Booked | എസ് ഡി പി ഐയുടെ പതാക കീറിയതിന് നിങ്ങളെന്തിനാണ് ദേഷ്യപ്പെടുന്നത്? പോര്‍ചുഗലിന്റെ ഫ് ളാഗ് കീറിയത് ചോദ്യം ചെയ്ത ആരാധകരോട് ബി ജെ പി പ്രവര്‍ത്തകന്‍; പിന്നീട് സംഭവിച്ചത്
കണ്ണൂര്‍: (www.kasargodvartha.com) നാടെങ്ങും ലോക കപിന്റെ ആവേശം അലയടിക്കുകയാണ്. അതിനിടെ കണ്ണൂരില്‍ നിന്ന് രസകരമായൊരു സംഭവമാണ് റിപോര്‍ട് ചെയ്യുന്നത്. കണ്ണൂര്‍ പാനൂര്‍ വൈദ്യര്‍ പീടികയില്‍ ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. പോര്‍ചുഗലിന് പിന്തുണ അറിയിച്ച് കൊണ്ട് പ്രദേശത്തെ ആരാധകര്‍ പോര്‍ചുഗല്‍ പതാക കെട്ടിയിരുന്നു. എന്നാല്‍ രാത്രി ഏഴ് മണിയോടെ ഒരാള്‍ ഈ പതാക പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ വലിച്ച് കീറി നശിപ്പിക്കുകയായിരുന്നു.
സംഭവം നേരില്‍കണ്ട ചിലര്‍ ഇത് കാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ചു. ഇത് കണ്ട പോര്‍ചുഗല്‍ ആരാധകര്‍ എത്തി യുവാവിനെ ചോദ്യം ചെയ്തു. അപ്പോള്‍ അയാളുടെ ചോദ്യം കേട്ട് യുവാക്കള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി. എസ് ഡി പി ഐയുടെ പതാക കീറിയതിന് നിങ്ങളെന്തിനാണ് ദേഷ്യപ്പെടുന്നത് എന്നായിരുന്നു യുവാവിന്റെ ചോദ്യം. യുവാവിന്റെ 'അറിവില്ലായ്മ'ക്കുമുന്നില്‍ പകച്ചുനില്‍ക്കാനേ ആ പാവം ആരാധകര്‍ക്ക് കഴിഞ്ഞുള്ളു.
യുവാവ് പോര്‍ചുഗലിന്റെ പതാക വലിച്ച് കീറുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഒടുവില്‍ സംഭവം പൊലീസിന് മുന്നിലുമെത്തി. ദീപക് എലങ്കാട് എന്നയാളാണ് പതാക കീറിയതെന്നും ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്നും പൊലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്നു ഇയാള്‍ പതാക കീറിയതെന്നും പൊലീസ് വ്യക്തമാക്കി.
കീറിയ ശേഷമാണ് അത് പോര്‍ചുഗലിന്റെ പതാകയായിരുന്നു എന്ന് ഇയാള്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് പോര്‍ചുഗല്‍ ആരാധകരും ഇയാളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇയാള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്തതായും പാനൂര്‍ പൊലീസ് അറിയിച്ചു.
Keywords: Youth tears flag of Portugal mistaking it for SDPI's, booked, Top-Headlines, Kannur, News, Flag, Report, Police, Kerala.