ഇളയമകള്‍ക്ക് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി; ഐസ്‌ക്രീമില്‍ മക്കള്‍ക്ക് വിഷം നല്‍കി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു; മൂത്തമകള്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു
കണ്ണൂര്‍: (www.kasargodvartha.com 02.09.2020) ഇളയമകള്‍ക്ക് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി. ഐസ്‌ക്രീമില്‍ മക്കള്‍ക്ക് വിഷം നല്‍കി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മൂത്തമകള്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു.
കണ്ണൂര്‍ പയ്യാവൂര്‍ പൊന്നും പറമ്പില്‍ വിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന ചുണ്ടകാട്ടില്‍ സ്വപ്ന (34) യാണ് ബുധനാഴ്ച പുലര്‍ച്ചെയോടെ മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
ആഗസ്ത് 27 നാണ് യുവതിയും രണ്ട് പെണ്‍മക്കളും ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇളയ മകള്‍ മൂന്നു വയസ്സുകാരി ആന്‍സില്ല ആഗ്നസ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പയ്യാവൂരില്‍ അക്കൂസ് കലക്ഷന്‍സ് എന്ന തുണിക്കട നടത്തുകയായിരുന്നു സ്വപ്ന അനീഷ്.
11 വയസുള്ള മൂത്ത കൂട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ മൂവരേയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രാത്രിയിലാണ് മൂവരും വിഷം കഴിച്ചത്. പിറ്റേന്ന് ഇളയമകളെ അബോധാവസ്ഥയില്‍ കണ്ടതോടെ സ്വപ്‌ന തന്നെയാണ് പൊലീസിനേയും നാട്ടുകാരേയും വിളിച്ച് വിവരം പറയുന്നതും ആശുപത്രിയില്‍ കൊണ്ടുപോകുന്നതും.
പയ്യാവൂരില്‍ തുണിക്കട നടത്തുകയായിരുന്ന സ്വപ്നക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. ഇവരുടെ ഭര്‍ത്താവ് അനീഷ് വിദേശത്താണ്. ബാങ്ക് വായ്പ എടുത്തും, പലിശക്ക് പണം കടം വാങ്ങിയും ഇവര്‍ വീടും സ്ഥലവും വാങ്ങിയിരുന്നു. എന്നാല്‍ ബിസിനസ് പ്രതീക്ഷിച്ച നിലയില്‍ നടക്കാത്തതോടെ പലിശ അടവ് മുടങ്ങി. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണം ലോക്കല്‍ പൊലീസില്‍ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.