മുഖച്ഛായ മാറി മലയോരം; നന്ദാരപദവ് - ചേവാര്‍ മലയോര ഹൈവേ നാടിന് സമര്‍പിച്ചു
കാസര്‍കോട്: (www.kasargodvartha.com 11.02.2021) മലയോര വികസനത്തില്‍ പുതിയൊരു കാല്‍വെപ്പുമായി നന്ദാരപദവ് - ചേവാര്‍ മലയോര ഹൈവേ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. കര്‍ണാടക അതിര്‍ത്തിയായ നന്ദാരപദവ് മുതല്‍ പാറശാല വരെയുള്ള മലയോര ഹൈവേയുടെ തുടക്കമാണ് നന്ദാരപദവ് - ചേവാര്‍ റീച്.
കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ ചെറുപുഴ വരെയുള്ള ജില്ലയിലെ മലയോര ഹൈവേ 127.575 കിലോ മീറ്ററാണ്.
ജില്ലയില്‍ നാല് റീചായാണ് റോഡ് നിര്‍മിക്കുന്നത്. 23 കിലോ മീറ്ററാണ് നന്ദാരപദവ് - ചേവാര്‍ റീചിന്റെ ദൂരം. 54.53 കോടി രൂപ ചെലവിട്ടാണ് നിര്‍മിച്ചത്. ചേവാര്‍ - ഇടപറമ്പ്, ഇടപറമ്പ് - കോളിച്ചാല്‍, കോളിച്ചാല്‍ - ചെറുപുഴ എന്നിവയാണ് മറ്റ് റീചുകള്‍.
12 മീറ്റര്‍ വീതിയുള്ള റോഡില്‍ ഏഴ് മീറ്റര്‍ വീതിയിലാണ് മെകാഡം ടാറിങ്. ടൗണുകളില്‍ ഇരുവശങ്ങളിലും ഒരു മീറ്റര്‍ വീതിയില്‍ ഇന്റര്‍ലോക്, ആവശ്യമായ സ്ഥലങ്ങളില്‍ ഡിവൈഡറുകള്‍, വളവുകളിലും കവലകളിലും സോളര്‍ ലൈറ്റുകള്‍ എന്നിവ മലയോര ഹൈവേയുടെ പ്രത്യേകതകളാണ്.