കാസർകോട്ട് അടക്കം മൂന്ന് ജില്ലകളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ 60 കാരൻ പിടിയിൽ
Apr 7, 2022, 23:42 IST
ആദൂർ: (www.kasargodvartha.com 07.04.2022) കാസർകോട് ഉൾപെടെ മൂന്ന് ജില്ലകളിലെ നിരവധി കവർചാ കേസുകളിൽ പ്രതിയായ 60കാരൻ ആദൂർ പൊലീസിന്റെ പിടിയിലായി. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ തോമസ് എന്ന തൊമ്മനെയാണ് ആദൂർ പ്രിൻസിപൽ എസ്ഐ ഇ രത്നാകരൻ പെരുമ്പളയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി ആദൂർ ബസ് സ്റ്റോപിന് സമീപം സംശയകരമായ സാഹചര്യത്തിൽ നിൽക്കുകയായിരുന്ന തൊമ്മനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. സ്ഥലത്തെത്തിയ എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തൊമ്മനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ആദൂർ പള്ളത്തെ ഹസൈനാറിന്റെ കടയുടെ പൂട്ട് പൊളിച്ച് 500 രൂപയും ആദൂർ പഞ്ചക്കടവ് പള്ളിയുടെ ഭണ്ഡാരം കുത്തിതുറന്ന് പണവും മോഷ്ടിച്ചതായി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് ഈ രണ്ട് കേസുകളിലും തൊമ്മന്റെ അറസ്റ്റ് രേഖപ്പെടുത്തി.
കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ തൊമ്മൻ കവർചകൾ നടത്തിയതായി പൊലീസ് പറഞ്ഞു. ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനുകളിലും തൊമ്മനെതിരെ മോഷണ കേസുകൾ നിലവിലുണ്ട്. പ്രധാനമായും ക്ഷേത്ര ഭണ്ഡാരങ്ങളും പള്ളി ഭണ്ഡാരങ്ങളും കുത്തിതുറന്നാണ് ഇയാൾ കൂടുതലും കവർചകൾ നടത്തുന്നതെന്ന് പൊലീസ് വ്യക്തമാക്കി. മോഷണമുതൽ വിറ്റ് കിട്ടുന്ന പണം കൊണ്ട് കർണാടകയിലും മറ്റും പോയി ധൂർത്തടിക്കുന്നതാണ് പ്രതിയുടെ രീതിയെന്നും പൊലീസ് പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
Keywords: News, Kerala, Kasaragod, Top-Headlines, Accused, Arrest, Theft, Robbery-case, District, Adhur, Police, Kannur, Wayanad, 60-year-old accused in theft cases arrested.
< !- START disable copy paste -->