Fined | അറവുമാലിന്യം തള്ളിയത് കാമറയില്‍ പതിഞ്ഞു; 50,000 രൂപ പിഴയിട്ടു
*'കര്‍ശന നടപടിയുമായി മുന്നോട്ട് പോകും'.
*കല്യാശ്ശേരി പഞ്ചായതിലാണ് സംഭവം.
കണ്ണൂര്‍: (KasargodVartha) നിരീക്ഷണ കാമറ സ്ഥാപിച്ചത് ശ്രദ്ധയില്‍പെടാതിരുന്നതിനാല്‍ കാമറക്ക് മുന്നില്‍ തന്നെ മാലിന്യം തള്ളി. എന്നാല്‍ സംഭവം കാമറയില്‍ കുടുങ്ങിയതിനാല്‍ പ്രതിക്കെതിരെ അധികൃതര്‍ പിഴയിട്ടു. ഇരിണാവ് അണക്കെട്ടിന് സമീപത്തെ എം അബ്ദു റഹ്‌മാന് എതിരെയാണ് നടപടി. ഇയാള്‍ക്കെതിരെ 50,000 രൂപ പിഴ ചുമത്തി.
കല്യാശ്ശേരി പഞ്ചായതിന്റെ പരിധിയില്‍ ഇരിണാവ് പുഴയില്‍ അറവുമാലിന്യം തള്ളിയതിനാണ് കല്യാശ്ശേരി പഞ്ചായത് അധികൃതര്‍ പിഴയിട്ടത്. തിങ്കളാഴ്ച രാവിലെ അറവുമാലിന്യം നിറച്ച ബകറ്റുകളുമായി ഇയാള്‍ ഇരിണാവ് പുഴയുടെ പഴയ അണക്കെട്ട് പാലത്തിലെത്തി മാലിന്യം പുഴയിലേക്ക് വലിച്ചെറിയുന്ന ദൃശ്യം പാലത്തിന് സമീപം സ്ഥാപിച്ച സി സി ടി വി കാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്നാണ് കല്യാശ്ശേരി പഞ്ചായത് നടപടി സ്വീകരിച്ചത്. മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മുന്നോട്ടു പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.