കെ എം ഷാജിക്കെതിരെ വിജിലന്‍സ് കേസ്; നിയമപരമായി നേരിടുമെന്ന് ഷാജി
Apr 17, 2020, 18:06 IST
കണ്ണൂര്‍: (www.kasargodvartha.com 17.04.2020) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ സംബന്ധിച്ച് ആരോപണം ഉന്നയിച്ചതിനു പിന്നാലെ അഴീക്കോട് എംഎല്‍എ കെ എം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി. അഴീക്കോട് ഹൈസ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ആരംഭിക്കുന്നതിന് സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്നും ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്നാരോപിച്ച് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭന്‍ നല്‍കിയ പരാതിയിലാണ് നടപടി സ്വീകരിച്ചത്.
2017 ജനുവരി 19നാണ് പത്മനാഭന്‍ പരാതി നല്‍കിയത്. മുസ്ലീം ലീഗ് പൂതപ്പാറ ശാഖാ കമ്മിറ്റിക്ക് കെട്ടിടം നിര്‍മിക്കാന്‍ ഒരു അധ്യാപക നിയമനത്തിന് വാങ്ങുന്ന പണം നല്‍കണമെന്നാണ് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു. കോഴ ആരോപണത്തില്‍ കെ എം ഷാജിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ വിജിലന്‍സാണ് കേസെടുത്തത്.
അതേസമയം തനിക്കെതിരെയായ വിജിലന്‍സ് കേസ് നിയമപരമായി നേരിടുമെന്ന് കെ എം ഷാജി എംഎല്‍എ പറയുന്നു. സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും കെ എം ഷാജി പറയുന്നു.
കഴുത്തിനൊപ്പമല്ല മൂക്കിനൊപ്പം വെള്ളം കയറിയാലും രാഷ്ട്രീയം പറയും. സിപിഎം ഉണ്ടാക്കിയ കേസാണിത്. ലീഗ് കേസ് നല്‍കിയെന്ന പ്രചാരണം അസംബന്ധമാണ്. ഒരാളുടെ കയ്യില്‍ നിന്നും അന്യായമായി തുക കൈപ്പറ്റിയിട്ടില്ലെന്നും മോദിയുടെ രാഷ്ട്രീയ രീതികളാണ് പിണറായി വിജയന്റേതെന്നും കെ എം ഷാജി പ്രതികരിച്ചു.
Keywords: Kannur, News, Kerala, case, Top-Headlines, complaint, Vigilance, enquiry, Investigation, MLA, K M Shaji, Vigilance case against KM Shaji MLA