AI camera | എ ഐ കാമറ വീണ്ടും പണിപറ്റിച്ചു; തളിപ്പറമ്പിലെ വയോധികന് ഇല്ലാത്ത നിയമലംഘനത്തിന്റെ പേരില്‍ നോടീസ്
കണ്ണൂര്‍: (KasargodVartha) എ ഐ കാമറ (AI camera) വീണ്ടും തെറ്റായ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെ വെട്ടിലായത് തളിപ്പറമ്പിലെ വാഹന ഉടമയായ വയോധികനും കുടുംബവും. മോടോര്‍ വാഹന നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ (Thaliparamba Police Station) പരിധിയിലെ മുഹമ്മദ് കുഞ്ഞിക്ക് (Muhammed Kunhi) വന്ന നോടീസില്‍ (Notice) വന്ന ഫോടോ (Photo) കണ്ട് ഞെട്ടിയിരിക്കുകയാണ് മുഹമ്മദ് കുഞ്ഞിയും, വീട്ടുകാരും, പ്രദേശവാസികളും.
കെ എല്‍ 53 ടി 8232 എന്ന സ്‌കൂടറില്‍ (Scooter) രണ്ടു പേര്‍ സഞ്ചരിക്കുന്നതും അതില്‍ പിറകിലിരുന്ന സ്ത്രീ ഹെല്‍മറ്റ് (Helmet) ധരിക്കാത്തതിനാല്‍ എ ഐ കാമറ ഫോടോ പകര്‍ത്തുകയും, ആ ഫോടോ സഹിതം പിഴയടക്കാനുള്ള നോടീസ് അയച്ചതോ കെഎല്‍ 59 ടി 8232 നമ്പര്‍ ഉടമയായ മുഹമ്മദ് കുഞ്ഞിക്കും. നിയമം ലംഘിച്ചത് കെ എല്‍ 53 ടി 8232 ആണെന്ന് വ്യക്തമായി കാണുന്നുണ്ടെങ്കിലും പിഴയടക്കാനുളള നോടീസില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.
നിയമം ലംഘിച്ച കെ എല്‍ 53 ല്‍ തുടങ്ങുന്ന ആര്‍ സി നമ്പറുള്ള വാഹനത്തിന് പകരമാണ് കെഎല്‍ 59 ല്‍ തുടങ്ങുന്ന ആര്‍ സി നമ്പറുള്ള മുഹമ്മദ് കുഞ്ഞിയ്ക്ക് പിഴ നോടീസ് ലഭിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ പരാതിയുമായി മുഹമ്മദ് കുഞ്ഞി മോടോര്‍ വാഹനവകുപ്പിനെ സമീപിച്ചിട്ടുണ്ടെങ്കിലും തിരുത്തല്‍ നടപടിയൊന്നുമെടുത്തിട്ടില്ല.