ചെന്ന് ചെസ് പഠിപ്പിക്കുകയാണ് ചെയ്യുന്നത്.
സ്‌കൂളുകളുടെ പിന്തുണയും ആവശ്യമുള്ള കാര്യമാണിത്. എല്ലായിടത്ത് നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും ബദ്‌റുദ്ദീൻ വ്യക്തമാക്കി. കളനാട്ടെ പരേതനായ അബ്ദുർ റഹ്‌മാൻ - ആഇശ ദമ്പതികളുടെ മകനാണ് ബദ്‌റുദ്ദീൻ. ഒരിക്കലും തളരാത്ത മനസും ഉറച്ച ലക്ഷ്യവുമായി യാത്ര തുടരുകയാണ് ഈ യുവാവ്.
#chess #polio #disability #inspiration #Badruddin #Kalnad #Kerala #chessplayer #overcomingchallenges