Sahal Abdul Samad | കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹല്‍ അബ്ദുല്‍ സമദ് വിവാഹിതനാവുന്നു; വധു ബാഡ്മിന്റന്‍ താരം റേസ ഫര്‍ഹത്
കൊച്ചി: (www.kasargodvartha.com) ഇന്‍ഡ്യന്‍ ഫുട്‌ബോളിന്റെയും ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെയും മുന്‍നിര താരം സഹല്‍ അബ്ദുല്‍ സമദ് വിവാഹിതനാവുന്നു. ബാഡ്മിന്റന്‍ താരം റേസ ഫര്‍ഹതാണ് സഹലിന്റെ ജീവിതപങ്കാളിയാകുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സും സഹലും ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടു.
'എന്റെ ജീവിതപങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞു. കാര്യങ്ങള്‍ ഞങ്ങള്‍ ഔദ്യോഗികമാക്കുകയും ചെയ്തു' വിവാഹ നിശ്ചയ ചിത്രത്തോടൊപ്പം സഹല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടേറെ ആരാധകരാണ് ഇരുവര്‍ക്കും ആശംസകള്‍ അര്‍പിക്കുന്നത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഫൈനലില്‍ എത്തിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സുപ്രധാന താരങ്ങളില്‍ ഒരാളായിരുന്നു സഹല്‍. ഫൈനലില്‍ പെനല്‍റ്റി ഷൂടൗടില്‍ ഹൈദരാബാദിനോടാണ് ബ്ലാസ്റ്റേഴ്‌സ് കീഴടങ്ങിയത്.
കഴിഞ്ഞ മാസം അഫ്ഗാനിസ്താനെതിരെ നടന്ന എഎഫ്സി കപ് യോഗ്യതാ റൗന്‍ഡ് മത്സരത്തില്‍ ഇന്‍ഡ്യയുടെ വിജയ ഗോള്‍ നേടിയതും സഹലാണ്.
കണ്ണൂര്‍ സ്വദേശിയായ സഹല്‍ യുഎഇയിലെ (UAE) അല്‍ഐനിലാണ് ജനിച്ചത്. എട്ടാം വയസില്‍ അബൂദബിയിലെ അല്‍-ഇത്തിഹാദ് സ്പോര്‍ട്സ് അകാഡമിയില്‍ ഫുട്‌ബോള്‍ കളിക്കാന്‍ ആരംഭിച്ചു. കേരളത്തിലെത്തിയ ശേഷം കണ്ണൂര്‍ യൂനിവേഴ്സിറ്റി തലത്തില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച വയ്ക്കുകയായിരുന്നു.