ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പിന് പിന്നാലെ പയ്യന്നൂരിലെ അമാന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; ലഭിച്ചത് 22 പരാതികള്‍; ആറ് കേസുകള്‍
കണ്ണൂര്‍: (www.kasargodvartha.com 15.11.2020) പയ്യന്നൂരിലെ അമാന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിനെതിരെ കൂടുതല്‍ പരാതികള്‍ എത്തുന്നു. 22 പരാതികളാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. കോടി കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക നിഗമനം.
ലഭിച്ച പരാതികളില്‍ ഏഴെണ്ണം വിദേശത്ത് നിന്നാണ്. ലക്ഷങ്ങള്‍ നിക്ഷേപമായി വാങ്ങി തിരിച്ചു കൊടുത്തില്ലെന്നാണ് പരാതി. എന്നാല്‍ പലര്‍ക്കും പണം തിരിച്ചു വേണം എന്നു മാത്രമാണ് ആവശ്യം. അതിനാല്‍ ചില പരാതികളില്‍ കൂടുതല്‍ പരിശോധന നടത്തിയ ശേഷമേ തുടര്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്ന് പോലീസ് പറയുന്നു.
ജ്വല്ലറിക്കെതിരായ പരാതികളുടെ എണ്ണം 22 ആയെങ്കിലും ആറ് കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലഭിച്ച പരാതികള്‍ പ്രകാരം ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ജ്വല്ലറി ഡയറക്ടര്‍മാരില്‍ ചിലര്‍ വിദേശത്താണ്. ഇവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനിടെ ജ്വല്ലറി എം ഡി പി കെ മൊയ്തു ഹാജി ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
2016 മുതല്‍ 2019 വരെ പയ്യന്നൂരിലെ പെരുമ്പയില്‍ പ്രവര്‍ത്തിച്ച അമാന്‍ ഗോള്‍ഡ് ജ്വല്ലറിയാണ് ഫാഷന്‍ ഗോള്‍ഡ് മാതൃകയില്‍ തട്ടിപ്പ് നടത്തിയതായി പരാതി ഉയര്‍ന്നത്. 2019ല്‍ ജ്വല്ലറി അടച്ച ശേഷം നിക്ഷേപകര്‍ക്ക് പണം തിരികെ കിട്ടിയില്ല. തുടര്‍ന്ന് ജ്വല്ലറി എം ഡി പികെ മൊയ്തു ഹാജി നേരിട്ടെത്തി പണം നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും ലഭിക്കാതെ വന്നതോടെയാണ് നിക്ഷേപകര്‍ പോലീസിനെ സമീപിച്ചു തുടങ്ങിയത്.
Keywords: Kannur, Payyannur, News, Kerala, Fraud, Top-Headlines, Jewellery, Gold, Police, complaint, case, Aman Gold investment scam in Payyanur after fashion gold scam