ഡോക്ടറാകാനുള്ള മോഹത്തിലേക്കുള്ള ആദ്യ കടമ്പയും കോവിഡും മറികടന്ന് ശിവാനി
Oct 15, 2020, 15:18 IST
കണ്ണൂർ: (www.kasargodvartha.com 15.10.2020) ഡോക്ടറാകാനുള്ള മോഹത്തിലേക്കുള്ള ആദ്യ കടമ്പയും കോവിഡും മറികടന്ന ആശ്വാസത്തിലാണു ശിവാനി. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് നീറ്റ് (നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പരീക്ഷ എഴുതാനാകാതിരുന്ന ശിവാനി ബുധനാഴ്ച പ്രത്യേക പരീക്ഷ എഴുതി.
കഴിഞ്ഞ മാസം നടന്ന നീറ്റ് പരീക്ഷയാണ് ശിവാനിക്ക് എഴുതാനാകാതിരുന്നത്. വീണ്ടും പരീക്ഷ നടത്താൻ സുപ്രീം കോടതി അനുമതി നൽകിയതോടെയാണു ശിവാനിക്കും പരീക്ഷയെഴുതാൻ സാധിച്ചത്. ജില്ലയിൽ ബുധനാഴ്ച പരീക്ഷയെഴുതിയ ഏക വിദ്യാർഥിനിയും ശിവാനിയാണ്. ചാല ചിന്മയ കോളജ് ആയിരുന്നു പരീക്ഷാ കേന്ദ്രം.
അച്ഛൻ റിട്ട. കെ എസ് ഇ ബി ഉദ്യോഗസ്ഥൻ പ്രദീപ് കുമാർ, അമ്മ അധ്യാപികയായ ചേതന എന്നിവർക്കൊപ്പമാണ് പരീക്ഷ ഏഴുതാൻ സ്കൂളിലെത്തിയത്. ദേഹ പരിശോധനയും ശരീരോഷ്മാവ് പരിശോധനയും നടത്തിയ ശേഷമാണ് പരീക്ഷാ ഹാളിലേക്കു പ്രവേശിപ്പിച്ചത്. കോവിഡ് ബാധിതർക്ക് വേണ്ടി വീണ്ടും പരീക്ഷ നടത്തുമെന്ന് പറഞ്ഞെങ്കിലും സെപ്റ്റംബർ 16ന് റിസൽട്ട് വരുമെന്ന് അറിഞ്ഞതോടെ ആശങ്കയായി.
തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. അനുകൂല വിധിയുണ്ടായി. തലശ്ശേരി മുബാറക് എച്ച്എസ് സ്കൂൾ വിദ്യാർഥിനിയായിരുന്ന ശിവാനി പ്ലസ്ടു പരീക്ഷയ്ക്ക് 98 ശതമാനം മാർക്ക് നേടിയിരുന്നു.
Keywords: Kannur, news, Kerala, Doctor, Examination, Student, COVID-19, Test, Top-Headlines, High-Court, Shivani overcomes COVID and the first step towards becoming a doctor