Court Verdict | ജയിൽ ചാടിയ പ്രതിയെ കണ്ടെത്താനെത്തിയ പൊലീസിനെ അക്രമിച്ചെന്ന കേസ്: പ്രതികളുടെ ശിക്ഷ കോടതി ശരിവെച്ചു
കാസർകോട്: (www.kasargodvartha.com) കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ജയിൽ ചാടിയ പെരിയാട്ടടുക്കം റിയാസിനെ കുറിച്ച് അന്വേഷിക്കാനെത്തിയപ്പോൾ എസ് ഐയെയും പൊലീസുകാരെയും ആക്രമിച്ച് പരിക്കേൽപിച്ചെന്ന കേസിൽ കാസർകോട് സബ് കോടതിയുടെ ശിക്ഷ ജില്ലാ കോടതിയും ശരിവെച്ചു.
മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ ആയിരുന്ന എം രാജേഷ്, സീനിയർ സിവിൽ ഓഫീസർ ഇസ്മാഈൽ, ഡ്രൈവറും സിപിഒയുമായ വിജയൻ എന്നിവരെ അക്രമിച്ചെന്ന കേസിലാണ് ഒന്നാം പ്രതി അബ്ദുൽ ആരിഫ് എന്ന അച്ചു (38), രണ്ടാം പ്രതി മുഹമ്മദ് റഫീഖ് (38) എന്നിവർക്ക് കാസർകോട് സബ് കോടതി വിധിച്ച മൂന്ന് വർഷം കഠിന തടവും 10000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ ഒരു മാസം അധികം തടവും ശരിവെച്ചത്.
ശിക്ഷയ്ക്കെതിരെ പ്രതികൾ സമർപിച്ച അപീൽ തള്ളിയാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) ജഡ്ജ് എ വി ഉണ്ണികൃഷ്ണനാൻ കീഴ് കോടതി വിധി ശരിവെച്ചത്. പെരിയാട്ടടുക്കം റിയാസിന്റെ സുഹൃത്തിന്റെ വീട്ടിൽ പ്രതി എത്താൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 2012 ജനുവരി 22ന് എസ് ഐ രാജേഷും സംഘവും മംഗൽപാടിയിൽ വാടക ക്വർടേഴ്സിൽ എത്തിയത്. അപ്പോഴാണ് ആരിഫും റഫീഖും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേരും ആക്രമിച്ച് പരിക്കേൽപിച്ചതെന്നാണ് പരാതി.