ട്രെയിനിൽ കയറിയ ദമ്പതികളിലെ യുവാവിനെ റെയിൽപാളത്തിൽ ഗുരുതര പരിക്കുകളോടെ കണ്ടെത്തി
Aug 24, 2021, 14:10 IST
കാസർകോട്: (www.kasargodvartha.com 24.08.2021) യുവാവിനെ ട്രെയിൻ തട്ടിയ നിലയിൽ ഗുരുതര പരിക്കുകളോടെ പാളത്തിൽ നിന്ന് കണ്ടെത്തി. തമിഴ് നാട് ഈറോഡ് സ്വദേശി ശങ്കറിന് (38) ആണ് പരിക്കേറ്റത്.
കാസർകോട് റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച രാത്രി എട്ടര മണിയോടെയാണ് സംഭവം നടന്നത്. തമിഴ് നാട് സ്വദേശികളായ ദമ്പതികൾ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്ത് നിൽക്കുന്നത് പൊലീസ് കണ്ടിരുന്നു. പിന്നീട് ഇവർ കാസർകോട് നിന്ന് ബെംഗളൂറിലേക്ക് പോകുന്ന ട്രെയിനിൽ കയറിയതായും പറയുന്നു.
എന്നാൽ ട്രെയിൻ പുറപ്പെട്ടതിന് ശേഷം റെയിൽവേ സ്റ്റേഷനിലൂടെ നടന്നുവരികയായിരുന്ന യുവതിയോട് നിങ്ങൾ പോയില്ലേ എന്ന് റെയിൽവേ പൊലീസ് ചോദിച്ചപ്പോൾ 'ഞാൻ പോകുന്നില്ല' എന്നായിരുന്നു യുവതി മറുപടി പറഞ്ഞത്. പൊലീസ് സ്ത്രീയെ പറഞ്ഞുവിടുകയും ചെയ്‌തു.
എന്നാൽ പിന്നീട് അതുവഴി കടന്നുപോയ ഗുഡ്‌സ് ട്രെയിനിന്റെ ലോകോപൈലറ്റ് ട്രാകിൽ ഒരാൾ വീണ് കിടക്കുന്നതായി വിവരം നൽകി. അതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുരുതര പരിക്കുകളോടെ യുവാവിനെ കണ്ടെത്തിയത്. കാല് അറ്റനിലയിലായിരുന്നു.
തുടർന്ന് യുവാവിനെ കാസർകോട് ജനറൽ ആശുപത്രിയിലേക്കും അവിടെ നിന്ന് പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. പിന്നീട് കോയമ്പത്തൂരിലെ കോപൈ ആശുപത്രിയിലേക്ക് ഭാര്യയുടെ കൂടെ കൊണ്ടുപോയതായും സംഭവത്തിൽ കേസെടുത്തിട്ടില്ലെന്നും കാസർകോട് റെയിൽവേ പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.
< !- START disable copy paste -->
Keywords: Kasaragod, Kerala, News, Accident, Top-Headlines, Train, Railway station, Police, Investigation, Kannur, General-hospital, Young man found on track with serious injuries.