കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടിക്കെതിരെ മുസ്‌ലിം ലീഗ് അവിശ്വാസം കൊണ്ടുവരും
Mar 26, 2015, 14:57 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26/03/2015) കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടിക്കെതിരെ മുസ്‌ലിം ലീഗ് അവിശ്വാസം കൊണ്ടുവരും. മുസ്‌ലിം ലീഗ് നഗരസഭാ പാര്‍ലിമെന്ററി ബോര്‍ഡ് കമ്മിറ്റിയാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതിന് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി അനുമതി നല്‍കി.
Keywords: Prabhakaran Muslim League, Kanhangad Municipality, Kerala, Kasaragod.
Advertisement:
അലാമിപ്പള്ളി രാജ് റസിഡന്‍സിക്ക് ബാര്‍ ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ട് വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടിയെ കോണ്‍ഗ്രസില്‍നിന്നും കെ.പി.സി.സി. പുറത്താക്കിയിരുന്നു. തുടര്‍ന്ന് വൈസ് ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. പ്രഭാകരന്‍ ലീഗ് കൗണ്‍സിലര്‍മാരുടെ ആവശ്യങ്ങള്‍ക്ക് എതിര് നില്‍ക്കുകയും വിവേചനം കാണിക്കുകയും ചെയ്യുന്നുവെന്ന് പരാതി ഉര്‍ന്നിരുന്നു.
കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇതിന്റെ പേരില്‍ രണ്ട് ലീഗ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയിരുന്നു. ഇതേ തുടര്‍ന്നാണ് വൈസ് ചെയര്‍മാനെ അവിശ്വാസത്തിലൂടെ പുറത്താക്കാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചത്. വ്യാഴാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് അതിഥി മന്ദിരത്തില്‍ ലീഗ് കൗണ്‍സിലര്‍മാരുടെയും നേതാക്കളുടെയും യോഗം അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത് സംബന്ധിച്ച് ധാരണയിലെത്തി. യു.ഡി.എഫ്. ഒറ്റക്കെട്ടായി പ്രഭാകരനെതിരെ അവിശ്വാസം കൊണ്ടുവരാനാണ് ആലോചന. പ്രഭാകരന്‍ വാഴുന്നോറടി ബജറ്റ് അവതരിപ്പിക്കുന്ന മാര്‍ച്ച് 29 ന് മുമ്പ് അവിശ്വാസം കൊണ്ടുവരാനാണ് ലീഗിന്റെ തീരുമാനമെന്ന് അറിയുന്നു.
പ്രഭാകരന്‍ |
മുസ്‌ലിം ലീഗിന്റെ അവിശ്വാസ നീക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസിലെ ഏഴ് കൗണ്‍സിലര്‍മാരെയും ഡി.സി.സി. പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍ വ്യാഴാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് അതിഥി മന്ദിരത്തിലേക്ക് വിളിപ്പിച്ച് കൂടിയാലോചന നടത്തി. കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗവും വൈകിട്ട് ചേരും. ആകെയുള്ള 43 അംഗ കൗണ്‍സിലില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ 15 അംഗങ്ങളുടെ പിന്തുണ വേണം.
മുസ്‌ലിം ലീഗിന് നിലവില്‍ 11 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് ഏഴ് അംഗങ്ങളും നിലവിലുണ്ട്. 43 അംഗ കൗണ്‍സിലില്‍ അവിശ്വാസം പാസാകണമെങ്കില്‍ 22 പേരുടെ പിന്തുണ വേണം. ലീഗ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ സി.പി.എം. അനുകൂലിക്കുമെന്നാണ് വിവരം.
Advertisement: