city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Controversy | റെയില്‍വേ ഭൂമി വിവാദം: സിപിഎം-കോണ്‍ഗ്രസ് നിലപാട് രാഷ്ട്രീയ പ്രേരിതവും വികസന വിരുദ്ധവുമെന്ന് പികെ കൃഷ്ണദാസ്

കണ്ണൂര്‍: (www.kasargodvartha.com) കണ്ണൂരിലെ റെയില്‍വേ ഭൂമി പാട്ടത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നില്‍ സിപിഎമിന്റെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ പ്രേരിതവും വികസന വിരുദ്ധവുമായ നിലപാടാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗവും റെയില്‍വേ പാസന്‍ജേഴ്സ് അമിനിറ്റീസ് കമിറ്റി ചെയര്‍മാനുമായ പികെ കൃഷ്ണദാസ്. ബിജെപി ജില്ലാ കമിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി വിരുദ്ധതയാണ് രണ്ട് കൂട്ടരുടേയും മുഖ്യ അജന്‍ഡയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റെയില്‍വേ മേഖലയില്‍ രാജ്യത്താകമാനം നരേന്ദ്ര മോദി സര്‍കാര്‍ വിപ്ലവകരമായ മാറ്റമാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. വന്ദേഭാരത് ട്രെയിനുകള്‍ രാജ്യം മുഴുവന്‍ ഓടിക്കാന്‍ നടപടികളെടുത്ത് വരുന്നു, റെയില്‍വേ സ്റ്റേഷനുകള്‍ വിമാനത്താവളങ്ങള്‍ക്ക് തുല്യമായി വികസിപ്പിക്കുന്ന നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു, അമൃത് ഭാരത് എന്ന പേരില്‍ വിവിധ സ്റ്റേഷനുകള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്നു തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ രാജ്യത്താകമാനം റെയില്‍വേ നടത്തിക്കൊണ്ടിരിക്കുകയാണ്.

ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ക്കുളള സാമ്പത്തിക സ്രോതസ്സാണ് റെയില്‍വേ ഭൂമി പാട്ടത്തിന് നല്‍കിയതിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നത്. പടിഞ്ഞാറ് ഭാഗത്തെ 4.93 ഏക്കര്‍ ഭൂമി 25 കോടിയോളം രൂപയ്ക്കാണ് പാട്ട കരാര്‍. മാത്രമല്ല ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴും 15 ശതമാനം വര്‍ധന റെയില്‍വേയ്ക്ക് ലഭിക്കും.

കിഴക്ക് ഭാഗത്ത് 2.26 ഏക്കര്‍ ഭൂമി റെയില്‍വേ ക്വാര്‍ടേഴ്സ് നിര്‍മിച്ച് നല്‍കാനാണ് പാട്ടത്തിന് നല്‍കുന്നത്. നടപടി ക്രമങ്ങള്‍ പാലിച്ച് സുതാര്യമായാണ് റെയില്‍വേ ഭൂമി പാട്ടത്തിന് നല്‍കുന്നത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ട വികസനത്തിനായി വലിയ പ്രപോസല്‍ റെയില്‍വേയുടെ മുന്നിലുണ്ട്. സ്റ്റേഷന്റെ പടിഞ്ഞാറെ കവാടത്തിലെ ഭൂമിയാണ് പാട്ടത്തിന് നല്‍കുന്നത്.

പുതുതായി 4,5 പ്ലാറ്റ് ഫോമുകള്‍ക്കായി വികസനം നടക്കേണ്ടത് കിഴക്കെ കവാടത്തിലാണ്. ഇവിടെ ആവശ്യത്തിന് ഭൂമി നിലവിലുണ്ട്. തലശ്ശേരി, പയ്യന്നൂര്‍ ഭാഗങ്ങളില്‍ രണ്ട് മിനി പ്ലാറ്റ് ഫോമുകള്‍ നിര്‍മിക്കേണ്ടതായിട്ടുണ്ട്. ബിപിസിഎലിന്റെ ഡിപോവാണ് കണ്ണൂര്‍ സ്റ്റേഷന്റെ വികസനത്തിന് തടസ്സമായി നില്‍ക്കുന്നത്.

ഡിപോ മാറ്റുന്നതുമായി ബന്ധപ്പെട്ടതടക്കം ഡെല്‍ഹിയിലും മുംബൈയിലുമായി രണ്ട് സ്ഥാപനങ്ങളുടേയും ഉദ്യോഗസ്ഥരുമായി ചര്‍ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അടുത്തു തന്നെ പ്രശ്നത്തിന് പരിഹാരം കാണുമെന്നും കൃഷ്ണദാസ് പറഞ്ഞു. റെയില്‍വേ സ്റ്റേഷന്റെ മുഖ്യ കവാടത്തില്‍ കിഴക്ക് ഭാഗത്ത് കണ്ണായ സ്ഥലത്ത് യുപിഎ സര്‍കാരിന്റെ കാലത്ത് ഭൂമി വിട്ട് നല്‍കിയതാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ വികസനം മുഴുവന്‍ മുടക്കിയത്.

അശാസ്ത്രീയമായി വാണിജ്യാവശ്യത്തിന് കെട്ടിടം നിര്‍മിക്കാന്‍ ഭൂമി വിട്ട് നല്‍കി പാര്‍കിംഗ് അവതാളത്തിലാക്കിയത്. പ്രസ്തുത ഭൂമിയിലെ കെട്ടിട വാടക പോലും കാലങ്ങളായ കിട്ടാത്ത സ്ഥിതിയായിരുന്നു. ഇത് നിലവില്‍ വാസൂലാക്കാനുളള നടപടിക്രമങ്ങള്‍ റെയില്‍വേ നടത്തിക്കൊണ്ടിരിക്കുകയാണ്.

യുപിയെ ഗവണ്‍മെന്റിന്റെ കാലത്ത് നടത്തിയ ഇടപാട് സമയത്ത് സിപിഎം-കോണ്‍ഗ്രസ് നേതാക്കളും കെപിസിസി പ്രസിഡന്റും എവിടെയായിരുന്നുവെന്ന് കൃഷ്ണദാസ് ചോദിച്ചു. നമ്മളറിയാതെ ഒരു തുണ്ട് റെയില്‍വേ ഭൂമിയും ആര്‍ക്കും കൊടുക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്ന കണ്ണൂര്‍ എംപിക്ക് പുതിയ കരാര്‍ സംബന്ധിച്ച് അറിയാത്തതാണോ പ്രശ്നമെന്നും അന്നത്തെ കൈമാറ്റത്തിന് പിന്നില്‍ സുധാകരനടക്കം പങ്കുണ്ടെന്നല്ലെ ഇത് വ്യക്തമാക്കുന്നതെന്നും കൃഷ്ണദാസ് ചോദിച്ചു.

പാലക്കാട് ഡിവിഷനില്‍ 15 റെയില്‍വെ സ്റ്റേഷനുകള്‍ അമൃത് ഭാരത് പദ്ധതിയില്‍ വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍കാരിന്റെ ഭൂമി പ്രതിഫലം പോലും ഇല്ലാതെ കൈവശപ്പെടുത്തി ബഹുനില കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കി മാസാമാസം യാതൊരു ജാള്യതയുമില്ലാതെ വാടക വാങ്ങുന്ന സിപിഎമിനും കോണ്‍ഗ്രസിനും സിപിഐയ്ക്കും മുസ്ലീം ലീഗിനും സുതാര്യമായി നടന്ന റെയില്‍വേയുടെ ഭൂമി പാട്ടം സംബന്ധിച്ച് പ്രതിഷേധിക്കാന്‍ എന്ത് അവകാശമാണുളളതെന്നും കൃഷ്ണദാസ് ചോദിച്ചു.

കണ്ണൂര്‍ നഗരത്തിലും തലശ്ശേരിയിലും പലയിടങ്ങളിലായി ഇടത്-വലത് പാര്‍ടിക്കാര്‍ എത്രയിടങ്ങളിലാണ് പാര്‍ടി ഓഫീസുകളും സ്മാരകങ്ങളും കെട്ടിപൊക്കിയിട്ടുളളത്. മുകള്‍നിലകളില്‍ ഓഫീസും സ്മാരകങ്ങളും താഴെ തകൃതിയായി കച്ചവടം നടക്കുന്ന ബേകറികളടക്കമുളള വ്യാപാര സ്ഥാപനങ്ങളും കാണാവുന്നതാണ്.

സര്‍കാര്‍ ഭൂമിയിലെ കെട്ടിടത്തിന്റെ പൊതുഖജനാവിലേക്ക് ലഭിക്കേണ്ട പണമാണ് യാതൊരു ഉളുപ്പുമില്ലാതെ പാര്‍ടിക്കാര്‍ അടിച്ചുമാറ്റുന്നത്. റെയില്‍വേ ഭൂമി സുതാര്യമായി വികസനത്തിന് വേണ്ടി വിട്ടു നല്‍കിയത് വിവാദമാക്കുന്ന ഇക്കൂട്ടര്‍ ഇപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സമരവുമായി ഇറങ്ങി ത്തിരിച്ചിരിക്കുന്നത് കേവലം ബിജെപി വിരുദ്ധതയും വികസന വിരുദ്ധതയും കൊണ്ടാണെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.

വാര്‍ത്താ സമ്മേളത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ്, ജെനറല്‍ സെക്രടറി ബിജു ഏളക്കുഴി എന്നിവരും പങ്കെടുത്തു.

Controversy | റെയില്‍വേ ഭൂമി വിവാദം: സിപിഎം-കോണ്‍ഗ്രസ് നിലപാട് രാഷ്ട്രീയ പ്രേരിതവും വികസന വിരുദ്ധവുമെന്ന് പികെ കൃഷ്ണദാസ്

Keywords: Railway land controversy: PK Krishnadas says CPM-Congress stand politically motivated and anti-development, Kannur, News, Politics, Railway, Top-Headlines, Press meet, BJP, Congress, CPM, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia