city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടെക്ക് ലോകത്ത് താരമായി മലയാളികള്‍; ഗുരുതര പിഴവുകള്‍ ശ്രദ്ധയില്‍പെടുത്തിയ മലയാളികള്‍ക്ക് ഗൂഗിളിന്റെ ഹോള്‍ ഓഫ് ഫെയിം ബഹുമതി

തിരുവനന്തപുരം: (www.kasargodvartha.com 27.05.2017) ഇനി എന്ത് സംശയമുണ്ടായാലും ഗൂഗിളില്‍ കേറാമെന്ന മോഹം വേണ്ട. ഗൂഗിളിന്റെ പിശക് തിരുത്തി ശ്രദ്ധാകേന്ദ്രമാവുകയാണ് കാസര്‍കോട് പിലിക്കോട്ടെ പ്ലസ് ടു വിദ്യാര്‍ത്ഥി ശ്രീനാഥ് രഘുനാഥ്. ഗൂഗിളിന്റെ വിവിധ സങ്കേതങ്ങളിലെ തെറ്റുകള്‍ കണ്ടെത്താന്‍ ലോകമാകെയുള്ള ഹാക്കര്‍മാര്‍ക്കും ടെക്കികള്‍ക്കും അവസരം നല്‍കാറുണ്ട്. ഇങ്ങനെ പ്രധാന പിഴവ് കണ്ടെത്തിയവര്‍ക്ക് 'ഹോള്‍ ഓഫ് ഫെയിം' അംഗീകാരവും പ്രതിഫലവും നല്‍കും. ഈ ബഹുമതിയാണ് ശ്രീനാഥിന് ലഭിച്ചത്.

ക്രോസ് സൈറ്റ് സ്‌ക്രിപ്റ്റിംഗിലെ ഗുരുതരമായ ഒരു ബഗ് കണ്ടെത്തിയാണ് ശ്രീനാഥ് രഘുനാഥ് ഹോള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ചത്. വെബ്‌സൈറ്റില്‍ മെല്‍ഷ്യസ് സ്‌ക്രിപ്റ്റ് റണ്‍ ചെയ്യാനാകുമെന്നാണ് ശ്രീനാഥ് കണ്ടെത്തിയത്. ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ പിഴവ് ഗൂഗിളിന്റെ ശ്രദ്ധയില്‍ പെടുത്തിയതിനാണ് ശ്രീനാഥിനെ അവാര്‍ഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

ടെക്ക് ലോകത്ത് താരമായി മലയാളികള്‍; ഗുരുതര പിഴവുകള്‍ ശ്രദ്ധയില്‍പെടുത്തിയ മലയാളികള്‍ക്ക് ഗൂഗിളിന്റെ ഹോള്‍ ഓഫ് ഫെയിം ബഹുമതി

ശ്രീനാഥിനെ കൂടാതെ വേറെയും മലയാളികള്‍ അവാര്‍ഡ് പട്ടികയിലുണ്ട്. കോഴിക്കോട് കൊടുവള്ളി സ്വദേശി കെ പി അക്ബര്‍, പയ്യന്നൂര്‍ വെള്ളോറ സ്വദേശിയായ വിജിത്ത്, ആറ്റിങ്ങല്‍ സ്വദേശി പതിനാറുകാരനായ അഭിഷേക്, ഇടുക്കിയിലെ ജൂബിറ്റ് ജോണ്‍ തുടങ്ങിയവരും ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കണ്ണൂരിലെ പ്രദീപ് സി കെ അലവില്‍ രണ്ട് തവണ ഈ അവാര്‍ഡ് നേടിയിട്ടുണ്ട്.

ഗൂഗിളിന്റെ ജനപ്രിയ സര്‍വീസ് ആയ ജി മെയിലെ വീഴ്ച കണ്ടെത്തിയാണ് അക്ബര്‍ താരമായത്. ഏതൊരു വ്യക്തിയുടെയും ജി മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുന്ന പിഴവാണ് അക്ബര്‍ കണ്ടെത്തിയത്. ജി മെയില്‍ ഹാക്ക് ചെയ്താല്‍ ഈ ഐഡി ഉപയോഗിച്ചുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഹാക്ക് ചെയ്യാന്‍ പറ്റുമെന്ന വന്‍ സുരക്ഷാ വീഴ്ചയാണ് അക്ബറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുത്തിയത്.

റിമോട്ട് കോഡ് എക്‌സിക്യൂഷന്‍ എന്ന ബഗ് കണ്ടെത്തിയാണ് അഭിഷേക് പട്ടികയില്‍ ഇടംപിടിച്ചത്. അംഗീകാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞവരില്‍ ഒരാളാണ് അഭിഷേക്. തമിഴ്‌നാട്ടില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ വിജിത്ത്, കേരള പോലീസിന്റെ സൈബര്‍ഡോമിലെ അസിസ്റ്റന്റ് കമാന്ററായും പ്രവര്‍ത്തിക്കുന്നു. ഗൂഗിള്‍ മാപ്പ്‌സിലെ സുരക്ഷാ പ്രശ്‌നമാണ് ഈ വിദ്യാര്‍ത്ഥി കണ്ടെത്തിയത്. ഗൂഗിള്‍ മാപ്പ്‌സിലൂടെ മറ്റുള്ളവരുടെ ലൊക്കേഷന്‍ ചോര്‍ത്താനാകുന്ന ഒരു ബഗാണ് വിജിത്ത് കണ്ടെത്തിയത്.

ലോകത്തിന്റെ വിവിധഭാഗങ്ങളിലായി ലക്ഷക്കണക്കിന് ടെക്കികളാണ് ബഗ്ഗുകള്‍ കണ്ടുപിടിക്കാന്‍ പരിശ്രമിക്കുന്നത്. ഓരോ പിഴവിനും അതിന്റെ നിലവാരത്തിനനുസരിച്ചാണ് ഹോള്‍ ഓഫ് ഫെയിം നല്‍കുന്നത്. ഈ മിടുക്കന്മാരുടെ വിവരങ്ങള്‍ ലോകത്തെ അറിയിക്കാന്‍ ഗൂഗിളിന്റെ പ്രത്യേക പേജുമുണ്ട്. കണ്ടെത്തലിനനുസരിച്ച് വലിയ പുരസ്‌കാരത്തുകയും ലഭിക്കും. ഹോള്‍ ഓഫ് ഫെയിമായി അംഗീകരിച്ച് ആഴ്ചകള്‍ക്ക് ശേഷമാകും പുരസ്‌കാരം എത്രയെന്ന് തീരുമാനിക്കുക.

ദുബൈ ജബല്‍ അലി സീ പോര്‍ട്ട് ജീവനക്കാരനായ രഘുനാഥന്റെയും സുജാതയുടെയും മകനായ ശ്രീനാഥ് പിലിക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് പ്ലസ്ടു പുര്‍ത്തിയാക്കി. സഹോദരി ശ്രുതി. സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയറ്റംഗം ടി വി ഗോവിന്ദന്റെ ചെറുമകനാണ്.

Keywords: Kerala, World, news, Top-Headlines, kasaragod, Pilicode, Thiruvananthapuram, Payyanur, Kannur, Award, Kasargod native wins Google vulnerability Reward Program

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia