Kannur Airport | കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ആശ്വാസമായി ഹജ്ജ് തീര്‍ഥാടകര്‍; 2030 തീര്‍ഥാടകരില്‍ ഇതരസംസ്ഥാനക്കാരും
മട്ടന്നൂര്‍: (www.kasargodvartha.com) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ആശ്വാസമായി ഹജ്ജ് തീര്‍ഥാടകര്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഹജ്ജിന് യാത്ര പുറപ്പെട്ടത് 14 വിമാനങ്ങളിലായി 2030 തീര്‍ഥാടകരാണെന്ന് കിയാല്‍ അധികൃതര്‍ വിമാനത്താവളത്തില്‍ അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30-ന് 145 യാത്രക്കാരുമായി കണ്ണൂരില്‍ നിന്നുള്ള അവസാനത്തെ ഹജ്ജ് വിമാനം ജിദ്ദയിലേക്ക് പുറപ്പെട്ടു.
കഴിഞ്ഞ ജൂണ്‍ നാലിന് പുലര്‍ച്ചെയായിരുന്നു കണ്ണൂരില്‍ നിന്നുള്ള ആദ്യ ഹജ്ജ് സര്‍വീസ്. എയര്‍ ഇന്‍ഡ്യ എക്സ്പ്രസാണ് സര്‍വീസ് നടത്തിയത്. 795 പുരുഷന്‍മാരും 1285 സ്ത്രീകളുമാണ് കണ്ണൂര്‍ വിമാനത്താവളം വഴി ഹജ്ജിന് പോയത്. 13 സര്‍വീസുകളാണ് ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും ജൂണ്‍ 18-ന് ഒരു അധിക സര്‍വീസ് നടത്തി. മൂന്നു വിമാനങ്ങളില്‍ സ്ത്രീകള്‍ മാത്രമാണ് ഉള്‍പ്പെട്ടിരുന്നത്. കേരളം, കര്‍ണാടക സംസ്ഥാനങ്ങള്‍ക്ക് പുറമേ, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നും തീര്‍ഥാടകരുണ്ടായിരുന്നു.
വിമാനത്താവളത്തിലെ കാര്‍ഗോ കെട്ടിടത്തില്‍ മികച്ച സൗകര്യങ്ങളാണ് തീര്‍ഥാടകര്‍ക്ക് ഒരുക്കിയിരുന്നത്. കുറ്റമറ്റരീതിയില്‍ ഹജ്ജ് കാംപ് സംഘടിപ്പിക്കാന്‍ കഴിഞ്ഞത് വിമാനത്താവളത്തിനും നേട്ടമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കിയാല്‍ എംഡി വി വേണു വിമാനത്താവളത്തില്‍ അറിയിച്ചു.
Keywords: Kannur, News, Kerala, Mattanur, Hajj, Pilgrimage, Airport, Kannur airport and Hajj pilgrimage.