ഇ ബുള്‍ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റ്; സര്‍കാര്‍ സംവിധാനങ്ങളെ ഭീക്ഷണിപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റിട്ടവര്‍ക്കെതിരെയും കേസെടുത്ത് സൈബര്‍ പൊലീസ്
കണ്ണൂര്‍: (www.kasargodvartha.com 19.08.2021) ഇ ബുള്‍ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനിടെ പ്രകോപനപരമായി പോസ്റ്റിട്ടവരും കുടുങ്ങും. ഇവരെ അറസ്റ്റ് ചെയ്ത സമയത്ത് സര്‍കാര്‍ സംവിധാനങ്ങളെ ഭീക്ഷണിപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തവര്‍ക്കെതിരെയും കണ്ണൂര്‍ സൈബര്‍ പൊലീസ് കേസ് എടുത്തു. പ്രകോപനപരമായ വിഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയുണ്ടാകും. ഇത്തരത്തിലുള്ള അകൗണ്ടുകള്‍ നിരീക്ഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.
നേരത്തെ കലാപത്തിന് ആഹ്വാനം ചെയ്തതിന് കൊല്ലത്തും ആലപ്പുഴയിലും ഇ ബുള്‍ജെറ്റ് വ്‌ലോഗേഴ്‌സിന്റെ രണ്ട് കൂട്ടാളികള്‍ക്കെതിരെ കേസെടുത്തിരുന്നു. കണ്ണൂര്‍ മോടോര്‍ വാഹന വകുപ്പ് ഓഫീസിന് മുന്നില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് തടിച്ചുകൂടിയതിന് ഇവരുടെ 17 കൂട്ടാളികള്‍ക്കെതിരെയും കേസെടുത്തിരുന്നതാണ്.
പൊലീസ് മനഃപൂര്‍വം തങ്ങളെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും മയക്കുമരുന്ന് മാഫിയയും ചില ഉദ്യോഗസ്ഥരുമാണ് ഇതിന് പിന്നില്ലെന്നും കഴിഞ്ഞ ദിവസം ഇ ബുള്‍ജെറ്റ് സഹോദരന്മാരായ എബിനും ലിബിനും ആരോപിച്ചിരുന്നു. ചില മാഫിയകള്‍ ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയാണ് തങ്ങളെ കുടുക്കിയത്. അറിവില്ലായ്മയെ ചൂഷണം ചെയ്യ്തിട്ടാണ് നിയമ സംവിധാനങ്ങള്‍ തങ്ങളെ ക്രൂശിക്കുന്നതെന്നും ഇവര്‍ ആരോപിച്ചിരുന്നു. കഞ്ചാവിനെതിരെ പ്രചാരണം നടത്തിയ തങ്ങളെ കഞ്ചാവ് സംഘമായി പൊലീസ് പ്രചരിപ്പിക്കുന്നു. കെട്ടിച്ചമച്ച തെളിവുണ്ടാക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നുവെന്ന് ഇവര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഇവരുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് നടപടി ആരംഭിച്ചിരുന്നു.
വാഹന മോഡിഫികേഷനുമായി ബന്ധപ്പെട്ടുള്ള പിഴ അടക്കാന്‍ വിസമ്മതിച്ചതോടെ ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ക്കെതിരെ എം വി ഡി കുറ്റപത്രം നല്‍കിയിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതടക്കം 10ലേറെ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ആഗസ്റ്റ് 9നാണ് ആര്‍ ടി ഒ ഓഫീസിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇരിട്ടി സ്വദേശികളും ഇ ബുള്‍ജെറ്റ് എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തരുമായ എബിന്‍, ലിബിന്‍ എന്നിവരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
Keywords: News, Kerala, Kannur, Top-Headlines, Arrest, Social-Media, Case, Police, Arrest of E Bull Jet brothers; Cyber police registered case against those who posted provocatively in social media