KPA Majeed | 'ജോലി നേടാന്‍ അധ്യാപികയായ എസ്എഫ്ഐ നേതാവ് വ്യാജ സര്‍ടിഫികറ്റുണ്ടാക്കുമ്പോള്‍ മറ്റൊരാള്‍ പരീക്ഷ എഴുതാതെ ജയിക്കുന്നു'; ലോകത്ത് കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്നതെന്ന് കെപിഎ മജീദ്
കണ്ണൂര്‍: (www.kasargodvartha.com) ലോകത്ത് കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് എംഎല്‍എ. മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനത്തിനെതിരെ മുസ്ലിം ലീഗ് ജില്ലാ കമിറ്റി കലക്ടറേറ്റ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോലി നേടാന്‍ അധ്യാപികയായ എസ്എഫ്ഐ നേതാവ് വ്യാജ സര്‍ടിഫികറ്റുണ്ടാക്കുമ്പോള്‍ മറ്റൊരാള്‍ പരീക്ഷ എഴുതാതെ ജയിക്കുന്നു, വേറെയൊരാള്‍ മത്സരിക്കാതെ യുയുസിയാവുന്നു, ഇങ്ങനെ ലോകത്ത് കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. വിഷയം പഠിക്കാന്‍ നിയോഗിച്ച കാര്ത്തികേയന് കമിറ്റി റിപോര്‍ട്ട് എന്തുകൊണ്ടാണ് പുറത്ത് വിടാത്തത്. മലബാറില്‍ ആയിരക്കണത്തിന് കുട്ടികള്‍ പുറത്തിരിക്കുമ്പോള്‍ തെക്കന്‍ ജില്ലകളില്‍ ഹയര്‍സെകന്‍ഡറി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇവ മലബാറിലേക്ക് മാറ്റുന്നതില്‍ എന്താണ് പ്രശ്നമെന്ന് മജീദ് ചോദിക്കുന്നു.
ഒരോ വര്‍ഷവും സീറ്റ് വര്‍ധിപ്പിക്കുക മാത്രമാണ് സര്‍കാര്‍ ചെയ്യുന്നത്. ഇതിനാല്‍ തെക്കന്‍ ജില്ലകളിലെ ക്ലാസുകളില്‍ 25ഉം മുപ്പതും കുട്ടികള്‍ പഠിക്കുമ്പോള്‍ മലബാറില്‍ 55 കുട്ടികള്‍ വരെയാണ് പഠിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കാന്‍ പുതിയ ബാചുകള്‍ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Kannur, News, Kerala, Muslim League, Leader, KPA Majeed, Education, Muslim League leader KPA Majeed MLA about education system of Kerala.