Murder Case | വിഷ്ണുപ്രിയയുടെ കൊലപാതകം: പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്; 'പ്രണയാഭ്യർഥന നിരസിച്ചത് ക്രൂരകൃത്യത്തിന് കാരണമായി'
Oct 22, 2022, 19:07 IST
പാനൂർ: www.kasargodvartha.com) മൊകേരി വളള്യായിയിൽ യുവതിയെ വീട്ടിനുള്ളിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിലെ പ്രതി ശ്യാംജിത് എന്നയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.തന്റെ പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് ഇയാൾ കേസ് അന്വേഷണം നടത്തിയ കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെ ചോദ്യം ചെയ്യലിൽ മൊഴി നൽകിയത്.
മൊകേരി നടമ്മൽ കണ്ണച്ചാക്കണ്ടി വിഷ്ണപ്രിയ (അമ്മു -23) യാണ് ശനിയാഴ്ച രാവിലെ 11-30 ഓടെ മരിച്ച നിലയിൽ ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെടുന്നത്. പാനൂർ ന്യൂക്ലിയസ് ക്ലിനികലിൽ ഫർമസി സ്റ്റാഫാണ് വിഷ്ണു പ്രിയ. കൊലപാതകം നടക്കുമ്പോൾ വീട്ടിൽ മറ്റാരുമില്ലായിരുന്നു.അഞ്ചു ദിവസം മുമ്പ് വിഷ്ണുപ്രിയയുടെ പിതാവിന്റെ അമ്മ മരണപ്പെട്ടതിനാൽ എല്ലാവരും അവിടെയായിരുന്നു. കഴുത്തറുത്ത് ഇരു കൈകളും വെട്ടിമു റിച്ച നിലയിൽ കിടപ്പുമുറിയിലായിരുന്നു മൃതദേഹം
തൊപ്പിയും മാസ്കും ധരിച്ച അപരിചതനായ ഒരു യുവാവ് റോഡിലൂടെ ഓടിപ്പോകുന്നത് കണ്ടതായി പ്രദേശവാസികൾ മൊഴി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചത്. വിഷ്ണുപ്രിയയുടെ ഫോണിൽ നിന്നാണ് പ്രതിയായ ശ്യാംജിതിന്റെ വിവരം ലഭിക്കുന്നത്.
ഖത്വറിൽ പ്രവാസിയായ വിനോദൻ - ബിന്ദു ദമ്പതികളുടെ മകളാണ് വിഷ്ണു പ്രിയ. സഹോദരങ്ങൾ: വിസ്മയ, വിപിന, അരുൺ. പാനൂർ പൊലീസ് ഇൻസ്പെക്ടർ എംപി ആസാദ്, വിവി ലതീഷ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർഇ ഇളങ്കോ വിഷ്ണുപ്രിയയുടെ വീട് സന്ദർശിച്ചു.
Keywords: Kannur, Kerala, News, Top-Headlines, Police, Love, Crime, Accuse, Investigation, Murder, Murder-case, Case, Vishnu Priya's murder: Police said that accused confessed crime.