മാംഗോഫെസ്റ്റ് ഇടതുപക്ഷ മേളയാക്കി; മന്ത്രി ഉദ്ഘാടനം ബഹിഷ്‌ക്കരിച്ചു
May 19, 2012, 15:56 IST
മന്ത്രിയുടെ സൗകര്യാര്‍ത്ഥം മാംഗോഫെസ്റ്റിന്റെ ഉദ്ഘാടന പരിപാടി ശനിയാഴ്ച നടത്താനാണ് നിശ്ചയിച്ചത്. എന്നാല്‍ തന്റെ സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥഭരണത്തില്‍ മനംമടുത്ത കൃഷി മന്ത്രി കെപി മോഹനന്‍ മാംഗോഫെസ്റ്റ് ഉദ്ഘാടനം ചെയ്യാനെത്തില്ല. പകരം പി. കരുണാകരന്‍ എംപിയായിരിക്കും ഇന്നുച്ചയ്ക്ക് മാംഗോ ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുക.
പൊതുജന പങ്കാളിത്തത്തോടുകൂടി നടത്തപ്പെടേണ്ട മാംഗോഫെസ്റ്റ് ഇടതുപക്ഷ മേളയായി ഉദ്യോഗസ്ഥര്‍ മാറ്റിയതില്‍ യുഡിഎഫിനും മറ്റും കടുത്ത അമര്‍ഷമുണ്ട്. എംപി ഉദ്ഘാടനംചെയ്യുന്ന ചടങ്ങില്‍ അധ്യക്ഷതവഹിക്കുന്നത് കാഞ്ഞങ്ങാട് എംഎല്‍എ ഇ. ചന്ദ്രശേഖരനാണ്.
വിപണനമേള കെ. കുഞ്ഞിരാമന്‍ എംഎല്‍എയും കാര്‍ഷിക പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളദേവിയും ഉദ്ഘാടനംചെയ്യും. ആഗ്ലോക്ലിനിക്കിന്റെ ഉദ്ഘാടനം നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ വി. ഗൗരിയാണ് നിര്‍വഹിക്കുന്നത്. ഇതോടെ പച്ചമാങ്ങകളുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കെല്ലാം ചുവപ്പ് നിറമാണ് കൈവരുന്നത്. നേതാക്കളുടെ ഉദ്ഘാടന പരിപാടികള്‍ക്കൊപ്പം മാംഗോഫെസ്റ്റിന്റെ വിജയത്തിനായി ഇടതുപക്ഷ പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്. ഫെസ്റ്റിന് മുന്നോടിയായി നീലേശ്വരത്തുനിന്നും പടന്നക്കാട്ടേക്ക് നടത്തിയ വിളംബര ജാഥയില്‍ അണിനിരന്നതും ചുവപ്പ് സേന തന്നെ. മാമ്പഴങ്ങളും മാവിന്‍തൈകളും മറ്റു ഉല്‍പന്നങ്ങളുടെ വില്‍പനയ്ക്കായി തയ്യാറാക്കിയ സ്റ്റാളുകളും ചുവപ്പ് മയമാണ്. ചടങ്ങിലേക്ക് ഭരണകക്ഷി പ്രമുഖരെ ക്ഷണിക്കുന്നതില്‍ ഉദ്യോഗസ്ഥതലത്തില്‍ വന്‍ വീഴ്ച സംഭവിച്ചതായി വിമര്‍ശനമുണ്ട്.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, തദ്ദേശസ്വയംഭരണവകുപ്പ് എന്നിവ കൂടി കൃഷി വകുപ്പിനെ കൂടാതെ അണിനിരക്കുന്ന മലബാര്‍ മാംഗോ ഫെസ്റ്റിവലില്‍ സംസ്ഥാനം ഭരിക്കുന്നവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്താതെ ഉദ്യോഗസ്ഥര്‍ ചുവപ്പ് മേളയാക്കി മാറ്റിയെന്നാണ് ആരോപണം.
Keywords: Kasaragod, Kanhangad, Festival, Minister K.P Mohanan