'വി.ഐ.പി.' കവര്‍ചാ സംഘം കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും മോഷണം നടത്തി
Dec 12, 2012, 16:00 IST
കണ്ണൂരില്‍ പിടിയിലായ സാരി മോഷണ സംഘം |
കാസര്‍കോട്: കണ്ണൂരില്‍ അറസ്റ്റിലായ അഞ്ചംഗ 'വി.ഐ.പി.' കവര്‍ചാ സംഘം കാസര്‍കോട് ജില്ലയിലെ രണ്ട് വസ്ത്രാലയങ്ങളിലും കവര്‍ച നടത്തി. കാസര്‍കോട് ടൗണിലെയും കാഞ്ഞങ്ങാട് ടൗണിലെയും തുണിക്കടകളിലാണ് ഇവര്‍ മോഷണം നടത്തിയത്. ഇതു സംബന്ധിച്ച് കട ഉടമകള്‍ പോലീസില്‍ വിവരം അറിയിച്ചതായി കേസന്വേഷിക്കുന്ന കണ്ണൂര്‍ ഡി.വൈ.എസ്.പി. പി. സുകുമാരന്‍ പറഞ്ഞു.
കേരളത്തിലുടനീളവും കര്‍ണാടകയില്‍ ബാംഗ്ലൂര്‍, മംഗലാപുരം, ഹൂബ്ലി, ഷിമോഗ എന്നിവിടങ്ങളിലും ഇവര്‍ മോഷണം നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഒന്നര വര്‍ഷമായി തുടര്‍ചയായി യാത്ര ചെയ്താണ് സംഘം തുണിക്കടകളില്‍ നിന്ന് വില കൂടിയ സാരികള്‍ മോഷ്ടിക്കുന്നത്. 16 തുണിക്കടകളില്‍ നിന്ന് മോഷണം നടത്തിയതിന്റെ വിവരം ലഭിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ കടകളില്‍ മോഷണം നടത്തിയിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ സംശയം.
പ്രതികളെ തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിട്ടുണ്ട്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താല്‍ മറ്റു മോഷണങ്ങളെക്കുറിച്ച് വിവരം ലഭിക്കുമെന്നാണ് പോലീസിന്റെ കണക്കു കൂട്ടല്‍. ഇപ്പോള്‍ അറസ്റ്റിലായ അഞ്ചംഗ സംഘത്തിന് പുറമെ മറ്റൊരു സംഘം കൂടി കേരളത്തില്‍ സമാന രീതിയില്‍ മോഷണം നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അവരെ ഉടന്‍ കുടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് പോലീസിനുള്ളത്.
തമിഴ്‌നാട് കമ്പം തേനി മാരിയമ്മന്‍ കോവില്‍ തെരുവ് സ്വദേശികളായ റാണി റാസംഗം (50), ഈശ്വരി (45), ജയ ജനാര്‍ദ്ദനന്‍ (38), റാസാത്തി (60), ചിലമ്പരശന്‍ (25) എന്നിവരാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. ഇവര്‍ സഞ്ചരിക്കാനുപയോഗിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വന്തം കാറില്‍ വന്നിറങ്ങുന്ന ഇവര്‍ സാരി വാങ്ങാനെന്ന വ്യാജേന വലിയ വസ്ത്രാലയങ്ങളില്‍ കയറുകയും സാരികള്‍ നോക്കുന്നതിനിടയില്‍ വില കൂടിയവ എടുത്ത് ദേഹത്ത് ഒളിപ്പിക്കുകയും ചെയ്യും. പിന്നീട് ഒന്നും വാങ്ങാതെയാണ് സംഘം ഇറങ്ങി പോകുന്നത്. ആഡംബര വസ്ത്രധാരികളായ ഇവരെക്കുറിച്ച് ആര്‍ക്കും സംശയവും ഉണ്ടാകാറില്ല.
മോഷ്ടിച്ച സാരികള്‍ പുറത്തിറങ്ങിയ ഉടന്‍ തന്നെ സംഘത്തിലെ ചില ഏജന്റുമാര്‍ മുഖേന രഹസ്യ കേന്ദ്രങ്ങളിലേക്ക് കടത്തും. ഇങ്ങനെ കടത്തിയ സാരികള്‍ തമിഴ്‌നാടിന്റെ വിവിധ പ്രദേശങ്ങളില്‍ വിറ്റഴിക്കും. കണ്ണൂര്‍ ഡി.വൈ.എസ്.പി. പി. സുകുമാരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ താഴെ ചൊവ്വയില്‍ നിന്നാണ് മോഷണ സംഘത്തെ അറസ്റ്റു ചെയ്തത്. കോഴിക്കോട്ടെ ഒരു വസ്ത്ര വ്യാപാരിയാണ് ഇവരെ കുറിച്ചുള്ള സൂചനകള്‍ പോലീസിന് നല്‍കിയത്. തിരുവനന്തപുരത്ത് നാല്, എറണാകുളത്ത് രണ്ട്, കോഴിക്കോട് മൂന്ന്, കണ്ണൂരില്‍ അഞ്ച്, കാസര്‍കോട് രണ്ട് എന്നിങ്ങനെയാണ് ഇവര്‍ കവര്‍ച നടത്തിയ കടകള്‍.
കണ്ണൂര്‍ ടൗണ്‍ സി.ഐ. വിനോദ് കുമാര്‍, ചക്കരക്കല്ല് എസ്.ഐ. രാജീവന്‍, ടൗണ്‍ എസ്.ഐ. സനല്‍ കുമാര്‍, എസ്.പി.യുടെ പ്രത്യേക സംഘത്തില്‍പെട്ട രാജീവന്‍, മഹിജന്‍ എന്നിവരാണ് കവര്‍ചാ സംഘത്തെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നത്.
Keywords: Theft, Ladies-Dress, Kasaragod, Shop, Shop Keeper, Police, Accuse, Kannur, Arrest, Kanhangad, Kerala, VIP robbery gang in Kasaragod and Kanhangad.