Arrested | 'തലശേരി ഇരട്ടക്കൊലക്കേസില്‍ മുഖ്യപ്രതി പാറായി ബാബു പിടിയില്‍'; ഓടോറിക്ഷയും കസ്റ്റഡിയില്‍
കണ്ണൂര്‍: (www.kasargodvartha.com) തലശേരി ഇരട്ടക്കൊലക്കേസില്‍ മുഖ്യപ്രതി നിട്ടൂര്‍ സ്വദേശി പാറായി ബാബു പിടിയില്‍. കണ്ണൂര്‍ ഇരിട്ടിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്ക് രക്ഷപ്പെടാന്‍ സഹായം നല്‍കിയ തലശ്ശേരി സ്വദേശികളായ മൂന്നുപേരും പിടിയിലായിട്ടുണ്ട്.
പ്രതികള്‍ എത്തിയ ഓടോറിക്ഷ പിണറായിയിലെ സന്ദീപ് എന്നയാളുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അഞ്ച് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ ദേശീയപാതയിലായിരുന്നു നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്.
ലഹരി മാഫിയ സംഘത്തിന്റെ തലവനാണ് പിടിയിലായിരിക്കുന്ന പാറായി ബാബുവെന്ന് പൊലീസ് പറഞ്ഞു. തലശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി വില്‍പന സംഘത്തിലെ പ്രധാന കണ്ണിയാണ് പാറായി ബാബുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇയാളുടെ വീട്ടില്‍ ഉള്‍പെടെ കഴിഞ്ഞദിവസം രാത്രി പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു.
കഴിഞ്ഞദിവസം പൊലീസിന്റെ പിടിയില്‍നിന്ന് തലനാരിഴയ്ക്കാണ് ബാബു രക്ഷപ്പെട്ടത്. ഇയാള്‍ക്കായി കര്‍ണാടകത്തിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിനിടയിലാണ് ഇയാള്‍ ഇരിട്ടിയില്‍ നിന്ന് പിടിയിലായത്. തലശ്ശേരി എഎസ്പി നിതിന്‍ രാജിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് പ്രതിക്കായുള്ള അന്വേഷണം നടത്തിയത്.
നിട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ ഖാലിദ് (52), സഹോദരീ ഭര്‍ത്താവ് പൂവനായി ശമീര്‍ (40) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ നിട്ടൂര്‍ സാറാസില്‍ ശാനിബ് (29) ആശുപത്രിയില്‍ ചികിത്സയിലാണ്. ഖാലിദ് മത്സ്യത്തൊഴിലാളിയും ശമീര്‍ ചുമട്ടുതൊഴിലാളിയുമാണ്. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് ഇരുവരും മരിച്ചത്.
ലഹരി വില്‍പനയുമായി ബന്ധമുള്ളവരാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. വാഹന ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കവും സംഭവത്തിന് പിന്നിലുണ്ടെന്നാണ് പൊലീസിന്റെ സംശയം. ബാബുവിനു പുറമെ സംഭവവുമായി ബന്ധമുള്ള ഭാര്യാ സഹോദരന്‍ ജാക്‌സന്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു. ഇവരെ നേരത്തേതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
നാടിനെ നടുക്കിയ ആക്രമണമാണ് വീനസ് കോര്‍ണറില്‍ ഉണ്ടായത്. ലഹരി വില്‍പന ചോദ്യംചെയ്തതിന് ശമീറിന്റെ മകന്‍ ശിബിലിനെ ബുധനാഴ്ച ഉച്ചയ്ക്ക് ഒരാള്‍ മര്‍ദിച്ചിരുന്നു. പരുക്കേറ്റ ശിബിലിനെ ആശുപത്രിയില്‍ എത്തിച്ചതറിഞ്ഞത് ലഹരിസംഘത്തില്‍ ഉള്‍പെട്ട ഒരാളും ഇവിടെയെത്തി.
തുടര്‍ന്ന് പ്രശ്‌നങ്ങളെല്ലാം പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് ഖാലിദ് അടക്കമുള്ളവരെ ആശുപത്രിക്ക് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെവെച്ച് സംസാരിക്കുന്നതിനിടെയാണ് ലഹരിസംഘം വാഹനത്തില്‍ കരുതിയിരുന്ന കത്തിയുമായി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഖാലിദിന്റെ കഴുത്തിനാണ് ആദ്യം വെട്ടേറ്റത്. തടയാന്‍ ശ്രമിച്ചപ്പോള്‍ ശമീറിനെയും സുഹൃത്തായ ശാനിബിനെയും അക്രമിസംഘം വെട്ടിപരുക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഖാലിദിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട്ടെ ആശുപത്രിയില്‍വെച്ചാണ് ശമീര്‍ മരിച്ചത്. പരുക്കേറ്റ ശാനിബ് സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
Keywords: Parayi Babu, Main Accused In Thalassery Murder Arrested, Kannur, News, Accused, Arrested, Murder, Top-Headlines, Kerala.