ലോറിയപകടം; ക്ളീനർ മരിച്ചു
Jul 19, 2020, 20:00 IST
പയ്യന്നുർ: (www.kasargodvartha.com 19.07.2020) പിലാത്തറയിൽ ലോറിക്കു പിന്നിൽ മറ്റൊരു ലോറിയിടിച്ചു ക്ലീനർ മരിച്ചു. പാലക്കാട് ആലത്തൂരിലെ ഡി സിക്കന്തർ (29) ആണ് മരിച്ചത്. കെ എസ് ടി പി റോഡിൽ പീരക്കാം തടത്തിൽ ഞായറാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു അപകടം. എറണാകുളത്തുനിന്നും കർണാടകയിലേക്ക് നിർമാണ സാമഗ്രികളുമായി പോകുകയായിരുന്നു ലോറിയാണ് അപകടത്തിൽ പെട്ടത്. ക്ലീനർ ആയിരുന്ന സിക്കന്തർ കാബിനിൽ ഉറങ്ങുകയായിരുന്നു.
പാലക്കാട്ടെ സക്കീർഹുസൈൻ ആണ് വണ്ടി ഓടിച്ചിരുന്നത്. ഇയാൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. ശബ്ദം കേട്ടെത്തിയ നാട്ടുകാരും പയ്യന്നൂരിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും വണ്ടി വെട്ടിപ്പൊളിച്ചാണ് സിക്കന്തറിനെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യ: ഷബാന. മകൻ: സൽമാൻ. കോവിഡ് ടെസ്റ്റിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.
Keywords: Payyannur, News, kerala, Kannur, Lorry, Death, Accident, Lorry accident: Cleaner dies