ധിഷണാശാലിയായ ടി എ ഇബ്രാഹിം സാഹിബ്
Apr 10, 2022, 16:58 IST
/ ഇബ്രാഹിം ചെര്‍ക്കള
(www.kasargodvartha.com 10.04.2022) രാഷ്ട്രീയ പ്രവര്‍ത്തനരംഗത്തും ഭരണ രംഗത്തും വികസന കാര്യങ്ങളിലും എന്നും പുരോഗമനമായ വഴികളില്‍ സഞ്ചരിച്ച നേതാവാണ് ടി എ ഇബ്രാഹിം സാഹിബ്. ഒരു തലമുറയുടെ ഓര്‍മ്മകളില്‍ ജ്വലിച്ചു നില്‍ക്കുന്ന വ്യക്തിത്വം. കേരളത്തിലെ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനപഥത്തില്‍ വ്യക്തമായ കര്‍മ്മ പദ്ധതി ആവിഷ്‌കരിക്കപ്പെട്ട കാലഘട്ടം എന്നുതന്നെ അദ്ദേഹത്തിന്റെ കാലത്തെ അടയാളപ്പെടുത്താം. ഇന്ത്യ അടിയന്തിരാവസ്ഥയുടെ കരാളദിനങ്ങളില്‍ നിന്നും മോചനം നേടി. രാഷ്ട്രീയ പ്രവര്‍ത്തകരുടെ മനസ്സുകളില്‍ ആശ്വാസവും ഉത്സാഹവും നുരയിട്ടകാലം, ലീഗിനെ സംബന്ധിച്ച് അത് ഒരു പ്രതിസന്ധി ഘട്ടമായിരുന്നു. ചില ഫ്യൂഡല്‍ പ്രഭുക്കളില്‍ നിന്നെന്ന പോലെ വിമത ലീഗ് പ്രമാണിമാരുടെ നുകത്തിന് കീഴില്‍ നിന്ന് ആദര്‍ശധീരരായ പ്രവര്‍ത്തകര്‍ ഓരോ ജില്ലയിലും പുരോഗമന ചിന്താഗതിക്കാരായ നേതാക്കളുടെ കീഴില്‍ അണിനിരന്ന കാലം.അന്ന് കാസര്‍കോട് അവിഭക്ത കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്നെങ്കിലും കാസര്‍കോടിന്റെ നേതാവായ ടി എ ഇബ്രാഹിം കണ്ണൂര്‍ ജില്ലയുടെയും സംസ്ഥാനത്തിന്റെയും നേതൃനിരയില്‍ നിര്‍ണ്ണായക ശക്തിയായി മാറി. ഇളം തലമുറയെയും അതുവഴി വരാന്‍ പോകുന്ന ഒരു കാലഘട്ടത്തെയും തിരിച്ചറിഞ്ഞ നേതാവായിരുന്നു ടി എ ഇബ്രാഹിം. അദ്ദേഹത്തോടൊപ്പം നേതൃനിരയില്‍ തിളങ്ങി നിന്നിരുന്ന കെ എസ് സുലൈമാന്‍ ഹാജി സാഹിബിന്റെയും നേതൃത്വത്തില്‍ പ്രതിരോധത്തിന്റെ ശക്തി കവചം തീര്‍ക്കാനും, അണികളില്‍ ആവേശത്തിരമാലകള്‍ ഉയര്‍ത്താനും സാധിച്ചു. പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള ജനവിഭാഗത്തെ പ്രവര്‍ത്തനസജ്ജമാക്കുക എന്ന ലക്ഷ്യം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ശ്രദ്ധേയമായി.
നാടിന്റെ ഏത് പ്രശ്‌നങ്ങളിലും സ്വയം മറന്ന് പ്രവര്‍ത്തിക്കാന്‍ ടി എ ഇബ്രാഹിം സാഹിബ് അണികള്‍ക്ക് എന്നും പ്രചോദനമായിരുന്നു.
അക്കാലത്ത് മഞ്ചേശ്വരം ഭാഗത്തെ ഗ്രസിച്ച വലിയൊരു വെള്ളപ്പൊക്കത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശങ്ങളില്‍ ജീവിക്കുന്ന മറ്റു പിന്നാക്ക ജനവിഭാഗത്തിനും വലിയ ദുരിതങ്ങള്‍ നേരിടേണ്ടിവന്നു. യൂത്ത് ലീഗ്, എംഎസ്എഫ് പ്രവര്‍ത്തകര്‍ അടങ്ങുന്ന യുവജന സംഘത്തെ അദ്ദേഹം ഉടനെ അങ്ങോട്ട് നയിച്ചു. പരിമിതമായ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക്, എല്ലാവിധ പിന്തുണയും സഹായ സഹകരണങ്ങളും നല്‍കി രാപ്പകലില്ലാതെ നിരന്തരം കര്‍മ്മനിരതരായി. പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണമോ, താമസ സൗകര്യമോ എന്തിന് കുടിക്കാന്‍ വെള്ളം പോലും ലഭിക്കുന്നില്ലെന്ന് പരാതി പറഞ്ഞപ്പോള്‍ വളരെ ലാഘവത്തിന്റെ ഭാഷയിലായിരുന്നു ടി എ ഇബ്രാഹിം സാഹിബിന്റെ മറുപടി. നമ്മുടെ മുന്‍കാല നേതാക്കള്‍ ഈ പ്രസ്ഥാനം കെട്ടിപടുക്കാന്‍ സഹിച്ച ത്യാഗത്തിന്റെ ചെറിയൊരു അംശം പോലും ആകില്ല നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. ആ വാക്കുകള്‍ അണികള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതായിരുന്നു.
ടി എ ഇബ്രാഹിം സാഹിബിന് യുവതലമുറയിലെ വിദ്യാഭ്യാസം നേടിയവരോട് പ്രത്യേക സ്‌നേഹവും ബഹുമാനവുമായിരുന്നു. കഴിവുള്ളവരെ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ എത്തിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്തു. കര്‍മ്മനിരതനായ രാഷ്ട്രീയ നേതാവ് എന്നതുപോലെ നല്ലൊരു വായനക്കാരനായിരുന്നു ടി എ ഇബ്രാഹിം. കാസര്‍കോടിന്റെ നാനാമുഖമായ വികസനത്തിന് വേണ്ടി അഹോരാത്രം പരിശ്രമിച്ച സാമൂഹ്യ സ്‌നേഹിയും, ദീര്‍ഘവീക്ഷണമുള്ള ബുദ്ധിശാലിയുമായിരുന്നു. 1923 ല്‍ തളങ്കരയിലാണ് ജനനം. തളങ്കര മുഇസ്സുല്‍ ഇസ്‌ലാം എല്‍ പി സ്‌കൂള്‍, കാസര്‍കോട് ഗവണ്‍മെന്റ് സ്‌കൂള്‍, മലപ്പുറം മുസ്ലിം ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം നേടി.
1940 ല്‍ ഇന്ത്യന്‍ നേവിയില്‍ ചേര്‍ന്നു. ചിട്ടയും കഠിനാദ്ധ്വാനവും നിറഞ്ഞ ഒരു ജീവിതവഴി സ്വായത്തമാക്കാന്‍ ഇത് ഏറെ സഹായിച്ചു. നാലു വര്‍ഷം അവിടെ സേവനം ചെയ്തു. പല ഭാഷക്കാരുമായി ബന്ധം സ്ഥാപിക്കാനും വിവിധ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കാനും അത് നിമിത്തമായി. ഈജിപ്ത്, ഇറാന്‍, ഇറാഖ്, സൗത്ത് ആഫ്രിക്ക, സിസിലി, ഏതന്‍സ് തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളിലും സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. മലയാളം, ഇംഗ്ലീഷ്, കന്നഡ, തുളു എന്നീ ഭാഷകള്‍ നന്നായി അറിയാമായിരുന്നു. ലോക സാഹിത്യത്തിലെ മികച്ച പുസ്തകങ്ങളുമായുള്ള ബന്ധമാണ് ശക്തമായ വ്യക്തിവികസനത്തിനും നേതൃപാടവത്തിനും വഴി തെളിയിച്ചത്. താന്‍ ഏറ്റെടുക്കുന്ന കാര്യങ്ങളിലെ കൃത്യനിഷ്ഠതയും അച്ചടക്കബോധവും അതുപോലെ നാടിന്റെ വികസനത്തിലെ ത്വരയും ടി എ ഇബ്രാഹിം സാഹിബിനെ ഉന്നതങ്ങളില്‍ എത്തിച്ചു. 1944 ല്‍ നേവിയില്‍ നിന്നും വിരമിച്ചു നാട്ടില്‍ തിരിച്ചെത്തി. മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകര്‍ഷിക്കപ്പെടുകയും സമൂഹത്തിനും നാടിനും വേണ്ടി ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്ന ചിന്തയുമാണ് അദ്ദേഹത്തെ പൊതുരംഗത്തേക്ക് എത്തിച്ചത്.
ഉത്തര കേരളത്തിലെ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ മാസ്റ്റര്‍ ബ്രെയിന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടി എ ഇബ്രാഹിം സാഹിബ് സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പും സംഘടനയുടെ വളര്‍ച്ചയ്ക്കും നാടിന്റെ വികസനത്തിനും ജീവിതം തന്നെ സമര്‍പ്പിച്ച വ്യക്തിത്വമാണ്. നേതൃ സ്ഥാനമല്ല, പ്രവര്‍ത്തനമാണ് ലക്ഷ്യമെന്ന് തെളിയിച്ചു. പരന്ന വായന, ഗഹനമായ ചിന്ത, ദീര്‍ഘവീക്ഷണം, കൃത്യനിഷ്ഠത, സത്യസന്ധത, പരസ്പര ബഹുമാനം നിറഞ്ഞ കുലീനമായ പെരുമാറ്റം തുടങ്ങിയ ഗുണങ്ങള്‍ കൊണ്ട് ജനഹൃദയങ്ങളില്‍ സ്ഥാനം നേടാനും മുസ്ലിം ലീഗിന്റെ മുന്‍നിര നേതാക്കളില്‍ ഒരാളായി മാറാനും അദ്ദേഹത്തിന് കഴിഞ്ഞു. പൂക്കോയ തങ്ങള്‍ മുസ്ലിം ലീഗ് പ്രസിഡന്റായിരുന്ന കാലത്ത് പാര്‍ട്ടിയുടെ കണക്കുകളും വൗച്ചറുകളും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പാര്‍ട്ടി ഓഡിറ്ററായി പ്രവര്‍ത്തിക്കാനും നിയമിതനായത് ഇബ്രാഹിം സാഹിബാണ്. 1944 ല്‍ മുസ്ലിം ലീഗ് വളണ്ടിയര്‍ കോര്‍ ക്യാപ്റ്റനായി നേതൃത്വനിരയിലേക്ക് കടന്ന് വന്നു. ടി എ ഇബ്രാഹിം സാഹിബ് ജീവിതാന്ത്യം വരെ പാര്‍ട്ടിയുടെ മുന്നണി പോരാളിയായി വര്‍ത്തിച്ചു. മാഹിന്‍ ഷംനാടിന്റെയും മഹാകവി ടി ഉബൈദ് മാഷിന്റെയും കീഴില്‍ രാഷ്ട്രീയം അഭ്യസിച്ച അദ്ദേഹം ത്യാഗത്തിന്റെയും സത്യസന്ധമായ പൊതുജീവിതത്തിന്റെയും ഉടമയായിരുന്നു. അതുകൊണ്ട് തന്നെ നേതൃത്വത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുമ്പോള്‍ തന്നെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാനുള്ള ആര്‍ജ്ജവം കാണിച്ചു.
കാസര്‍കോട് പഞ്ചായത്തിലേക്കും, തളങ്കര വാര്‍ഡില്‍ നിന്നും മൂന്ന് തവണ നഗരസഭയിലേക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇരുപത്തഞ്ച് വര്‍ഷക്കാലം പഞ്ചായത്ത് മെമ്പര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ പദവികളും വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ആക്ടിംഗ് പ്രസിഡന്റ്, നഗരസഭയുടെ അഡ്‌വൈസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനം കാഴ്ചവെച്ചു. കാസര്‍കോട് നഗരത്തിന്റെ വികസന കുതിപ്പിന് അടിത്തറ പാകിയ ധീഷണാശാലിയാണ് ടി എ ഇബ്രാഹിം സാഹിബ്. 1977 ല്‍ നിയമസഭയിലേക്ക് കാസര്‍കോട് മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. മുസ്ലിം ലീഗിന്റെ ആദ്യ പിളര്‍പ്പില്‍ ഏറെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച പ്രദേശമായിരുന്നു കണ്ണൂര്‍ ജില്ലയിലെ കാസര്‍കോട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ നേതൃത്വ സ്ഥാനങ്ങളില്‍ ഉറച്ച് നിന്നുകൊണ്ട് പാര്‍ട്ടിക്ക് എതിരെ ഉയര്‍ന്ന വന്‍കൊടുംങ്കാറ്റിനെ നേരിടാന്‍ ടി എ ഇബ്രാഹിം എന്ന കരുത്തനായ നേതാവിന് സാധിച്ചു എന്നത് ചരിത്രത്തില്‍ ഇടം നേടിയ സംഭവമാണ്.
കാസര്‍കോട് നഗരസഭയുടെ വികസന പ്രവര്‍ത്തനത്തില്‍ എന്നപോലെ എംഎല്‍എ സ്ഥാനം നേടി കാസര്‍കോട് നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സാമൂഹിക വികസന രംഗത്ത് പല പദ്ധതികള്‍ക്കും തുടക്കം കുറിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പഠിക്കുക, വളരുക എന്ന സി എച്ച് മുഹമ്മദ് കോയയുടെ ശബ്ദം അദ്ദേഹം ആവര്‍ത്തിച്ചു. വായനയിലൂടെ ലോകത്തിന്റെ പല കാഴ്ചകളും കാണുക എന്ന് യുവതലമുറയോട് എപ്പോഴും പറഞ്ഞു കൊണ്ടേയിരുന്നു. 1964 ല്‍ അദ്ദേഹം തളങ്കരയില്‍ സ്ഥാപിച്ച ഗ്രീന്‍ ഫ്‌ളാഗ് വായനശാല ദേശവാസികളുടെ പൊതുവിജ്ഞാന രംഗത്ത് ചെലുത്തിയ സ്വാധീനം വലുതാണ്. തളങ്കരയിലെ നുസ്രത്തൂല്‍ ഇസ്ലാം സഭയുടെ സ്ഥാപക സെക്രട്ടറിയായിരുന്നിട്ടുണ്ട്. നന്മകളും വിജ്ഞാനവും പകര്‍ന്നു, ഒരു തലമുറയെ അക്ഷരവെളിച്ചം നല്‍കി ഉന്നതിയില്‍ ഉയര്‍ത്താന്‍ അക്ഷീണ പരിശ്രമം നടത്തി.
നാടിന്റെ വികസനപാതയില്‍ പുതിയ പ്രതീക്ഷകള്‍ നല്‍കി, ദീര്‍ഘവീക്ഷണമുള്ള സ്വപ്നങ്ങള്‍ കാണിച്ചു തന്ന, ചിന്തയും പരസ്പര സ്‌നേഹ ബഹുമാനങ്ങളുമാണ് ഉത്തമമായ ഒരു സമൂഹ സൃഷ്ടിക്ക് ആവശ്യമെന്ന് തന്റെ ജനതയ്ക്ക് ബോധ്യപ്പെടുത്തി. എംഎല്‍എ പദത്തില്‍ ഇരുന്നുകൊണ്ട് 1978 ഓഗസ്റ്റ് 10 ന് തിരുവനന്തപുരത്ത് വെച്ച് ടി എ ഇബ്രാഹിം സാഹിബ് വിട പറഞ്ഞു. ചെര്‍ക്കളം അബ്ദുല്ല, റഹ്മാന്‍ തായലങ്ങാടി തുടങ്ങിയ ബഹുമുഖ പ്രതിഭകളെ കാസര്‍കോടിന്റെ വികസന പ്രക്രിയയുടെ പിന്‍തലമുറക്ക് സമ്മാനിച്ചത് ടി എ ഇബ്രാഹിം എന്ന നേതാവിന്റെ ആവേശം നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്.
Keywords: Memories about T A Ibrahim, Kerala, Kasaragod, News, Top-Headlines, Muslim-League, Politics, Kannur, Malappuram, School, English, Tulu, Kannada, Panchayath, Vice president.
< !- START disable copy paste -->