സാൻ മാവിലയുടെ 'ലാസ്റ്റ് സ്റ്റോപ്' പ്രകാശനം ചെയ്തു: നിരൂപണ കുത്തകകൾ വാഴുന്നിടങ്ങളിൽ അക്ഷരനാമ്പുകൾ വളരില്ല - ആർ രാജശ്രീ
തലശ്ശേരി: (www.kasargodvartha.com 30.03.2021) നിരൂപണ കുത്തകകൾ വാഴുന്നിടങ്ങളിൽ അക്ഷരനാമ്പുകൾ വളരില്ലെന്ന് എഴുത്തുകാരി ആർ രാജശ്രീ. ഗവ. ബ്രണ്ണന്‍ കോളജ് മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ഥിയും യുവ എഴുത്തുകാരനായ സാന്‍ മാവില എഴുത്തുകാരന്‍ പട്‌ളയിലെ അസ് ലം മാവിലയുടെ മകനാണ്. സാൻ മാവിലയുടെ 'ലാസ്റ്റ് സ്റ്റോപ്' നോവൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു രാജശ്രീ. 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടുസ്ത്രീകളുടെ കത' എന്ന പുസ്തകത്തിലൂടെ ജനപ്രീതി നേടിയ എഴുത്തുകാരിയാണ് ആർ രാജശ്രീ. സാൻ മാവിലയുടെ മൂന്നാമത് പുസ്തമാണ് 'ലാസ്റ്റ് സ്റ്റോപ്'.
പുസ്തകം കോളജ് പ്രിൻസിപൽ ഡോ. ചാന്ദ്നി സാമിന് കൈമാറിയാണ് പ്രകാശനം ചെയ്തത്. ചരിത്രവിഭാഗം മേധാവി ഡോ. വിനോദൻ നാവത്ത് സ്വാഗതം പറഞ്ഞു. ഹിസ്റ്ററി അസോസിയേഷൻ സെക്രടറി സാനിയ അധ്യക്ഷയായി. അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. സി കെ ഉഷ, ഡോ. പി രാജീവൻ, ഹോസ്റ്റൽ സെക്രടറി അക്ഷയ് ജോയൽ, സ്റ്റുഡന്റ് യൂണിയൻ എക്സിക്യൂടീവ് നവനീത് ആശംസ നേർന്നു.
ഹിസ്റ്ററി അസോസിയേഷന്റെ നേതൃത്വത്തിൽ നൽകിയ ഉപഹാരം പി എം മുഹമ്മദ് അസ് ലം സാൻ മാവിലയ്ക്ക് കൈമാറി. ആദ്യവർഷ ചരിത്ര വിദ്യാർഥിനി പി ടി പൂർണിമ നന്ദി പറഞ്ഞു.
എൽ ബി എസ് കോളേജ് പ്രിൻസിപൽ ഡോ. മുഹമ്മദ് ശുകൂർ, ശാസ്ത്രജ്ഞൻ ഡോ. തമ്പാൻ മേലോത്ത്, പ്രമുഖ പ്രഭാഷകൻ ഡോ. വത്സൻ പീലിക്കോട്, ഡോ. എൻ രജനി, നിരൂപകൻ ഡോ. സന്തോഷ് മാണിച്ചേരി, കവി പി എസ് ഹമീദ് തുടങ്ങിയവർ സംസാരിച്ചു. മഴത്തുള്ളി പബ്ലികേഷൻസ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.