ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം ടി വി പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു
കണ്ണൂര്‍: (www.kasargodvartha.com 16.10.2020) ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം ടിവി പൊട്ടിത്തെറിച്ച് വീടിന് ഭാഗികമായി തീപിടിച്ചു. രാമന്തളി വടക്കുമ്പാട് കണ്ണങ്ങാട്ട് ക്ഷേത്രത്തിനു സമീപത്തെ പുളുക്കൂല്‍ നാരായണന്റെ വീടിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച്ച രാവിലെ 10.30 ഓടെയാണ് സംഭവം. നാരായണന്റെ മക്കള്‍ ടിവി കണ്ടു കൊണ്ടിരിക്കുമ്പോഴാണ് ടിവിയില്‍ നിന്നും പുക ഉയരുന്നതു കണ്ടതും ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചതും. കുട്ടികള്‍ ഭയന്ന് പുറത്തേക്ക് ഓടിയത് കാരണം ആളപായം ഒഴിവായി.
ടിവി പൊട്ടിത്തെറിച്ചത് കാരണം വീട്ടിന്റെ മരം കൊണ്ടുള്ള മട്ടുപാവിന് തീപിടിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഫാനും പൂര്‍ണ്ണമായും കത്തിനശിച്ചു. മട്ടുപാവ് ഭാഗികമായി കത്തിനശിച്ച നിലയിലാണ്. തീപിടുത്തത്തില്‍ മുറിയിലുണ്ടായിരുന്ന ഫാന്‍, ഫര്‍ണിച്ചറുകള്‍, പുസ്തകങ്ങള്‍, തുണികള്‍ എന്നിവ പൂര്‍ണ്ണമായും വയറിംഗ് ഭാഗികമായും കത്തിനശിച്ചു. മേല്‍ക്കൂരയ്ക്ക് മുകളില്‍ സൂക്ഷിച്ചിരുന്ന ഓലയ്ക്ക് തീ പടര്‍ന്നത് തീപ്പിടുത്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു.
കുട്ടികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഓടിയെത്തി തീയണക്കുകയായിരുന്നു. പയ്യന്നൂരില്‍ നിന്നും അഗ്നി-രക്ഷാ സേനയും സ്ഥലത്തെത്തി. സ്റ്റേഷന്‍ ഓഫീസര്‍ പി വി പവിത്രന്റെ നേതൃത്വത്തില്‍ അപകടാവസ്ഥ ഒഴിവാക്കി. ഏകദേശം ഇരുപത്തി അയ്യായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Keywords: Kannur, News, Kerala, Top-Headlines, fire, House, Children, Television set on fire in Kannur