CCTV | വീട്ടില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച് സ്വര്‍ണം കവര്‍ന്നുവെന്ന കേസിലെ പ്രതിയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു; അറസ്റ്റ് ഉടന്‍; ഡി ഐ ജി വീണ്ടും സ്ഥലം സന്ദര്‍ശിച്ചു
കാഞ്ഞങ്ങാട്: (KasargodVartha) വീട്ടില്‍ ഉറങ്ങി കിടന്ന പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച് സ്വര്‍ണം കവര്‍ന്നുവെന്ന കേസിലെ പ്രതി ഒടുവില്‍ പിടിയിലായി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ എടുത്തു കൊണ്ടുപോയി ഒരു കിലോമീറ്റര്‍ ദൂരെയുള്ള പറമ്പില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം 13,000 രൂപ വിലവരുന്ന കമ്മല്‍ ഊരിയെടുത്തശേഷം അവിടെ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു.
പ്രതിയുടെ അറസ്റ്റ് വെള്ളിയാഴ്ച തന്നെ വാര്‍ത്താസമ്മേളനം വിളിച്ച് ഡിഐജി അറിയിക്കുമെന്നാണ് ലഭ്യമായ വിവരം. ഇതിന്റെ മുന്നോടിയായി ഡിഐജിയും ജില്ലാ പൊലീസ് മേധാവിയും വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ സംഭവസ്ഥലം വീണ്ടും സന്ദര്‍ശിച്ച് പരിശോധനയും വിലയിരുത്തലും നടത്തി. പാന്റും ഷര്‍ട്ടും ധരിച്ച യുവാവ് പുലര്‍ചെ മൂന്ന് മണിക്ക് പെണ്‍കുട്ടിയുടെ വീടിന്റെ അടുത്തുകൂടി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
നേരത്തെ കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചപ്പോള്‍ 'ഞങ്ങള്‍ക്ക് രണ്ട് ദിവസം സമയം തരൂവെന്ന് അന്വേഷണ സംഘം കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചിരുന്നു. കാഞ്ഞങ്ങാട് ഡി വൈ എസ് പി വിവി ലതീഷ്, മുന്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പിയും ഇപ്പോള്‍ കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയുമായ പി ബാലകൃഷ്ണന്‍ നായര്‍, മുന്‍ ബേക്കല്‍ ഡി വൈ എസ് പിയും ഇപ്പോള്‍ കണ്ണൂര്‍ നര്‍കോടിക്ക് സെല്‍ ഡി വൈ എസ് പിയുമായ സി കെ സുനില്‍ കുമാര്‍, ഹൊസ്ദുര്‍ഗ് സിഐ എം പി ആസാദ്, ഹൊസ്ദുര്‍ഗ് എസ് ഐ അഖില്‍, സെയ്ഫുദ്ദീന്‍ തുടങ്ങി 20 അംഗ അന്വേഷണ സംഘമാണ് പ്രതിക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ഏര്‍പ്പെട്ടത്.
നാടിനെ നടുക്കിയ സംഭവം നടന്നതിന് പിന്നാലെ തന്നെ ലഹരിക്ക് അടിമകളായ ഏഴിലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ മൂന്ന് പേരെ കൂടുതല്‍ ചോദ്യം ചെയ്യാനായി നിര്‍ത്തുകയും മറ്റുള്ളവരെ വിട്ടയക്കുകയും ചെയ്തിരുന്നു. പ്രതിയുടെ പോകറ്റില്‍ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും 10 ന്റെയും രണ്ട് നോടുകള്‍ കുട്ടിയെ ഉപേക്ഷിച്ച സ്ഥലത്ത് നിന്നും പൊലീസ് നായ എത്തിയപ്പോള്‍ കണ്ടെത്തിയിരുന്നു.