Complaints | കണ്ണൂര്‍ അര്‍ബന്‍ നിധി തട്ടിപ്പ്: ശോഭ സുരേന്ദ്രന് പണം നഷ്ടപ്പെട്ട നിക്ഷേപകരില്‍ നിന്നും പരാതി സ്വീകരിച്ചു
Oct 28, 2023, 10:29 IST
കണ്ണൂര്‍: (KVARTHA) താവക്കരയിലെ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പിന് ഇരയായവരുടെ പ്രശ്നപരിഹാരത്തിനായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ഇടപെടുന്നു. പണം നഷ്ടപ്പെട്ട നൂറുകണക്കിനാളുകള്‍ നിറ കണ്ണുകളുമായി ശോഭാ സുരേന്ദ്രന് മുന്‍പിലെത്തിയതോടെയാണ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി രംഗത്തിറക്കിയത്. താവക്കരയില്‍ പ്രവര്‍ത്തിച്ചു വരുന്ന അര്‍ബ്ബന്‍ നിധി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് പണം നഷ്ടപ്പെട്ടവരില്‍ നിന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭാ സുരേന്ദ്രന് പരാതി സ്വീകരിച്ചു. ജീവിതകാലം മുഴുവന്‍ അധ്വാനിച്ച നേടിയ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട നൂറുകണക്കിനാളുകള്‍ നിറ കണ്ണുകളുമായാണ് ശോഭാ സുരേന്ദ്രന് മുന്നിലെത്തിയത്.
സംസ്ഥാന ഭരണം കൈയ്യാളുന്ന സിപിഎമും പ്രതിപക്ഷമായ കോണ്‍ഗ്രസും കൈവിട്ടതോടെ ബിജെപിയിലും കേന്ദ്ര അന്വേഷണ ഏജന്‍സികളിലും മാത്രമാണ് ഇനി ഏക പ്രതീക്ഷയെന്ന് ചടങ്ങില്‍ പരാതിയുമായി എത്തിയവര്‍ പറഞ്ഞു. തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ട മുന്നൂറോളം പേര് കേസ് കേന്ദ്ര അന്വേഷണ ഏജെന്‍സികളെ ഏല്‍പ്പിച്ച് നഷ്ടമായ പണം തിരിച്ച് ലഭിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശോഭാസുരേന്ദ്രന് നിവേദനം നല്കി. ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിദാസ്,കോര്പ്പറേഷന് കൗണ്‍സിലര്‍ വി കെ ഷൈജു തുടങ്ങി വിവിധ നേതാക്കള്‍ ശോഭാസുരേന്ദ്രനോടൊപ്പമുണ്ടായിരുന്നു.
അന്വേഷണത്തിന് കേന്ദ്ര അന്വേഷണ ഏജന്‍സികളെ എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പരാതി സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ശോഭാസുരേന്ദ്രന് പറഞ്ഞു. പണം നഷ്ടപ്പെട്ടവരുടെ തുക തിരിച്ച് നല്‍കാനോ സംസ്ഥാന ഭരണകൂടമോ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഭരണ-പ്രതിപക്ഷങ്ങള്‍ പണം നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ തയ്യാറാവാതെ വേട്ടക്കാരൊടൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട കേസും കേസന്വേഷണത്തിന്റെ സ്ഥിതിയും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
ജീവിതകാലം മുഴുവന്‍ അധ്വാനിച്ച് സമ്പാദിച്ച തുകയാണ് പലര്‍ക്കും നഷ്ടമായത്. നിക്ഷേപിച്ച തുക നഷ്ടപ്പെട്ട പലരും ജീവിതം മുന്നോട്ടു കൊണ്ടു പോകാനാവാതെ ബുദ്ധിമുട്ടുകയാണ്. കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്ന പരിപാടിയില്‍ ബിജെപി ജില്ലാ അധ്യക്ഷന്‍ എം ഹരിദാസ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ അര്‍ബന്‍ നിധി ഡെപോസിറ്റേഴ്സ് അസോസിയേഷന് പ്രസിഡണ്ട് അഡ്വ. അരുണ്‍കുമാര്‍, സെക്രടറി സി എന്‍ രാധാമണി, എം ജഗദീശന്, വേണുമാസ്റ്റര്‍, മധുസൂധനന്, മോഹനന് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ച കണ്ണൂര്‍ അര്‍ബന്‍ നിധി കമ്പനിയുമായി ബന്ധപ്പെട്ട് 300കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തുകയും ഒന്നര വര്‍ഷം മുമ്പ് സ്ഥാപനം പൊലീസ് സീല്‍ ചെയ്ത് പൂട്ടുകയും ചെയ്തിരുന്നു. കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച സ്ത്രീ ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരുടെ സ്വത്ത് കണ്ടുകെട്ടുകയുമുണ്ടായി. എന്നാല്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് പണം തിരികെ ലഭ്യമാക്കാനോ മറ്റ് തുടര്‍ നടപടികളും ഉണ്ടായില്ല.
Keywords: News, Kerala, Kannur Urban Nidhi Scam, Top-Headlines, Shobha Surendran, Complaints, Investors, Fraud, Police, Kannur Urban Nidhi Scam: Shobha Surendran received complaints from investors who lost money.