city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉമ്മന്‍ചാണ്ടിക്ക് തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന ചെന്നായയുടെ സ്വഭാവം: വി. മുരളീധരന്‍

കാസര്‍കോട്: (www.kasargodvartha.com 04/01/2016) കണ്ണൂരില്‍ രാഷ്ട്രീയ സംഘട്ടനങ്ങളവസാനിപ്പിക്കാനുള്ള നീക്കത്തെ എതിര്‍ക്കുകയും അവഹേളിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട് മുട്ടനാടുകളെ കൊണ്ട് തമ്മില്‍ തല്ലിച്ച് ഇടയ്ക്കു നിന്ന് രക്തം കുടിക്കുന്ന ചെന്നായയ്ക്ക് സമാനമാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ പറഞ്ഞു. കണ്ണൂരിലെ രാഷ്ട്രീയ സംഘട്ടനങ്ങള്‍ അവസാനിപ്പിക്കണമെന്നും സമാധാനം പുലരണമെന്നുമാണ് എല്ലാവരുടെയും നിലപാട്. അതിനു തക്കതായ ചില ശ്രമങ്ങളുണ്ടാകുമ്പോള്‍ അതിനെ ഇകഴ്ത്തിക്കാട്ടുന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി എന്ന നിലയില്‍ പറയാന്‍ പാടില്ലാത്ത വാക്കുകള്‍ അദ്ദേഹം പറഞ്ഞതെന്നും മുരളീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കണ്ണൂരിലെ സംഘര്‍ഷങ്ങളൊഴിവാക്കാനുള്ള ആര്‍എസ്എസ് നിര്‍ദേശത്തോട് സിപിഎം പ്രതികരിച്ചത് പ്രതീക്ഷ നല്‍കുന്ന നീക്കമാണ്. ആര്‍എസ്എസിന്റെയും സിപിഎമ്മിന്റെയും നിലപാട് പൊതുസമൂഹം ഗൗരവത്തോടെയാണ് കാണുന്നത്. ഏറെ നാളുകളായി കണ്ണൂരില്‍ നടക്കുന്ന സംഘട്ടനങ്ങളില്‍ നിരവധിയാളുകളാണ് കൊല്ലപ്പെട്ടിട്ടുള്ളത്. അതിലുമേറെയാളുകള്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ഇപ്പോഴും ദുരിതങ്ങളനുഭവിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു മാത്രം കണ്ണൂരില്‍ ചോരപ്പുഴ ഒഴുകുന്നത് അവസാനിക്കരുതെന്ന നിലപാടാണുള്ളത്. ഇത് വിചിത്രമാണെന്ന് വി. മുരളീധരന്‍ പറഞ്ഞു.

സിപിഎമ്മുമായുള്ള ചര്‍ച്ചകള്‍ അവരോടുള്ള രാഷ്ട്രീയവും നയപരവുമായ എല്ലാ വിയോജിപ്പുകളും നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് നടത്തുന്നത്. സിപിഎമ്മുമായുള്ള രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവയ്ക്കാന്‍ കഴിയുന്നതുമല്ല. വോട്ടിനു വേണ്ടിയുള്ള ചര്‍ച്ചയാണെന്നാണ് ഉമ്മന്‍ചാണ്ടി പരിഹസിക്കുന്നത്. വോട്ടിനേക്കാള്‍ മുഖ്യം കണ്ണൂരില്‍ സമാധാനം പുലരണമെന്നതാണ്. കാസര്‍കോട് ജില്ലയില്‍ മാത്രം നാലുവോട്ടു കിട്ടാന്‍ അവിശുദ്ധ കൂട്ടുകെട്ടിനു പോയ ചരിത്രം ഉമ്മന്‍ചാണ്ടിയുടെ പാര്‍ട്ടിക്കാണുള്ളത്. കാസര്‍കോട്ടെ നിരവധി സ്ഥലങ്ങളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎമ്മും കോണ്‍ഗ്രസും ഒത്തു ചേര്‍ന്നു. ഇപ്പോള്‍ കാസര്‍കോട്ട് മാത്രമല്ല, രാജ്യത്താകമാനം സിപിഎമ്മും കോണ്‍ഗ്രസ്സും ഒന്നിച്ചു മത്സരിക്കാനാണ് തയ്യാറെടുത്തു കൊണ്ടിരിക്കുന്നത്. സിപിഎം കോണ്‍ഗ്രസ് അവിശുദ്ധ ബാന്ധവം മറച്ചു വെച്ചുകൊണ്ടാണ് ഉമ്മന്‍ചാണ്ടി തെറ്റിധാരണ പരത്തുന്നതെന്നും വി. മുരളീധരന്‍ പറഞ്ഞു.

അഞ്ച് കൊല്ലം സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് നടത്തുന്ന ജനരക്ഷായാത്ര ഏറ്റവും വലിയ വിരോധാഭാസമാണ്. ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് കേരളത്തിലെ ജനങ്ങളെ രക്ഷിക്കാനാണോ യാത്രയെന്ന് വി.എം സുധാരന്‍ വ്യക്തമാക്കണം. കേരളത്തെ രക്ഷിക്കാനല്ല നേതാക്കളുടെ കീശ വീര്‍പ്പിക്കാനാണ് ഭരണ തുടര്‍ച്ച വേണമെന്ന് കോണ്‍ഗ്രസ് പറയുന്നതെന്ന് മുരളീധര്‍ കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട്, മഞ്ചേശ്വരം തല നേതൃയോഗങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി. മുരളീധരന്‍. ഉപ്പളയില്‍ നടന്ന യോഗത്തില്‍ മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ഹരിഷ്ചന്ദ്ര മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.ജി ഉണ്ണിക്കൃഷ്ണന്‍, വൈസ് പ്രസിഡണ്ട് പ്രമീള സി നായ്ക്, ജില്ലാ പ്രസിഡണ്ട് പി. സുരേഷ് കുമാര്‍ ഷെട്ടി, വൈസ് പ്രസിഡണ്ട് സരോജ ആര്‍ ബെള്ളാര്‍, സ്‌നേഹലതാ ദിവാകര്‍, മണ്ഡലം ഉപാധ്യക്ഷന്‍മാരായ മുരളീധര യാദവ്, എ.കെ കൈയ്യാര്‍, കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി കെ.പി വത്സരാജ്, യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ വിജയകുമാര്‍ റൈ, ജില്ലാ പ്രസിഡണ്ട് പി.ആര്‍ സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മുള്ളേരിയയില്‍ നടന്ന കാസര്‍കോട് മണ്ഡലം തല നേതൃയോഗത്തില്‍ പ്രസിഡണ്ട് സുധാമ ഗോസാഡ അധ്യക്ഷത വഹിച്ചു. ദേശീയ നിര്‍വാഹക സമിതിയംഗം എം. സഞ്ജീവ ഷെട്ടി, സംസ്ഥാന സമിതിയംഗം പി. രമേശ്, ജില്ലാ വൈസ് പ്രസിഡണ്ട് ശിവകൃഷ്ണ ഭട്ട്, മണ്ഡലം ജനറല്‍ സെക്രട്ടറി ഹരീഷ് നാരംപാടി തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

ഉമ്മന്‍ചാണ്ടിക്ക് തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന ചെന്നായയുടെ സ്വഭാവം: വി. മുരളീധരന്‍

Keywords : Kasaragod, Kerala, Oommen Chandy, BJP, Congress, CPM, RSS, Kannur, V. Muraleedharan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia