Grand Reception | മുന്‍ ഡി വൈ എഫ് ഐ നേതാവിന്റെ ഭാര്യയുടെ സ്‌കൂടര്‍ പെട്രോളൊഴിച്ച് കത്തിച്ചെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്ക് വന്‍ സ്വീകരണം ഒരുക്കി പാര്‍ടി
തിങ്കളാഴ്ച വൈകിട്ടോടെ ജയില്‍ മോചിതരായ മൂവര്‍ക്കും സിപിഎം പടന്ന ലോകല്‍ സെക്രടറി പികെ പവിത്രന്റെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്
പ്രതികളെ ഹാരമണിയിച്ചും വാദ്യമേളങ്ങളുമായും പടക്കം പൊട്ടിച്ചും ആനയിച്ചു
പടന്ന: (KasargodVartha) പടന്ന തെക്കേക്കാട് മുന്‍ ഡി വൈ എഫ് ഐ നേതാവിന്റെ ഭാര്യയുടെ സ്‌കൂടര്‍ പെട്രോളൊഴിച്ച് കത്തിച്ചെന്ന കേസില്‍ റിമാന്‍ഡ് കാലാവധിക്ക് ശേഷം ജയില്‍ മോചിതരായ പ്രതികള്‍ക്ക് സിപിഎം ലോകല്‍ കമിറ്റിയുടെ നേതൃത്വത്തില്‍ ഗംഭീര സ്വീകരണം ഒരുക്കിയതായി ആക്ഷേപം.
സിപിഎം അനുഭാവിയും മുന്‍ ബ്ലോക് പഞ്ചായത് അംഗവും ഡി വൈ എഫ് ഐ നേതാവുമായിരുന്ന കരിന്തളം കാട്ടിപ്പൊയില്‍ ആയുര്‍വേദ ആശുപത്രി ഉദ്യോഗസ്ഥനായ തെക്കേക്കാട്ടെ പിപി രവിയുടെ ഭാര്യ കെ പ്രീജയുടെ സ്‌കൂടര്‍ പെട്രോളൊഴിച്ച് കത്തിച്ചെന്ന കേസിലെ പ്രതികള്‍ക്കാണ് പാര്‍ടി സ്വീകരണമൊരുക്കിയത് എന്ന ആക്ഷേപമാണ് ഉയര്‍ന്നത്.
സിപിഎം ബ്രാഞ്ച് കമിറ്റി അംഗങ്ങളായ പിവി ഹരീഷ്, പിവി ശ്രീജേഷ്, സഞ്ജയ് സി വി എന്നിവരാണ് പ്രീജയുടെ സ്‌കൂടര്‍ കത്തിച്ചെന്ന കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്നത്.
തിങ്കളാഴ്ച വൈകിട്ടോടെ ജയില്‍ മോചിതരായ മൂവര്‍ക്കും സിപിഎം പടന്ന ലോകല്‍ സെക്രടറി പികെ പവിത്രന്റെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്. തിങ്കളാഴ്ച സന്ധ്യയ്ക്ക് തെക്കേക്കാട് ബണ്ട് പരിസരത്ത് നടന്ന സ്വീകരണത്തില്‍ തീവെപ്പ് കേസിലെ പ്രതികളെ ഹാരമണിയിച്ചും വാദ്യമേളങ്ങളുമായും പടക്കം പൊട്ടിച്ചുമാണ് സ്വീകരിച്ച് നാട്ടിലേക്ക് ആനയിച്ചതെന്നും ആക്ഷേപമുണ്ട്.
പിപി രവിയുടെ കാല് വെട്ടുമെന്ന ഭീഷണിയടക്കം ഉന്നയിച്ചുകൊണ്ടായിരുന്നു പ്രകടനം എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്് പി സി സുബൈദ, സിപിഎം അംഗം രമണന്‍, ലോകല്‍ കമിറ്റി അംഗം ആര്‍ ഷാജി എന്നിവരും സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു.
സിപിഎം അനുഭാവിയായ പിപി രവി ഉള്‍പെടെയുള്ളവര്‍ തെക്കേക്കാട് മുത്തപ്പന്‍ മടപ്പുരയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പാര്‍ടി പ്രാദേശിക നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുകയും ഇത് കേസിലേക്കും മറ്റ് പ്രശ്‌നങ്ങളിലേക്കും വലിച്ചിഴക്കുകയും ചെയ്തിരുന്നു. ഇത് മധ്യസ്ഥ ചര്‍ചയിലൂടെ പരിഹരിക്കാന്‍ ശ്രമങ്ങളൊന്നും നടന്നിരുന്നില്ല. എംഎല്‍എ അടക്കം ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പ്രാദേശിക നേതൃത്വം വഴങ്ങിയിരുന്നില്ല.
തീവെപ്പ് കേസില്‍ റിമാന്‍ഡിലായവര്‍ നിരപരാധികളാണെന്നും, യഥാര്‍ഥ പ്രതികളെ പൊലീസ് കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് സിപിഎം പടന്ന ലോകല്‍ കമിറ്റിയുടെ നേതൃത്വത്തില്‍ ചന്തേര പൊലീസ് സ്റ്റേഷനിലേക്ക് കഴിഞ്ഞാഴ്ച മാര്‍ച് നടത്തിയിരുന്നു.