Hosdurg Police | 'രണ്ട് ദിവസം സമയം തരൂ...' കാഞ്ഞങ്ങാട്ട് ഉറങ്ങി കിടന്ന പെണ്‍കുട്ടിയെ തട്ടികൊണ്ടുപ്പോയി പീഡിപ്പിച്ച് സ്വര്‍ണം കവര്‍ന്ന പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പൊലീസ്
*10 വയസുകാരിയാണ് അതിക്രമത്തിനിരയായത്.
*പ്രതിയെ പിടികൂടുകയെന്നത് കേരള പൊലീസിന്റെ അഭിമാന പ്രശ്‌നം.
*ഉത്തരമേഖല ഡിഐജി തോംസണ്‍ ജോസിന്റെയും ജില്ലാ പൊലീസ് മേധാവി പി ബിജോയിയുടെയും നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പ്രത്യേക അന്വേഷണം.
*സംശയാസ്പദമായി കണ്ട 7 പേരെ അറസ്റ്റ് ചെയ്തു.
കാഞ്ഞങ്ങാട്: (KasargodVartha) 'ഞങ്ങള്‍ക്ക് രണ്ട് ദിവസം സമയം തരൂ...' കാഞ്ഞങ്ങാട്ട് ഉറങ്ങി കിടന്ന പെണ്‍കുട്ടിയെ തട്ടികൊണ്ടുപ്പോയി പീഡിപ്പിച്ച് സ്വര്‍ണം കവര്‍ന്ന പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥലം മാറ്റിയ രണ്ട് ഡി വൈ എസ് പിമാരെ തിരികെ വിളിച്ച് അന്വേഷണ ചുമതല നല്‍കി. പ്രതികളെ ഉടന്‍ പിടികൂടാന്‍ എല്ലാ നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. വീട്ടിനകത്ത് പോലും കുഞ്ഞുങ്ങള്‍ക്ക് കിടന്നുറങ്ങാന്‍ കഴിയുന്നില്ലെന്ന സമൂഹത്തില്‍ നിന്നും ഉയരുന്ന ചോദ്യങ്ങള്‍ക്ക് നിയമപാലകര്‍ തന്നെയാണ് ഉത്തരം നല്‍കേണ്ടത്.
ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയാണ് അതിക്രമത്തിനിരയായത്. കുട്ടിയെ തട്ടിക്കൊണ്ടുപ്പോയി പീഡിപ്പിച്ച് സ്വര്‍ണം കവര്‍ന്ന സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചു കളഞ്ഞ സംഭവത്തില്‍, പ്രതിയെ പിടികൂടുകയെന്നത് കേരള പൊലീസിന്റെ അഭിമാന പ്രശ്‌നമായികണ്ട് ഊണും ഉറക്കവും ഒഴിഞ്ഞുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്.
ഉത്തരമേഖല ഡി ഐ ജി തോംസണ്‍ ജോസിന്റെയും ജില്ലാ പൊലീസ് മേധാവി പി ബിജോയിയുടെയും നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ തിരയുന്നത്. കാഞ്ഞങ്ങാട് പൊലീസ് ടീം പ്രത്യേക യോഗം ചേര്‍ന്നു. കാഞ്ഞങ്ങാട് ഡി വൈ എസ് പി ലതീഷ്, ഡി വൈ എസ് പിമാരായ സി കെ സുനില്‍കുമാര്‍, പി ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.
ബുധനാഴ്ച (15.05.2024) രാത്രിമുതല്‍ നേരം പുലരുംവരെ ഡി വൈ എസ് പിമാരുടെയും സി ഐ എം പി ആസാദ്, എസ് ഐമാരായ അഖില്‍, എം ടി പി സൈഫുദ്ദീന്‍, എസ് പിയുടെ സ്‌ക്വാഡില്‍പെട്ട പൊലീസുകാരടക്കം 20 അംഗങ്ങളടങ്ങുന്ന സംഘം രാത്രിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്റെ തീരമേഖലയില്‍ അന്വേഷണം നടത്തി.
രാത്രി സംശയ സാഹചര്യത്തില്‍ കറങ്ങി നടന്നവരെയെല്ലാം പൊക്കി. സംശയാസ്പദമായി കണ്ട ഏഴ് പേരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവരെ ചോദ്യം ചെയ്ത് വിട്ടയച്ചു. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന് സമീപം കണ്ട മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരാളെയും ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്റെ കിഴക്കന്‍ പ്രദേശത്തുനിന്ന് ഒരാളെയും പിടികൂടി. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും രണ്ട് പേരെയും പടിഞ്ഞാറ് ഭാഗത്തുനിന്ന് രണ്ട് പേരെയും പടന്നക്കാട് മേല്‍പാലത്തിനടിയില്‍ സംശയ സാഹചര്യത്തില്‍ കണ്ട മറ്റൊരു യുവാവ് അടക്കം മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.
ജില്ലാ പൊലീസ് മേധാവി പി ബിജോയി വ്യാഴാഴ്ച വീണ്ടും സംഭവസ്ഥലം സന്ദര്‍ശിച്ചു. പ്രതി കടന്നു പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ എല്ലാം നിരീക്ഷണ വിധേയമാക്കി. പ്രദേശത്തെ ചിലരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സമീപപ്രദേശത്തുള്ള എല്ലാ സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണെന്നും സൈബര്‍ സെല്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രദേശത്തെ മൊബൈല്‍ ടവര്‍ ലൊകേഷന്‍ പരിധിയില്‍ വന്നിരുന്ന മൊബൈല്‍ ഫോണ്‍ വിവരങ്ങളെല്ലാം പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.