508 കോടിയുടെ സമഗ്ര ആരോഗ്യ ശുചിത്വ പദ്ധതി: അവലോകനയോഗം വ്യാഴാഴ്ച
Nov 23, 2011, 18:23 IST
ജില്ലയിലെ എം.പി.മാരും എം.എല്‍.എ.മാരും പദ്ധതി നിര്‍വ്വഹണ ഉദേ്യാഗസ്ഥരും പങ്കെടുക്കുന്ന യോഗത്തില്‍ സമഗ്ര ആരോഗ്യ ശുചിത്വ പദ്ധതിക്ക് രൂപം നല്‍കുന്നതാണ്. ജില്ലയിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, ജില്ലാ പഞ്ചായത്ത് എന്നിവ സമര്‍പ്പിച്ച കരട് പദ്ധതികള്‍ എം.പി.മാരും എം.എല്‍.എ.മാരും പദ്ധതി നിര്‍വ്വഹണ ഉദേ്യാഗസ്ഥരും അടങ്ങുന്ന വിദഗ്ദ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ വിലയിരുത്തി വരുന്ന അഞ്ചുവര്‍ഷത്തേക്കുള്ള സമഗ്ര ആരോഗ്യ ശുചിത്വ പദ്ധതി രൂപീകരിക്കുകയാണ് ലക്ഷ്യം.
ജില്ലയിലെ ആരോഗ്യരംഗത്തെ മാറിയ അവസ്ഥയായ ജീവിതശൈലീ രോഗങ്ങളുടെ വര്‍ദ്ധനവ്, നിയന്ത്രണവിധേയമാക്കിയ രോഗങ്ങളുടെ തിരിച്ചുവരവ്, പുതിയതരം രോഗങ്ങളുടെ പ്രത്യക്ഷപ്പെടല്‍, വര്‍ദ്ധിച്ചുവരുന്ന വൃദ്ധജനസംഖ്യ, കൂടിവരുന്ന ആത്മഹത്യാ പ്രവണത, അപകടങ്ങള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍, നഗരവല്‍ക്കരണ-മാലിന്യ-കുടിവെള്ള പ്രശ്‌നങ്ങള്‍, സ്വകാര്യ ചികിത്സാരംഗത്തെ വര്‍ദ്ധനവ്, കൂടിയ ചികിത്സാ ചെലവ്, പൊതുജനാരോഗ്യപ്രശ്‌നങ്ങള്‍, സാന്ത്വന ചികിത്സാ ചെലവ് തുടങ്ങിയവയ്ക്ക് പരിഹാരം കണ്ടെത്തുന്ന നിരവധി പദ്ധതികള്‍ കരട് പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഏകദേശം രണ്ടുമാസമായി ഗ്രാമ, നഗര തലങ്ങളില്‍ സമഗ്രമായ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷം ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി മുന്‍ഗണനാക്രമം നിശ്ചയിച്ചാണ് ആരോഗ്യമേഖലയിലും അനുബന്ധമേഖലകളിലും കരട് പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്.
സംസ്ഥാനതലത്തില്‍ തിരുവനന്തപുരത്തും മേഖലാതലത്തില്‍ വയനാട്ടിലും നടന്ന ശില്പശാലകളില്‍ പങ്കെടുത്ത ഡോക്ടര്‍മാരുള്‍പ്പെടുന്ന മുപ്പതോളം വരുന്ന ഉദേ്യാഗസ്ഥരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി 855 പ്രൊജക്ടുകള്‍ക്കുവേണ്ടി 508 കോടി രൂപയുടെ കരട് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
Keywords: Kannur, crore, heath project, meet