Controversy | മന്ത്രിസ്ഥാനം നിഷേധിച്ചു; ഇപ്പോള്‍ മഗ്‌സാസെ അവാര്‍ഡും; കെകെ ശൈലജ സിപിഎമിലെ കെആര്‍ ഗൗരിയമ്മയോ?
Sep 4, 2022, 16:19 IST
/ എം ജ്യോതിഷ്
കണ്ണൂര്‍: (www.kasargodvartha.com) ഒന്നാം പിണറായി മന്ത്രിസഭയിലെ മികച്ച പ്രകടനവും പിആര്‍ വര്‍കും മുഖ്യമന്ത്രിയുടെയും പാര്‍ടിയുടെയും കണ്ണിലെ കരടായി തന്നെ മുന്‍മന്ത്രി കെകെ ശൈലജയെ നിലനിര്‍ത്തുകയാണ്. ഒരു കാലത്ത് സിപിഎമില്‍ ഗൗരിയമ്മയോടുള്ള സമീപനം എങ്ങനെയാണോ അതിനുസമാനമായ അനുഭവങ്ങളാണ് കേന്ദ്രകമിറ്റി അംഗമായിട്ടും കെകെ ശൈലജ പാര്‍ടിക്കുള്ളില്‍ നേരിടുന്നതെന്നാണ് വിവരം. മട്ടന്നൂരില്‍ വീണ്ടും മത്സരിക്കാൻ തന്നെ അവര്‍ക്ക് അവസരം ലഭിച്ചത് പാര്‍ടി കേന്ദ്ര നേതൃത്വത്തിന്റെ അതിശക്തമായ ഇടപെടല്‍ കാരണമാണെന്നാണ് പറയുന്നത്.
രണ്ടാം പിണറായി മന്ത്രിസഭയില്‍ ഉള്‍പെടുത്തിയില്ലെന്നു മാത്രമല്ല പാര്‍ടി സമ്മേളനങ്ങളിലും ശൈലജയ്ക്ക് സംസ്ഥാന നേതൃത്വം വേണ്ടത്ര പരിഗണന കൊടുത്തതുമില്ല. പികെ ശ്രീമതിയെ സെക്രടറിയേറ്റില്‍ ഉള്‍ക്കൊള്ളിച്ചപ്പോള്‍ കേന്ദ്രകമിറ്റിയംഗമായിട്ടും കൂടി ശൈലജയെ മെയിന്‍ സ്ട്രീമിലേക്ക് കൊണ്ടുവരാതെ തഴഞ്ഞു. ഇപ്പോഴിതാ രണ്ടാം പിണറായി മന്ത്രിസഭയുടെ പുന:സംഘടന നടക്കുമ്പോള്‍ അഖിലേൻഡ്യ സെക്രടറി സീതാറാം യെച്ചൂരിയും പിബി അംഗം വൃന്ദാകാരാട്ടും ആവര്‍ത്തിച്ചു ആവശ്യപ്പെട്ടിട്ടും ശൈലജയെ മന്ത്രിസഭയുടെ ഏഴയയലത്തുപോലും അടുപ്പിക്കില്ലെന്ന വാശിയിലായിരുന്നു മുഖ്യമന്ത്രിയും അദ്ദേഹത്തെ അനുകൂലിക്കുന്നവരും.
തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്ന എംവി ഗോവിന്ദന്‍ പാര്‍ടി സെക്രടറിയായതിനെ തുടര്‍ന്ന് ഒഴിഞ്ഞ മന്ത്രിസ്ഥാനം കെകെ ശൈലജയ്ക്കു നല്‍കുമെന്ന അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും അപ്രതീക്ഷിതമായി നടത്തിയ നീക്കത്തിലൂടെ നിലവിലുള്ള സ്പീകര്‍ എംബി രാജേഷിനെ കാബിനറ്റിലേക്ക് കൊണ്ടുവരാനും തലശേരി എംഎല്‍എ ശംസീറിനെ സ്പീകറാക്കാനുമാണ് കുശാഗ്രബുദ്ധിയായ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും തീരുമാനിച്ചത്.
ഇതോടെ ശൈലജ പൂര്‍ണമായും തഴയപ്പെടുകയായിരുന്നു. മട്ടന്നൂര്‍ നഗരസഭയില്‍ സിറ്റിങ് സീറ്റായ ഏഴെണ്ണം എല്‍ഡിഎഫ് നഷ്ടപ്പെട്ടതോടെയാണ് കെകെ ശൈലജയ്‌ക്കെതിരെ പാര്‍ടിക്കുള്ളില്‍ അണിയറ നീക്കം ശക്തമായത്. നേരത്തെ താന്‍ മത്സരിച്ച മട്ടന്നൂര്‍ മണ്ഡലം കെകെ ശൈലജയ്ക്കു വിട്ടുകൊടുത്തത് എല്‍ഡിഎഫ് കണ്‍വീനറായ ഇപി ജയരാജന് ഇതുവരെ ഉള്‍ക്കൊള്ളാനായിട്ടില്ല. മാത്രമല്ല മട്ടന്നൂര്‍ പിറന്ന നാടാണെങ്കിലും മണ്ഡലത്തില്‍ ഇപിയെ അനുകൂലിക്കുന്നവരാണ്പ്രാദേശിക, ജില്ലാ നേതാക്കളില്‍ കൂടുതലും. നിലവിലെ എംഎല്‍എയായ ശൈലജയെ പിന്‍തുണയ്ക്കുന്നവര്‍ മണ്ഡലത്തില്‍ പ്രാദേശിക നേതാക്കള്‍ പോലും വളരെ കുറവാണ്.
വിമാനത്താവള നഗരമായ മട്ടന്നൂരില്‍ എല്ലാകാര്യങ്ങളും തീരുമാനിക്കുന്നത് ഇപി ജയരാജനെ അനുകൂലിക്കുന്നവരാണെന്ന കാര്യം അണിയറ രഹസ്യമാണ്. എന്നാല്‍ സംസ്ഥാനത്ത ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച കെകെ ശൈലജ ഭൂരിപക്ഷം കൂട്ടിയത് യുഡിഎഫ് സ്ഥാനാർഥിത്വം മരുന്നിന് പോലും മട്ടന്നൂരിലെടുക്കാനില്ലാത്ത ഘടകകക്ഷി പാര്‍ടിക്ക് മത്സരിക്കാൻ വിട്ടുകൊടുത്തതാണെന്ന ആരോപണം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് സ്ഥാനാർഥിയായി ജനകീയനായ ചന്ദ്രന്‍ തില്ലങ്കേരി മത്സരിച്ചിരുന്നുവെങ്കില്‍ നല്ലപോരാട്ടം നടത്താന്‍ കഴിയുമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥി നിര്‍ണയത്തിലെ അതൃപ്തി കാരണം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വലിയൊരുവിഭാഗം വിട്ടുനിന്നിരുന്നു. ഇതാണ് ഇപിക്ക് പകരം മത്സരിച്ച ശൈലജയ്ക്കു വോട് കൂടാന്‍ കാരണമെന്നാണ് ഒരുവിഭാഗം പറയുന്നത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു ഒന്നരവര്‍ഷം പിന്നിടുമ്പോള്‍ വന്ന മട്ടന്നൂര്‍ നഗരസഭയില്‍ ഭരണം നിലനിര്‍ത്തിയെങ്കിലും ഏഴുസിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെട്ടത് എല്‍ഡിഎഫിനെ നയിക്കുന്ന സിപിഎമിന് തിരിച്ചടിയായി. ഇതില്‍ പാര്‍ടി ഗ്രാമങ്ങളെന്ന് അറിയപ്പെടുന്ന പെരിഞ്ചേരിയില്‍ നേരത്തെ നഗരസഭാ ചെയര്‍മാനായ വേളയില്‍ കെകെ ശൈലജയുടെ ഭര്‍ത്താവ് ഭാസ്‌കരന്‍ മാസ്റ്റര്‍ മത്സരിച്ച വിജയിച്ച വാര്‍ഡും കൂടിയും ഉള്‍പെടും. ഇതോടെ പാര്‍ടിക്കുള്ളില്‍ തന്നെ കെകെ ശൈലജയ്‌ക്കെതിരെ പ്രചാരണം കൊടുമ്പിരികൊള്ളുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ പാര്‍ടി അനുഭാവികള്‍ തന്നെ കെകെ ശൈലജയെ വിമര്‍ശിച്ചുകൊണ്ടു രംഗത്തു വന്നത് അസാധാരണ സാഹചര്യം സൃഷ്ടിച്ചു. ഈസാഹചര്യത്തിലാണ് കോവിഡ്, നിപാ കാലത്ത് മന്ത്രിയെന്ന നിലയില്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കെകെ ശൈലജയെ അന്താരാഷ്ട്ര പുരസ്‌കാരമായ മഗ്‌സാസെ അവാര്‍ഡിന് ശൈലജയെ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ സാമ്രാജ്യത്വത്തിന്റെ പ്രതീകമെന്ന് അറിയപ്പെടുന്ന മഗ്‌സാസെയുടെ പേരിലുള്ള പുരസ്‌കാരം ഒരു ഇടതുവിപ്ലവ പാര്‍ടിയുടെ നേതാവായ കെകെ ശൈലജ വാങ്ങിക്കേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. നേരത്തെ ശാസ്ത്ര സാഹിത്യ പരിഷത് ഉള്‍പെടെയുള്ള സംഘടനകള്‍ മഗ്‌സാസെ അവാര്‍ഡ് സ്വീകരിച്ചിട്ടുണ്ടെങ്കിലും സിപിഎം സര്‍കാരില്‍ മന്ത്രിയായ കെകെ ശൈലജ സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനം വരും ദിനങ്ങളില്‍ പാര്‍ടിക്കുളളില്‍ തന്നെ വിവാദമാകുമെന്നാണ് സൂചന.
Keywords: Controversy over Magsaysay Award for KK Shailaja, Kerala,Kannur,news,Top-Headlines,Controversy,Politics,Pinarayi-Vijayan,Social-Media,Award,UDF,KK Shailaja, Mattannur, CPM.