Criticized | തന്റെ വളര്‍ത്തുപട്ടി ബ്രൗണി പോലും ബിജെപിയില്‍ പോകില്ലെന്ന് കെ സുധാകരന്‍
* തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബന്ധം
* യുഡിഎഫ് പ്രവര്‍ത്തകരുടെ സ്നേഹവും കരുതലുമാണ് തന്നെ വളര്‍ത്തിയത്
കണ്ണൂര്‍: (KasargodVartha) തന്റെ വീട്ടിലെ പട്ടിയായ ബ്രൗണിപോലും ബിജെപിയില്‍ ചേരില്ലെന്ന് യുഡിഎഫ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി കെ സുധാകരന്‍ പറഞ്ഞു. യുഡിഎഫ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശ സമാപന റോഡ് ഷോയില്‍ കണ്ണൂര്‍ പ്ലാസയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
താന്‍ ബിജെപിയില്‍ ചേരുമെന്ന കള്ള പ്രചാരണമാണ് കഴിഞ്ഞ കുറെക്കാലമായി സിപിഎം നടത്തിവരുന്നത്. യാതൊരു ഉളുപ്പില്ലാതെ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. തന്റെ വീട്ടില്‍ ബ്രൗണിയെന്ന വളര്‍ത്തു പട്ടിയുണ്ട്. അതുപോലും ബിജെപിയില്‍ ചേരില്ല. പിന്നല്ലെ താന്‍ ചേരുന്നതെന്ന് പ്രവര്‍ത്തകരുടെ നിറഞ്ഞ കയ്യടിക്കുള്ളില്‍ സുധാകരന്‍ പറഞ്ഞു.
തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധം. ബിജെപിയും നരേന്ദ്ര മോദിയും സംരക്ഷിക്കുന്ന നേതാവാണ് പിണറായി വിജയന്‍. അതുകൊണ്ടാണ് ലാവ്ലിന്‍ കേസ് പല തവണ സുപ്രീം കോടതിയുടെ മുന്‍പാകെ വരുമ്പോഴും സിബിഐ അഭിഭാഷകന്‍ ഹാജരാവാതെ മാറ്റിവയ്ക്കപ്പെടുന്നത്. യുഡിഎഫ് പ്രവര്‍ത്തകരുടെ സ്നേഹവും കരുതലുമാണ് തന്നെ വളര്‍ത്തിയത്. ആ സ്നേഹം വിലമതിക്കാനാവാത്തതാണ്. താന്‍ ഇതുവരെ കാണാത്ത ജനക്കൂട്ടമാണ് തിരഞ്ഞെടുപ്പ് പ്രചാരണ സ്ഥലങ്ങളില്‍ കണ്ടുവന്നത്. യുഡിഎഫിന്റെ കരുത്തില്‍ കണ്ണൂര്‍ മണ്ഡലം ഇക്കുറിയും നില നിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളതെന്നും സുധാകരന്‍ പറഞ്ഞു.
ഇതിനിടെ തന്റെ വിശ്വസ്തന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി, പിഎ ബിജെപിയിലേക്ക് പോയി ഇനി എന്നാണ് ബോസും പോകുന്നതെന്നാണ് കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലെ ചോദ്യമെന്ന് സിപിഎം ജില്ല ആക്ടിങ് സെക്രടറി ടിവി രാജേഷ് കണ്ണൂര്‍ ഡിസിസി ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
ശാഖയ്ക്ക് കാവല്‍ നിന്നയാളാണ്. എപ്പോള്‍ വേണമെങ്കിലും ബിജെപിയിലേക്ക് പോകാന്‍ റെഡിയായി നില്‍ക്കുന്നയാളാണ്. ആര്‍ എസ് എസ് ബന്ധം മുസ്ലിംലീഗിനെ പോലും പ്രകോപിപ്പിച്ചിരിക്കുകയാണെന്നും ടി വി രാജേഷ് പറഞ്ഞു.
ജനകീയപ്രശ്‌നങ്ങളില്‍ ഉള്‍പെടെ മുഖംതിരിച്ചു നില്‍ക്കുന്ന എംപി മാര്‍ക്കെതിരെ ഈ തിരഞ്ഞെടുപ്പില്‍ വോട് ചെയ്യും. എല്‍ഡിഎഫ് കണ്ണൂര്‍, വടകര, കാസര്‍കോട് മണ്ഡലങ്ങളില്‍ തകര്‍പ്പന്‍ വിജയം തേടും. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി എം വി ജയരാജന്‍ പ്രചാരണത്തില്‍ ഏറെ മുന്നേറിയെന്നും ടിവി രാജേഷ് പറഞ്ഞു.