city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ഇസ്‌ലാമോ ഫോബിയ' അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം 26ന്

കണ്ണൂര്‍: (www.kasargodvartha.com 25.08.2016) ഇസ്‌ലാമോ ഫോബിയ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനവും വെബ്‌സൈറ്റ് ഉദ്ഘാടനവും 26ന് കണ്ണൂര്‍ യൂണിറ്റി സെന്ററില്‍ നടക്കും. ദേശീയമായും സാര്‍വദേശീയമായും നിലില്‍ക്കുന്ന ഇസ്‌ലാം പേടിയുടെ പുതിയ പശ്ചാത്തലത്തില്‍ 'ഇസ്ലാമോഫോബിയ' അക്കാദമിക് കോണ്‍ഫറന്‍സിന് സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് തുടക്കമിടുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് ടി ശാക്കിര്‍ പറഞ്ഞു.

പേര്, വേഷം, സംസ്‌കാരം എന്നിവയാല്‍ മുസ്‌ലിം സമൂഹം മുനകൂര്‍ത്ത നോട്ടങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നു. ദേശക്കൂറ് അവര്‍ നിരന്തരം ബോധ്യപ്പെടുത്തേണ്ടിവരുന്നു. തീവ്രവാദമെന്ന് കേള്‍ക്കുമ്പോഴേക്കും 'ഞാനല്ല' എന്ന നട്ടെല്ലുരുക്കത്തോടെ അവനവനിലേക്ക് ചുരുണ്ടുകൂടേണ്ടിവരുന്നു. ദേശത്തിനകത്ത് നടമാടുന്ന ഭരണകൂട ഭീകരതയും അതുതന്നെ പടച്ചു വിടുന്ന വിവേചന ഭീകരതയും കൂടുതല്‍ അന്യഥാബോധത്തിലേക്ക് അവരെ എടുത്തെറിയുന്നു. 'ഇസ്‌ലാം പേടി'യുടെ ഈ നടപ്പുരീതികള്‍ ലോകവ്യാപകമായി നടമാടുമ്പോഴും കേരളം അതിന്റെ സവിശേഷത കാത്തുസൂക്ഷിച്ചിരുന്നു.

'സാംസ്‌കാരിക വൈവിധ്യങ്ങളുടെ കേദാരം' എന്ന് പുകഴ്‌പെറ്റ നമ്മുടെ ദേശപാരമ്പര്യത്തെ ശരിവെച്ച തുരുത്തായിരുന്നു കേരളം. എന്നാല്‍, സാംസ്‌കാരിക വൈവിധ്യങ്ങളുടെ ഈ വിളഭൂമി ഉഴുതുമറിച്ച് ഏകവിള തോട്ടങ്ങളാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് കേരളത്തില്‍ ഇന്ന് നടമാടുന്നത്. ലൗ ജിഹാദ്, റോമിയോ ജിഹാദ്, കശ്മീര്‍ റിക്രൂട്ട്‌മെന്റ്, യത്തീംഖാന വിവാദം തുടങ്ങിയവ അതിന്റെ ചില സാമ്പിളുകള്‍ മാത്രമായിരുന്നു. ഇസ്‌ലാമിനെയും മുസ്‌ലിമിനെയും കുറിച്ചുള്ള ഈ പേടിക്ക് പാശ്ചാത്യന്‍ ചിന്തയോടും അതിന്റെ ആശയധാരകളോടും കൃത്യമായ ചരി്രത ബന്ധമുണ്ട്. സാമ്രാജ്യത്വത്തിന്റെ വെട്ടിപ്പിടിക്കലുകളുടെ ഭൂഖാന്തര സമുദ്ര സഞ്ചാരങ്ങള്‍, ചോരമണക്കുന്ന പഴയ കുരിശു യുദ്ധങ്ങള്‍, യൂറോപ്യന്‍ നവോത്ഥാനത്തിന്റെ പിറവിയും വളര്‍ച്ചയും എല്ലാം 'ഇസ്‌ലാംപേടി'യെ മുന്‍നിര്‍ത്തിയായിരുന്നു. അമേരിക്കയിലെ വേള്‍ഡ്‌ട്രേഡ് സെന്ററിന്റെ തകര്‍ച്ചക്കുശേഷം ഈ മുസ്‌ലിംവിരുദ്ധ കാഴ്ചപ്പാടിന് മുമ്പെങ്ങുമില്ലാത്ത പ്രസക്തി കൈവന്നിരിക്കുന്നു. മുമ്പ് മുസ്‌ലിംവിരുദ്ധത നിലനില്‍ക്കുമ്പോള്‍ തന്നെ സമാന്തരമായി കമ്യൂണിസം എന്ന ശത്രവും സാമ്രാജ്യത്വത്തിന്റെ മുമ്പിലുണ്ടായിരുന്നു.

എന്നാല്‍, ശീതസമരങ്ങള്‍ക്കും ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചക്കും ശേഷം ക്യൂണിസമെന്ന ശത്രു അണിയറയിലേക്ക് മാറ്റി നിര്‍ത്തപ്പെട്ടു. ഇപ്പോള്‍ സാമ്രാജ്യത്വത്തിന്റെ ഉന്നം ഇസ്‌ലാം മാത്രമായിരിക്കുന്നു. ഈ മുസ്‌ലിം ആഗോള ശത്രുവിനെ ഭാവന ചെയ്തും വികസിപ്പിച്ചുകൊണ്ടുമാണ് ഇന്ന് യൂറോ അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ അജണ്ടകള്‍ തയ്യാറാക്കുന്നത്. ഇതിലൂടെ ഇസ്്‌ലാമെന്നത് ഒരാഗോള ശത്രുവായി ഓരോ രാജ്യത്തിന്റെയും പ്രാദേശിക ബോധങ്ങളിലേക്ക് വരെ പടര്‍ന്നു പിടിക്കുന്നു. വര്‍ത്തമാന ഇന്ത്യയില്‍ മുസ്‌ലിം വിരുദ്ധത തഴച്ചുവളരാനുള്ള വളക്കൂറുള്ള മണ്ണായി 'ഇസ്‌ലാമോ ഫോബിയ' മാറിയിരിക്കുന്നു. 'ഇസ്‌ലാം പേടിയുടെ' വേരുകളും അതിന്റെ വളര്‍ച്ചാ വഴികളും കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ഇസ്‌ലാമോഫോബിയ അക്കാദമിക് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.

ഡിസംബറില്‍ കോഴിക്കോട് നടക്കുന്ന കോണ്‍ഫറന്‍സിന്റെ ഔദ്യോഗിക പ്രഖ്യാപനവും വെബ്‌സൈറ്റ് ഉദ്ഘാടനവും ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി ആരിഫലി നിര്‍വഹിക്കും. ഓഗസ്റ്റ് 26ന് 4.30ന് കണ്ണൂര്‍ യൂണിറ്റി സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ സാഹിത്യകാരന്‍ കെ പി രാമനുണ്ണി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വി സി ഖാദര്‍ മങ്ങാട്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് ടി ശാക്കിര്‍, എസ് ഐ ഒ സംസ്ഥാന പ്രസിഡണ്ട് നഹാസ് മാള എന്നിവര്‍ പങ്കെടുക്കും.

'ഇസ്‌ലാമോ ഫോബിയ' അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം 26ന്

Keywords : Conference, Kannur, Inauguration, Solidarity, Islamophobia, Solidarity Islamophobia conference declaration on 26th. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia