Accused Absconding | 'വഴിതര്‍ക്കത്തില്‍ വീട്ടമ്മയെ വെട്ടിപരുക്കേല്‍പ്പിച്ച പ്രതി ഒളിവില്‍'; അന്വേഷണം
മട്ടന്നൂര്‍: (www.kasargodvartha.com) നഗരസഭയ്ക്കടുത്തെ ചാവശേരി പറമ്പില്‍ യുവതിക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രതി ഒളിവില്‍ പോയതായി പൊലീസ്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ബംഗ്ളാവിന് സമീപത്തെ ടി എന്‍ മൈമൂന(47) കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. അയല്‍വാസി അബ്ദുവാണ് വെട്ടിയതെന്നാണ് പരാതി. സംഭവത്തില്‍ മട്ടന്നൂര്‍ പൊലീസ് അന്വേഷണമാരംഭിച്ചു.
പൊലീസ് പറയുന്നത്: വെള്ളിയാഴ്ച പുലര്‍ചെ ആറരയോടെയായിരുന്നു പരിസരവാസികളെ നടുക്കിയ സംഭവം. ബന്ധുവിനെ വാഹനം കയറ്റിവിടാന്‍ റോഡിലെത്തിയ മൈമൂന തിരികെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അയല്‍വാസിയായ അബ്ദു കത്തി ഉപയോഗിച്ചു കഴുത്തിന് വെട്ടിയത്. ബഹളം കേട്ടെത്തിയ അയല്‍വാസികള്‍ മൈമൂനയെ ഉടന്‍ കണ്ണൂരിലെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
അബ്ദുവിന്റെ വീടിന് സമീപത്ത് കൂടി നിരവധി വീടുകളിലേക്ക് റോഡ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നതായി വാര്‍ഡ് കൗണ്‍സിലര്‍ സാജിദ് ചൂര്യോട്ട് പറഞ്ഞു. അടുത്ത ദിവസം മൈമൂന വിദേശത്തുളള ബന്ധുവിന്റെ അടുത്തേക്ക് പോകാനിരിക്കയെയാണ് അക്രമം. അബ്ദുവിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
എന്നാല്‍ അബ്ദുവിന്റെ വീട്ടുമുറ്റത്തുനിന്നും തുണി അലക്കിയ മലിന ജലം റോഡിലേക്ക് ഒഴുക്കുന്നതിനെക്കുറിച്ച് മൈമൂന അബ്ദുവിനോട് ചോദിച്ചതായും ഇതില്‍ പ്രകോപിതനായാണ് അബ്ദു കത്തികൊണ്ട് കഴുത്തില്‍ കുത്തിയതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിനു ശേഷം കൃത്യം നടത്തിയ അബ്ദു ഒളിവിലാണ്. പ്രതിക്കായി മട്ടന്നൂര്‍ എസ് ഐ കെ വി ഉമേശന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിവരികയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.